മൂന്നു പെണ്ണുങ്ങളുടെ കഥ
കഥ
സതീജ വി.ആര്‍.
'ഇനി കാക്കണോ... എട്ത്താലോ... നേരം വൈകാതിരിക്കണതാണേ നല്ലത്... ആ കുട്ടി വര്വോ...'
'വരും .... ഇ1ന്നലെ കമ്പി കൊട്ത്ത് ' രാമന്‍ നായര്‍ പറഞ്ഞു
'അതിപ്പം എബ് ടാ....'
അതിന് രാമന്‍ നായര്‍ മറുപടി പറഞ്ഞില്ല. അതിനയാള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.. മരിച്ചാലും സാവിത്രിക്കുഞ്ഞമ്മ അവരുടെ യജമാനത്തിയും അയാള്‍ അവരുടെ വിശ്വസ്തനായ ഭൃത്യനുമായിരുന്നു..മനുഷ്യര്‍ മരിക്കുന്നുവെന്നുകരുതി ബന്ധങ്ങള്‍ മരിക്കുമെന്നയാള്‍ കരുതുന്നില്ല..
'വരും.' രാമന്‍ നായര്‍ ഉറപ്പിച്ചു.
പിന്നെയും അംബാട്ടിക്കുഞ്ഞമ്മയെയും കാത്ത് സാവിത്രിക്കുഞ്ഞമ്മ മരിച്ച് ചമഞ്ഞ് കിടന്നു , നേരത്തോട് നേരം വരെ .
'ഇനി വയ്യ.... എട്ക്കാം.... 'മാര്‍ക്കണ്ഡേയന്‍ നായര്‍ പറഞ്ഞു.
രാമന്‍ നായര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല... ശവദാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. .അരിയും തുളസിപ്പൂവും തീര്‍ത്ഥവുമെത്തി... ശ്രാദ്ധ ക്കാരന്‍ കൈയ്യുകള്‍ കഴുകി.
അപ്പോഴാണ് തെക്കേ പാടത്തേക്കുള്ള ചെമ്മണ്‍ വഴിയിലൂടെ ഒരു മോപ്പഡ്ഓടിക്കിതച്ചെത്തിയത്. അംബാട്ടി കുഞ്ഞമ്മയുടെ ആ വരവ് മയിലാടും പാറയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു.. അക്കാലം വരെ മൈലാടുംപാറയിലെ ഒരു പെണ്ണും മോപ്പഡ് ഓടിച്ചിരുന്നില്ല.. പിന്നില്‍ പന്ത്രണ്ടു വയസ്സോളം പ്രായം വരുന്ന കുട്ടിയെയുമിരുത്തി വശങ്ങളിലും പിന്നിലുമായി രണ്ട് പെട്ടികളും രണ്ട് തുകല്‍ ബാഗുകളും കെട്ടിച്ചേര്‍ത്ത്‌പൊടിയും വെയിലുമേറ്റ് കരുവാളിച്ച് മുഷിഞ്ഞ ഉടുപ്പും കാല്‍സറായിയുമിട്ട് അഴുക്കും മെഴുക്കും പിടിച്ച് പാറിപ്പറന്ന് ചെമ്പിച്ച മുടിയുമായി ആ ആള്‍ക്കൂട്ടത്തില്‍ അപരിചിതയെപ്പോലെ അവര്‍ നിന്നു.
തീവണ്ടിയാപ്പീസീന്ന് താസില്‍ദാരോടും ഭാര്യയോടുമൊപ്പം യാത്ര പറഞ്ഞു പോയ അംബാട്ടിക്കുഞ്ഞമ്മയാണ് അതെന്നു വിശ്വസിക്കാന്‍ മൈലാടും പാറക്കാര്‍ തയ്യാറായില്ല. അവരുടെ അംബാട്ടിക്കുഞ്ഞമ്മ മോപ്പഡ് ഓടിക്കയോ. കഴുത്തറ്റം മുടി ക്രോപ്പ് ചെയ്യയോ കാല്‍സറായിയും ഷര്‍ട്ടും ധരിക്കയോ.. ചെയ്യാത്തവളായിരുന്നു. ആളുകള്‍ മൂക്കത്ത് വിരല്‍ വച്ചു കൊണ്ട് തള്ളണോ കൊള്ളണോ എന്ന ചിന്താഭാരത്തോടെ മാറി നില്‌ക്കേല രാമന്‍ നായര്‍ നന്നാട്ടെ ചന്ദ്രനെയും രാമനെയും കൂടെ കൂട്ടി മോപ്പഡില്‍ ചേര്‍ത്തു കെട്ടിയിരുന്ന തുകല്‍ ബാഗുകളും പെട്ടിയും അഴിച്ചെടുത്ത് വീടിനുള്ളിലേക്ക് അവരെ നയിച്ചു.
നീണ്ടു ചുരുണ്ട മുടിയില്‍ മുല്ലപ്പു ചൂടി നെറ്റിയില്‍ വരമഞ്ഞള്‍ക്കുറി വരച്ച് കീഴേടത്ത് ദേവി ക്ഷേത്രത്തീന്ന് ഇറങ്ങി വരുന്ന അമ്പാട്ടി കുഞ്ഞമ്മയെ ഇന്നലെക്കണ്ട ഓര്‍മ്മയായിരുന്നു വായനശാലയിലെ മരബഞ്ചില്‍ കുത്തിയിരുന്ന് വാര്‍ദ്ധക്യം ആസ്വദിച്ചു തീര്‍ക്കുന്ന സഹദേവപ്പണിക്കരുടേത്.തഹസില്‍ദാര്‍ ഓഫീസില്‍ ഗുമസ്തനായിരുന്ന കോരുതിന്റെ ഓര്‍മ്മയുടെ മടക്കുകളില്‍ അംബാട്ടിക്കുഞ്ഞമ്മയുടെ നീണ്ടു ചുരുണ്ട കേശ ഭാരം ഒരു കരിംപാത്തിയെപ്പോലെ ചുറ്റു പിണഞ്ഞ് കിടന്നിരുന്നു.
തഹസില്‍ദാരെയും ഭാര്യയെയും യാത്രയയക്കാന്‍ കോരുതും പോയിരുന്നു, തീവണ്ടി ആപ്പീസില്‍. തെക്കേ പാടത്തെ സാവിത്രി കുഞ്ഞമ്മ നോമ്പു നോറ്റും ഉരുളി കമഴ്ത്തിയും ഉണ്ടായ ഏക സന്താനത്തെ പരദേശിയായ ഒരു തഹസില്‍ദാര്‍ക്കും ഭാര്യയ്ക്കും ദത്തിന് നല്‍കിയതിലെ ഔചിത്യം ആര്‍ക്കും ബോധിച്ചിരുന്നില്ല. മാര്‍ക്കണ്ഡേയന്‍ നായര്‍ ശക്തമായിഎതിര്‍ത്തുവെങ്കിലും സാവിത്രി കുഞ്ഞമ്മ തീരുമാനത്തില്‍ നിന്നും തെല്ലും പിന്നോട്ട് പോയില്ല. എന്നിട്ടും തീവണ്ടി ആപ്പീസിലെ സിമന്റ് ബഞ്ചിലിരുന്ന് അമ്മയും മകളും വണ്ടിയെത്തുവോളം കെട്ടിപ്പിടിച്ച് കരഞ്ഞു. പുറപ്പെടാന്‍ നേരം ഹൃദയം നുറുങ്ങിപ്പോകുന്ന വേദനയോടെ മകളെ നെഞ്ചില്‍ നിന്നും അടര്‍ത്തിമാറ്റി തഹസില്‍ ദാരുടെ ഭാര്യയെ ഏല്പിച്ച് രാമന്‍ നായര്‍ ഓടിക്കുന്ന അംബാസഡറിന്റെ പിന്‍സീറ്റിലിരുന്ന് സാവിത്രി കുഞ്ഞമ്മ ഏങ്ങലടിച്ചു കരഞ്ഞു.
മാര്‍ക്കണ്ഡേയന്‍ നായര്‍ തീവണ്ടി ആപ്പീസില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. സാവിത്രി കുഞ്ഞമ്മ വീട്ടിലെത്തിയപ്പോഴേക്കും അയാള്‍ പെട്ടിയും കിടക്കയുമെടുത്ത് തെക്കേപ്പാടത്ത് നിന്നും ഇറങ്ങി തീവണ്ടി ആപ്പീസില്‍ കടല വിറ്റു നടന്ന സരസൂനോടൊപ്പം പൊറുതി തുടങ്ങിയിരുന്നു.
കുട്ടികളില്ലാത്ത തഹസില്‍ദാരും ഭാര്യയും അമ്പാട്ടി കുഞ്ഞമ്മയെ ദത്തെടുത്തതാണെന്നും പഠിക്കാന്‍ മിടുക്കിയായ അമ്പാട്ടി കുഞ്ഞമ്മയെ നല്ല കോളേജില്‍ പഠിപ്പിക്കുന്നതിലേക്കാണ് അവരോടൊപ്പം അയച്ചത് എന്നും മാര്‍ക്കണ്ഡേയന്‍ നായരുടെ ഒടപ്പിറന്നോളുടെ മകനായ ചന്ദ്രശേഖരന്‍ നായരെക്കൊണ്ട് അംബാട്ടിക്കുഞ്ഞമ്മയെ കെട്ടിക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചതതിനാലാണ് ദൂരേക്ക് അയച്ചതെന്നുമുള്ള പല വിധ കാരണങ്ങളാണ് മൈലാടും പാറക്കാര്‍ അംബാട്ടിക്കുഞ്ഞമ്മയെ തഹസില്‍ദാര്‍ക്കൊപ്പം അയച്ചതിനു പിന്നിലെ കാരണങ്ങളായി കഥകള്‍ മെനെഞ്ഞെടുത്തത് .മൈലാടും പാറക്കാരുടെ കഥകളില്‍ പുറമേ സാധു പ്രകൃതക്കാരനായ മാര്‍ക്കേണ്ഡയന്‍ നായര്‍ പോലും ക്രൂരനും ദുഷ്ടനുമായ പിതാവായും അവതരിപ്പിക്കപ്പെട്ടു. സാവിത്രി കുഞ്ഞമ്മയാകട്ടെ ഒന്നിനോടും പ്രതികരിക്കാതെ ,ഇതൊന്നും അറിഞ്ഞതായി പോലും ഭാവിക്കാതെ കീഴേടത്ത് അമ്പലത്തില്‍ കുളിച്ചു തൊഴുതും നാട്ടുകാരോട് നഗരത്തിലെ മുന്തിയ കോളേജില്‍ പഠിക്കുന്ന മകളുടെ ഗുണ ഗണങ്ങള്‍ വാഴ്ത്തിയും താസില്‍ദാരും ഭാര്യേം അവള്‍ക്കു വേണ്ടി മാറ്റി വയ്ക്കുന്ന അളവറ്റ വാത്സല്യത്തെപ്പറ്റി മേനി പറഞ്ഞും സന്തുഷ്ടയായി കാണപ്പെട്ടു. മരണ വീടുകളിലും കല്യാണ ഇടങ്ങളിലും അവര്‍ നഗരത്തിലെ കോളേജില്‍ പഠിക്കുന്ന മിടുക്കിയായ മകളുടെ അമ്മയായി സ്വയം അവരോധിക്കപ്പെട്ടു.
ഒരു മണ്ഡലക്കാലത്ത് രാവിലത്തെ കുളിച്ചു തൊഴലും കഴിഞ്ഞ് കീഴേടത്ത് നടയിറങ്ങി തെക്കേ പാടത്തിന്റെ മതിലകത്തേക്ക് കടന്ന അവരെ പിന്നെ പുറത്തേക്കാരും കണ്ടതേയില്ല.. അവിടേക്കെന്നല്ല ഒരിടത്തേക്കും പോകാനായി തേക്കേപ്പാടത്ത് വീടിന്റെ പടിപ്പുര അവര്‍ ഇറങ്ങിയില്ല. വിഷാദത്തിന്റെ പാട മൂടിയ കണ്ണുകളുമായി അവര്‍ തെക്കേപ്പാടത്ത് വീട്ടിലും വളപ്പിലുമായി പ്രാഞ്ചി നടന്നു. യാത്ര മുടങ്ങിയ അംബാസഡര്‍ കാര്‍ ഷെഡില്‍ കിടന്ന് തുരുമ്പു് പിടിക്കാന്‍ തുടങ്ങിയിട്ടും രാമന്‍ നായര്‍ ഡ്രൈവറായിത്തന്നെ തുടര്‍ന്നു. മൈലാടും പാറയിലെ പൊതു ഇടങ്ങളില്‍ സാവിത്രിക്കുഞ്ഞമ്മ എന്ന പേരു് തുരുമ്പരിച്ചു കിടന്നു.. തറവാട്ടു കുളത്തിന്റെ പായല്‍പ്പടവില്‍ വഴുതി വീണ് ബോധം പോയ സാവിത്രി കുഞ്ഞമ്മയുടെ കഥയ്ക്ക്, രാമന്‍ നായര്‍ എത്ര ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടും,നൗഷാദിന്റെ ചായക്കടയില്‍ പോലും ന്യൂസ് വാല്യു കിട്ടാതെ പോയി.
എന്നാല്‍ ആ വീഴ്ചയോടെ ശയ്യാവലംബിയായ അവരുടെ മൂത്രവും മലവുമെടുക്കാന്‍ കപ്പലണ്ടിക്കാരി സരസു തെക്കേപ്പാടത്ത് എത്തിയ സംഭവം വലിയ പ്രാധാന്യത്തോടെ നൗഷാദിന്റെ കടയില്‍ മാത്രമല്ല അമ്പല മുറ്റത്തും വായനശാലയിലും എന്നു വേണ്ട മയിലാടും പാറയുടെ മുക്കിലും മൂലയിലും ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു. മരിക്കുന്നതിന്റെ തലേന്നാളുവരേം ഒരേ കിടപ്പു കിടന്ന സാവിത്രി കുഞ്ഞമ്മയെ കാണാന്‍ മകള്‍ എത്തുമോ എന്ന മൈലാടും പാറക്കാരുടെ ചോദ്യത്തിനും അമ്മയുടെ കിടപ്പ് മകള്‍ അറിഞ്ഞോയെന്ന അന്വേഷണത്തിനും രാമന്‍ നായര്‍ വ്യക്തമായിട്ടൊന്നും പറഞ്ഞില്ല. എന്തു തന്നെയായാലും മകള്‍ അമ്മയെ കാണാന്‍ വന്നില്ല. .മാര്‍ക്കണ്ഡേയന്‍ നായര്‍ ഭാര്യയെ കാണാനും.
മരണത്തിന്റെ തലേന്നാള്‍ തളര്‍ന്നു കിടന്ന കൈയ്യും കാലും വര്‍ദ്ധിച്ച ഊര്‍ജ്ജത്തോട വെട്ടി നിവര്‍ത്തി കിടക്കയില്‍ എണീറ്റിരുന്നു കൊണ്ട് സാവിത്രി കുഞ്ഞമ്മ രാമന്‍ നായരെ കൈയ്യാട്ടി വിളിക്കുകയും കാല്‍പ്പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന മേല്‍വിലാസമെഴുതിയിരുന്ന ഒരു തുണ്ട് കടലാസ് തപ്പിയെടുത്ത് അയാളെ ഏല്പിക്കയും ചെയ്തുു
അന്ന് സരസൂനെ ക്കൊണ്ട് മലവും മൂത്രവും കഴുകിച്ചില്ല. സ്വന്തമായിത്തന്നെ കുളിയും തേവാരവും കഴിച്ച് ,ചന്ദനപ്പൊട്ടും തൊട്ടു് മേല്‍വിലാസവുമായി പോസ്റ്റോഫീസില്‍ പോയ രാമന്‍ നായര്‍ ടെലഗ്രാം കൊടുത്ത് മടങ്ങിയെത്തിയോ എന്ന് സരസൂനോട് പലയാവര്‍ത്തി ചോദിച്ചു.. കൊണ്ട് അയാള്‍ മടങ്ങിയെത്തുന്നതുവരെ അരപ്ലേസിലെ ഒരു തൂണില്‍ ചാരി വഴിയിലേക്ക് കണ്ണും നട്ടിരുന്നു. സരസു വിളക്ക് കൊളുത്തിയപ്പോള്‍ കൂടെയിരുന്ന് നാമം ജപിച്ചു. .രാമന്‍ നായരും സരസുവും അതു കണ്ട് ഒരുമിച്ച് കണ്ണീര്‍ തുടച്ചു. .സരസൂനെക്കൊണ്ട് മര അലമാരയില്‍ അലക്കി തേച്ചു വച്ചിരുന്ന കസവ് മുണ്ടുകളും വേഷ്ടികളും ഒന്നൊന്നായി പുറത്തേയ്‌ക്കെടുപ്പിച്ചു... ചിട്ടയായി അടുക്കി വെച്ചു. .ഒന്നു മാത്രം മാറ്റിവച്ചു.
' ഇതെന്റെ കല്യാണപ്പൊടവയാ... അത് നീ എട്ക്കണ്ടാ... ബാക്ക്യക്കൊ നെനക്കൊള്ള താ'
രണ്ടോ മൂന്നോ ചുവന്ന പട്ടുകിഴികള്‍ എടുത്തു.പിന്നെ രാമന്‍ നായരെ നോക്കി .കള്ളച്ചിരിയോടെ അവളോടു ചോദിച്ചു: 'ഇത് നകത്ത്ന്ന് നീ എന്തേലും കട്ടോ..., അങ്ങേരെ കട്ടത് പോലെ...''
സരസു നിസ്സഹായയായി. അപ്പോള്‍ അവളെ നോക്കി വെളുക്കെ ചിരിച്ചു..
ഒരു കിഴി സരസുന് വച്ചുനീട്ടി.അവള്‍ വാങ്ങാന്‍ മടിച്ചപ്പോള്‍ പറഞ്ഞു:
'''ഞാവെ ര്‍തേ പറഞ്ഞതാടി.... ആ വൃകോദരനെ ... ന്ക്ക് പറ്റില്ലാ' ഒരു കിഴി അവള്‍ക്കു കിട്ടി. രാമന്‍ നായര്‍ക്ക് രണ്ട് കിഴിയും.രാത്രിയില്‍ ഞണ്ടു കറിയൊഴിച്ചു ചോറുണ്ടു.. ഞണ്ടിന്റെ കാലുകള്‍ ഈമ്പിവലിക്കുമ്പോള്‍ ഇത്രമാത്രം ചോദിച്ചു:
'സരസോ നീ അങ്ങേരെ പൊന്നോലെ നോക്കീല്ലോ...?'
സരസു ഒന്നും മിണ്ടീല.
'നീ എങ്ങനാടി അയാളെ .... പെരുമ്പാമ്പാ അത് കണക്കാ ചുറ്റി വരിയണേ... വൃ കോദരന്‍... '
നാണിച്ച് പകുതിയില്‍ നിര്‍ത്തി .പിന്നെ ചിരിച്ചു, നിര്‍ത്താതെ. ഒടുവില്‍ കരഞ്ഞു.
''ന്റെ അംബാട്ടി വരുവോ സരസോ''
രാത്രി ഉറങ്ങും വരെം ഉമ്മറത്തെ വിളക്കണയ്ക്കാന്‍ സമ്മതിച്ചില്ല.
' അവള് വന്നാലോ...''
'മണ്ഡല ചെറപ്പിന്റെ കാലമായിരുന്നു. കീഴേടത്തമ്പലത്തില്‍ അത്താഴപൂജ കഴിഞ്ഞ് നടയടപ്പിന്റെ കോലാഹലം അവസാനിച്ചപ്പോഴേക്കും ചെന്നു കിടന്നു.ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. തുടരെ തുടരെ നെടു നിശ്വാസിച്ചു.
' കീഴേടത്ത് പോതിയേ ഒറക്കം ബര്ണില്ലാല്ലോ.... ' എന്നിങ്ങനെ പിറുപിറുക്കുന്നത് ഒന്നിലധികം തവണ കേട്ടു.
സരസു ഉറങ്ങിപ്പോയി. പിറ്റേന്ന് സരസു ഉണര്‍ന്നു. ഉറക്കം വരണില്ലാന്ന് പരാതി പറഞ്ഞയാള്‍ ഉണര്‍ന്നില്ല.
മരണം കാണാന്‍ മാര്‍ക്കണ്ഡേയന്‍ നായരും എത്തി. ..മാവ് മുറിക്കാനും ശവം ഒരുക്കിനും ദഹിപ്പിക്കാനുമുള്ള വസ്തുവകകള്‍ അടുപ്പിക്കാനും സങ്കടമില്ലാതെ അയാള്‍ നേതൃത്വം നല്‍കി. .സാവിത്രി കുഞ്ഞമ്മയുടെ ആങ്ങളയുടെ കുട്ടികളാണ് ശേഷക്രിയ ചെയ്യാന്‍ തയ്യാറായി നിന്നത്
മൂത്ത ആങ്ങളയുട മൂത്ത മകന്‍ രാമഭദ്രന്‍ നായര്‍ ചെമ്പട്ടു മുടുത്ത് മുറ്റത്തേയ്ക്കിറങ്ങി
'കുളത്തില്‍ മുങ്ങി വരൂ .... ' പരികര്‍മ്മി നിര്‍ദ്ദേശിച്ചു. പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തില്‍ അംബാട്ടി പറഞ്ഞു: 'കര്‍മ്മങ്ങള്‍ ഞാഞ്ചെയ്യും.'
അമ്പാട്ടി കുഞ്ഞമ്മയുടെ അവകാശം ചോദിച്ചു വാങ്ങല്‍ രാമഭദ്രനെയെന്ന പോലെ മയിലാടും പാറയിലെ മറ്റ് പൗരുഷങ്ങളെയും ചൊടിപ്പിച്ചു. .മരണത്തിന്റെ നിശബ്ദതയ്ക്കിടയില്‍ ഒരു മുറുമുറുപ്പ് പതിയെ പരന്നു തുടങ്ങി. മയിലാടും പറയിലെ നടപ്പു രീതികളില്‍ മരിച്ചത് ആണായാലും പെണ്ണായാലും സ്ത്രീ സ്പര്‍ശമേല്ക്കാത്ത ശേഷക്രിയകള്‍ മാത്രമേ മോക്ഷ പ്രാപ്തിയിലെത്തുകയുള്ളു. മരിച്ചവരാരും വൈതരണി കടക്കാന്‍ പെണ്ണുങ്ങളെ കൂട്ടുപിടിച്ചിരുന്നില്ല. . പെണ്ണുങ്ങളുടെ മരണാനന്തര അവകാശങ്ങള്‍ വായ്ക്കരിയിലവസാനിച്ചു..
' അത് പാടില്ല. എല്ലാറ്റിനും ഒരു മുറേം തരോം ഉണ്ട്..... '
ആദ്യ ശബ്ദം മാര്‍ക്കണ്ഡേയന്‍ നായരുടേതായിരുന്നു. .അത് പിന്നെ ആള്‍ക്കൂട്ടത്തിലേക്ക് പകര്‍ന്നു. കത്തുന്ന കണ്ണുകളോടെ അമ്പാട്ടിക്കുഞ്ഞമ്മ മാര്‍ക്കണ്ഡേയന്‍ നായരെ നോക്കി. .അയാള്‍ ചൂളി. .. തോറ്റ് വാലുചുരുട്ടിയ നായയെപ്പോലെ അയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഊളിയിട്ടു. .പിന്നെ അയാളെ കണ്ടില്ല. തെക്കേപ്പാടത്തേക്ക് പിന്നൊരിക്കലും അയാള്‍ വന്നതുമില്ല..
'വേണ്ടമ്പാട്ടിയെ ... തീണ്ടാരിയും കളിയും ഒഴിഞ്ഞിട്ടില്ലാ നെനക്ക് .കര്‍മ്മങ്ങള്‍ മുടങ്ങണത് ദോഷാണ് '
വടക്കും പുറത്തെ ശ്രീദേവി ക്കുഞ്ഞമ്മ മുന്നറിയിപ്പ് നല്‍കി.
'ന്റെ അമ്മേം ഇതൊക്കെ ള്ള ആള് തന്നായിരുന്നല്ലീ... ' അമ്പാട്ടി തന്റെ ന്യായം പറഞ്ഞു.
'അങ്ങനേന്നാ നെന്റെ മോന്‍ ചെക്കനെ കൊണ്ട് ചെയ്യിക്ക് 'കരയോഗം പ്രസിഡന്റ് അനുരഞ്ജന ഭാവം കൈക്കൊണ്ടു.
'നിക്ക് മോനില്ല. ഒള്ളതൊരുമോളാ....'
'അത് മോളാ.... '
കണ്ണുകളെല്ലാം കുട്ടിക്കു നേരെ തിരിഞ്ഞു. ആണ്‍ കുട്ടികളെ പ്പോലെ മുടി ക്രോപ്പ് ചെയ്ത് മുട്ടിന് താഴെ വരെയെത്തുന്ന പാന്റ്‌സും ടീ ഷര്‍ട്ടുമണിഞ്ഞ കുട്ടി ..... . പെണ്‍കുട്ടി എന്ന് വിശ്വസിപ്പിക്കാനുള്ള യാതൊന്നും കാഴ്ചയില്‍ അതിന് ഉണ്ടായില്ല.
വീണ്ടും മുറുമുറുപ്പുകള്‍ ഉയര്‍ന്നെങ്കിലും കാല്‍സറായിക്ക് മീതെ വെളുത്ത കച്ചയുടുത്ത് അതിന് മീതെ അരയെ വട്ടം ചുറ്റി , ചുവന്ന പട്ടുടുത്ത്,അമ്മേം മോളും കുളത്തില്‍ മുങ്ങി നിവര്‍ന്ന് ശവ മഞ്ചം തോളി ലേറ്റി. .... അമ്പാട്ടിയുടെ മുടിയില്‍ നിന്നും കണ്‍പീലികളില്‍ നിന്നും , വഴികളില്‍ വെള്ളം ഇറ്റു വീണു കൊണ്ടിരുന്നു...നനഞ്ഞുകുതിര്‍ന്ന കാല്‍സറായിയില്‍ നിന്നും അമ്മയുടേയും മകളുടേയും സ്ത്രീത്വത്തെ തെരെഞ്ഞു പിടിക്കാന്‍ മൈലാടും പാറയിലെ പൗരുഷങ്ങള്‍ വൃഥാ ശ്രമിച്ചു. .
മരണാനന്തര ക്രിയകള്‍ക്കു ശേഷവും അംബാട്ടിക്കുഞ്ഞമ്മ തെക്കേപ്പാടത്ത് തന്നെ തുടര്‍ന്നു. സാവിത്രിക്കുഞ്ഞമ്മയെ പ്പോലെത്തന്നെ മരവിച്ചു കിടക്കുകയായിരുന്നു ഇക്കണ്ട കാലമത്രയും തെക്കേപ്പാടത്തെ മണ്ണും.. നഗരത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത ട്രാക്ടറില്‍ അംബാട്ടിക്കുഞ്ഞമ്മ അതിനെ കുത്തിയിളക്കാന്‍ തുടങ്ങി. പോത്തുകളുടെ ചവിട്ടും കലപ്പയുടെ കുത്തിയിളക്കലും മാത്രം ശീലിച്ചിരുന്ന തെക്കേപ്പാടം ട്രാക്ടറിന്റെ വേഗത്തിലും ഊര്‍ജ്ജത്തിലും കൂടുതല്‍ ഇളകി മറിഞ്ഞു് ബീജധാരണത്തിനായി വിസ്തൃാരമായിക്കിടന്നു.
'ഒരു പത്തിറാസ്‌കാരി.....ചെമ്മീന്‍ ചാടിയാ... ചട്ടിയോളം .... ഇതക്കെ എത്തറ നാളൊണ്ടാവും.. കമല ന്റെ മൂരി ചവട്യാലെ മൈലാടും പാറേലെ മണ്ണ് പെറൂ...'' കള്ളിന്റെ കുപ്പി വായിലേക്ക് കമിഴ്ത്തി കന്നു പൂട്ടുകാരന്‍ കമലന്‍ പരിഹസിച്ചു .
ഞാറ് നടാനും വളമിടാനും മടമ്പ് വെട്ടാന്നുംതൂമ്പായുമായി പാടത്തേക്കിറങ്ങി അമ്പാട്ടിക്കുഞ്ഞമ്മയെ നോക്കി വേലപ്പന്‍ നായരും ചീരു ക്കോതയുംപരിഹസിച്ചു.:
'പെടക്കോഴികളും കൂവിത്തുടങ്ങിയിരിക്ക്ണ്. ഞാന്റെ കഞ്ഞീടി മുട്ടിക്കാന്‍'
കമലന്റെ മൂരി ചവിട്ടാതെ തന്നെ തെക്കേപ്പാടം പെറ്റുകൂട്ടി, കണക്കില്ലാതെ . കിഴക്കേപ്പാടത്തെയും പിടഞ്ഞാറേപ്പാടത്തെയും മണ്ണ്അമ്പാട്ടിക്കുഞ്ഞമ്മയുടെ ട്രാക്ടറിന്റെ വന്യമായ ഇളക്കിമറിക്കലിനായി കാത്തു കിടന്നു.
പറന്താടന്റെ ഷാപ്പീന്ന് അന്തിയും മോന്തി പടിപ്പുരയ്ക്ക് നേരെ നിന്ന് ചന്തി പൊക്കി കാണിച്ചായിരുന്നു കമലന്‍ പ്രതിഷേധിച്ചത്.. ഒന്നാമത്തേയും രണ്ടാമത്തേയും തവണ അംബാട്ടിക്കുഞ്ഞമ്മ ക്ഷമിച്ചു......പ്രതിഷേധംമൂന്നാം തവണയിലേക്കും നീണ്ടപ്പോള്‍ തിളച്ച ചൂടുവെള്ളം കമലന്റെ ചന്തിയെ പൊള്ളിച്ചു. .കമലന്‍ ഓടി , ദിശയറിയാതെ. അതോടെ കമലന്‍ പ്രതിഷേധ മാര്‍ഗ്ഗം വെടിഞ്ഞു.
മയിലാടും പാറയില്‍ സൈക്കിളോടിക്കുന്ന ആദ്യ പെണ്ണ് അംബാട്ടിക്കുഞ്ഞമ്മയുടെ മകളായിരുന്നു.. മകള്‍ സൈക്കിളില്‍ തന്നെ സ്‌കൂളില്‍ പോകണമെന്ന നിര്‍ബന്ധം അമ്മയ്ക്കായിരുന്നു'. ഹാന്‍ഡിലിന് കുറുകേ കെട്ടിയ വെള്ളിയലുക്കുകള്‍. മണികൂടാതെ ഇടതും വലതുമായി ഘടിപ്പിച്ച ഞെക്കുമ്പോള്‍ 'പോം പോം' പറയുന്ന വായു നിറച്ച ഹോണുകള്‍, തള്ളുമ്പോള്‍ കാഹളം പോലെ ഊതി വിളിക്കുന്ന ബ്യൂഗിളാകൃതിയിലുള്ള ഹോണ്‍ , ചക്രം തിരിയുമ്പോള്‍ അച്ചിനൊപ്പം തിരിയുന്ന പ്ലാസ്റ്റിക്കിന്റെ പൂക്കള്‍. .അമ്പാട്ടിക്കുഞ്ഞമ്മയുടെ മകളുടെ സൈക്കിളിന് സവിശേഷതകള്‍ ഏറെയായിരുന്നു. രാവുണ്ണി നായരുടെ സൈക്കിള്‍ ഷോപ്പീന്ന് മണിക്കൂറിന് പത്തു പൈസാ നിരക്കില്‍ സൈക്കിളെടുത്ത് ചവിട്ടുന്ന കുട്ടികളായിരുന്നു സ്‌കൂളില്‍ അധികവും. .വലിയ പള്ളിക്ക് മുന്നിലെ കുത്തനെയുള്ള ചെമ്മണ്‍ വഴി ചവിട്ടിക്കയറുന്ന അവളെ അസൂയയോടെ നോക്കി,സൈക്കിളിനെ വലിയ ഇലഞ്ഞിമരത്തിന് കീഴെ വിശ്രമിക്കാന്‍ വിട്ട് ക്ലാസിലേക്കു നടക്കുന്ന അവളെ വിസ്മയത്തോടെ ദൂരെ നിന്നു കണ്ടു. .ആരും അടുത്തു ചെന്നില്ല .
ഒരു പകല്‍ ഉച്ചതിരിഞ്ഞ് അമ്മയുടെ മടിയില്‍ തല വച്ച് ആകാശക്കാഴ്ച്ചകള്‍ കണ്ടു കിടക്കുമ്പോള്‍ മകള്‍ ചോദിച്ചു:
' അമ്മാ'
'ഉം .....'
' നമ്മക്ക് തിരിച്ച് പോയാ ലാ...?''
' 'എന്താപ്പോ മോക്ക് അങ്ങനെ തോന്നാന്‍ '
'ഒന്നൂല്ല'
'പിന്നെ...?'
'ഇവിടാര്‍ക്കും നമ്മള ഇഷ് ടോല്ലല്ലോ '''
'ആര്‍ക്ക...?'
' സ്‌കൂളിലും ആരുന്നോട് മിണ്ട്ണ് ല്ല...'
അമ്മ ചിരിച്ചു. 'നീയെന്താ അങ്ങട്ട് മിണ്ടാത്തേ... '
'ഞാമ്മി ണ്ട്യാലും മിണ്ട്ണ് ല്ല. ആര്‍ക്കുന്നെ ഇഷ്ടാല്ലമ്മാ...'
'ആര്‍ക്കും ആരേം ഇഷ്ടല്ല മോളൂ... ഇഷ്ടക്കെ വെറും തോന്നലാ... ആദ്യേ.. നമ്മക്ക് നമ്മളേ ള്ളന്ന ബോധ്യം വന്നാ മതി...'' .
'അമ്മേ ഇനി ന്ക്ക് പാവാടേം ഉടുപ്പം വാങ്ങിത്തര്യോ. ന്റെ മുടി നി ക്രാപ്പ് ചെയ്യണ്ട് മ്മാ.!'
അമ്മ ചിരിച്ചില്ല. 'ഇപ്പങ്ങ് നക്ക മതീ '
അമ്മ ഗൗരവത്തോടെ പറഞ്ഞു.
'ന്നെ മൊട്ടച്ചിന്നാ വിളിക്കണേ.... '
' എനിക്ക് വയ്യമ്മാ... സ്‌കൂളിലാരും എനിക്ക് കൂട്ടില്ല. മാഷ് മാരക്കെ നിക്ക് പേട്യാ........ന്റെ സൈക്കിളിന്ന് ചെറുക്കന്മാര് കാറ്റഴിച്ച് വിടും... ബ്രേക്ക് ലുസാക്കി വയ്ക്കും... അവ്ടന്ന് രാവുണ്ണിട സൈക്കിള്‍ ഷാപ്പുവരെ അത് നേം വലിച്ച് നടന്ന് നിക്ക് വയ്യമ്മ...''
'നീയെന്താ മാഷ് നോട് പരാതി പറയാത്തെ'
' പറഞ്ഞ്'
'പിന്നെന്താ'
' മാഷ് പറഞ്ഞ് നെനക്ക് നടന്ന് സ്‌കൂളി വന്നാന്ത് ന്ന്'
'അത് മാഷാ തീരുമാനിക്കണത് സൈക്കിള്‍ നിന്റേത് . അതില്‍ തൊടാന്‍ ആര്‍ക്കാണ് അധികാരം .' അമ്മയുടെ മുഖം ചെമന്നു.
' മാഷ് മ്മാരൊക്കേന്നോട് വേര്‍തിരി വോടയാ പെര് മാറണേ...നിക്ക് സാധാരണ കുട്ട്യോളപ്പോലായാല്‍ മതീമ്മേ., '
മകള്‍ കരഞ്ഞു.
'നിനക്കറിയില്ല മോളൂ... ചുറ്റും പെരുമ്പാമ്പ് കളാ... ചുറ്റി വരിയുമ്പോഴേ അറിയൂ ...... അപ്പോ രക്ഷപ്പെടാനും പറ്റില്ല .ധൈര്യം വേണം... '
അമ്മ വെറുതെ തലയില്‍ തലോടിക്കൊണ്ടിരുന്നു..
പിറ്റേന്ന് അതിരാവിലെ അമ്മ മകളെ ദേവസ്യാ ചെറുക്കാടന്റെ കരാട്ടേ ക്ലാസില്‍ ചേര്‍ത്തു.ചെറുക്കാടനും അതിശമായിരുന്നു. അയാളുടെ കരാട്ടേ കളരിയിലെ ആദ്യത്തെ പെണ്ണായിരുന്നു അത്. ആരും കേള്‍ക്കാതെ മകളുടെ ചെവിയില്‍ അടക്കത്തില്‍ ഇത്രയും കൂടി ഉപദേശിച്ചു:
'മകളേ.....,നിന്റേതായതൊക്കെ നിന്റെ താണ്.അത് സൂക്ഷിക്കേണ്ടത് നീയാണ്....അതില്‍ ആരു തൊടണം ആരു തൊടണ്ട എന്ന് തീരുമാനിക്കേണ്ടതും നീയാണ് '
ആയോധന പരിശീലനത്തിന്റെ നാലാം ആഴ്ച തന്റെ സൈക്കിള്‍ തന്റെതാണെന്ന് ഒമ്പതാം ക്ലാസില്‍ നാലു തവണ തോറ്റ അയ്യപ്പന്‍ കുട്ടിയെയും കരാട്ടേ പരിശീലനത്തിന്റെ നാലാം മാസം തന്റെ ചന്തി തന്റെതാണെന്ന് ദേവസ്യാ ചെറുക്കാടനേയും ബോധ്യപ്പെടുത്തി. അമ്മയുടെ ഉപദേശം.
മകള്‍ അതേപടി പാലിച്ചു.
പൊതുവേ പതിഞ്ഞതായിരുന്ന 'അയ്യപ്പന്‍ കുട്ടിയുടെ മൂക്ക് കൂടുതല്‍ പതിഞ്ഞു പോയി.
മുഖമാകെ ചോര പുരണ്ട അയ്യപ്പന്‍ കുട്ടിയെ ആശുപത്രിയിലാക്കുന്നതിനും മുമ്പുതന്നെ അവള്‍ സ്‌കൂളില്‍ നിന്ന് പുറത്തായി. എങ്കിലും അന്നാദ്യമായിവലിയ പള്ളിക്കു മുമ്പിലൂടെ സൈക്കിള്‍ ചവിട്ടിതാഴേക്കിറങ്ങുമ്പോള്‍ പിന്നില്‍ കൂക്കുവിളി ഉയര്‍ന്നില്ല. 'ഇരു കൈകളും ഹാന്‍ഡിലില്‍ നിന്നും മാറ്റി തന്റെ സഞ്ചാര രീതി ഭൂഗുരുത്വത്തിന് വിട്ടു കൊടുത്തു കൊണ്ട് ബൂഗിള്‍ മുഴക്കി അവള്‍ താഴേക്ക് ഇറങ്ങി... ഭാരമൊഴിഞ്ഞ ഒരു തൂവലിന്റെ ലാഘവത്തോടെ.
പിന്നെ വലിയ പള്ളിക്കു മുന്നിലെ ചെമ്മണ്‍ വഴി കയറിഅവളുടെ സൈക്കിള്‍ സ്‌കൂളിലേക്ക് പോയില്ല. അവളും.
അമ്മയോടൊപ്പം മകളും മയിലാടുംപാറയിലെ ഉറച്ച മണ്ണിനു മീതെ ട്രാക്ടര്‍ ഓടിച്ചു. .പച്ചമണ്ണിന്റെ രുചിയും ഗന്ധവുമിറഞ്ഞ് വിതയ്ക്കാന്‍ പഠിച്ചു..വളര്‍ച്ച നോക്കി ചെടികള്‍ക്ക് വളവും മരുന്നുംനീരും കൊടുത്തു.. രാമന്‍ നായരോടൊപ്പം അവള്‍ തോട്ടു വെള്ളത്തില്‍ കുളിക്കാനിറങ്ങി. ഈരിഴ തോര്‍ത്തില്‍ കുടുങ്ങിപ്പോയ മാനത്തു കണ്ണികളെക്കണ്ട് വിസ്മയിച്ചു.. പുഴയുടെആഴങ്ങളിലേക്ക് മുങ്ങാം കുഴിയിട്ടു.ആറ്റ കൊക്കിനോടും പുള്ളുകളോടും കിന്നാരം പറഞ്ഞു. ചാത്തച്ചാര്‍ പൊഴിച്ചിട്ട ആഞ്ഞിലിചക്കയും മാമ്പഴങ്ങളും ഈമ്പി ക്കുടിച്ചു..
ചാത്തച്ചാര്‍ സാവിത്രിക്കുഞ്ഞമ്മയുടെ കാലത്തേ തെക്കേ പാടത്തെ ആസ്ഥാന മരങ്കയറ്റക്കാരനായിരുന്നു .വല്ലാത്ത മെയ് വഴക്കത്തോടെ മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ഒരു അഭ്യാസിയെ പ്പോലെ ചാടി മറിയുന്ന ചാത്തച്ചാര്‍ അവള്‍ക്ക് വിസ്മയമായിരുന്നു. മാമ്പഴവും ആഞ്ഞിലി ചക്കയും കടിച്ചീമ്പി ചിലപ്പോഴൊക്കെ അയാള്‍ അവളെ കൊതിയാട്ടി...
വലിയ പുളിമരത്തിന്റെ കൊമ്പുകളില്‍ കാലുറപ്പിച്ചു കൊണ്ട് അയാള്‍ ചോദിക്കും. 'കഞ്ഞമ്മാട്ടി ഇപ്പോ ചാത്തച്ചാര് എന്താ കാണാന്നറിയ്യോ'
' ഊഹും'
'ഇപ്പോ കീഴേടത്തുമ്മടെ ഗോപുരം കാണാം വെയ് ല് ലങ്ങനെ വെട്ടി ത്തിളങ്ങണ് '
' ഇപ്പോ....''
'കീഴേടത്തമ്മേടെ കൊളം...,''
' ഇപ്പോ...,''
' ഇപ്പോ... കൊടിമരം...''
''ഇപ്പോ...''
'മയിലാടും പാറ മുഴുവനും ,'
' രാവുണ്ണീടെ സൈക്കിള്‍ ഷോപ്പ് ....?ന്റെ സ്‌കൂള്....?''
' ഉം.... വലിയ പള്ളിന്റെ കുരിശും... കുഞ്ഞിന്റെ പള്ളിക്കൊടോം രാവുണ്ണിച്ചന്റെ സൈക്കിള്‍ ഷാപ്പുംഒക്കെ കാണാം...''
മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് മാറുമ്പോഴും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് ചാടി മറിയുമ്പോഴും അയാളുടെ കാഴ്ചകള്‍ വേറെ വേറെ ആയിരുന്നു. ചാത്തച്ചാരുടെ ആകാശ ക്കാഴ്ചകള്‍ മകളെ ഭ്രമിപ്പിച്ചു.. 'എന്നെം മരം കേറ്റം പഠിപ്പിക്കുവോ.....'
അപ്പോഴേക്കും ചാത്തച്ചാര്‍ പുളിമരത്തീന്ന് അപ്രത്യക്ഷനായിരുന്നു. അടുത്തു നിന്ന മാവിന്റെ യും ആഞ്ഞിലിയുടെയും ചില്ലകള്‍ ഉലഞ്ഞു .
അന്ന് സന്ധ്യയ്ക്ക് നാമജപത്തിനു ശേഷം അമ്മയുടെ മടിയില്‍ തല വെച്ച് ഉമ്മറത്ത് കിടക്കവേ മകള്‍ ചോദിച്ചു: 'മ്മാ'
'ഉം ന്താ '
'ന്ക്കും ചാത്തച്ചാരെ പ്പോലെ മരം കേറാമ്പ റ്റോ....?'
'പിന്നെന്താ. .. 'രാമന്‍ നായര്‍ വാ പൊത്തിച്ചിരിച്ചു.
'ങും മൂടും മൊലൊക്കെ വച്ചോണ്ട് നന്നായിരിക്കും..ഒരഞ്ഞ് പോവും '
അമ്മ രാമന്‍ നായരെ കൂര്‍ത്ത ഒരു നോട്ടം നോക്കി..
'കൊച്ചിന്റെ പടിത്തമേ തൊലച്ച്....''
അയാള്‍ പിറുപിറുത്തു കൊണ്ട് എണീറ്റു.
ഏറെ നേരത്തേക്ക് അമ്മ നിശബ്ദയായി.
'ന്ന പടിപ്പിക്കുവോ അമ്മാ'
'ഉം... ' '
മകളെ മരങ്കേറ്റം പഠിപ്പിക്കണമെന്നഅമ്പാട്ടിക്കുഞ്ഞമ്മയുടെ ആവശ്യം ചാത്തച്ചാരും ചിരിച്ചു തള്ളി .
മരത്തലപ്പുകളില്‍ നിന്ന് മരത്തലപ്പുകളിലേക്ക് ചാത്തച്ചാര്‍ വാനരനെപ്പോലെ ചാടി മറിഞ്ഞു കൊണ്ടേയിരുന്നു..
' മരച്ചില്ലകളിലിരിക്കമ്പം നമ്മള് തൈവങ്ങളെ പ്പോലെ.... മാനത്ത് ര്ന്ന് പൂമിയെ നോക്കുമ്പോലെ.... ഹൊ.... '
അയാള്‍ സ്വയം ആസ്വദിച്ചു .''കുഞ്ഞമ്മാട്ടി കീഴെക്കാവ് ലെ പോതി നീരാട്ണ കണ്ട് ട്ണ്ടാ...'
'ഊം ഹു '
'ഞങ്കിട്ടട്ടുണ്ട്ഞങ്കിട്ടുണ്ട് വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്ക് പോതിക്കൊളത്തില്‍ ..... മുടിയങ് ന വിതര്‍ത്തിയിട്ട്.....കൊളത്തോളം വിസ്താരത്തില്‍ അത് പടരും. ...... പച്ചമഞ്ഞള് തേച്ച് പിടിച്ച് നീന്തി ത്തുടിച്ച്.... ഒരു ഒന്നൊന്നര നാഴിക നേരം കൊളത്തില വെള്ളം പൊന്നാകും... ദേണ്ടേ, ദാ കണ്ടാ ആ അയണീര സുഞ്ചത്തിരുന്നാ കാണാം...ദേണ്ട ആ പുളിമരം കണ്ടാ... വയ്യൂട്ട് അതന്റെ സുഞ്ചിലിര്ക്കണം. വേട്ടന്‍ പാറേല് മയില്കള്പീലി വിതര്‍ത്ത് നിക്കണ കാണാ.'
ചാത്തച്ചാരുടെ വര്‍ണ്ണനകള്‍ക്ക് ചന്തമേറി വന്നു. മകളുടെ പൂതിയും.രാത്രി അത്താഴമുണ്ണാതെ , ഉറക്കമില്ലാതെ മകള്‍ ശാഠ്യം പിടിച്ചു. .
'അമ്മാനിക്ക് ആ പുളിമരത്തിന്റെ മോളി ക്കേറണം '
അമ്മ പിറ്റേന്ന് കര്‍ക്കശക്കാരിയായി.
'ചാത്തച്ചാരേ അവളെ ആ പുളിമരത്തില്‍ കേറ്റണം .''
ചാത്തച്ചാര് തമാശമട്ടില്‍ 'ചിരിച്ചു:
'എന്താ കുഞ്ഞാട്ടി... മരങ്കേറ്റംകളീന്നാ ...ങക്കറിയാമോ. അതൊരു നിഷ്ടയാ... ഓരോ കാല്ടത്ത് വയ്ക്കുമ്പം ഒര് ആന്ത് ലാ.. പെര് വിരലീന്ന് കേറി കേറി ഉച്ചി വരേത്തണ ഒരു തെളപ്പ് .ഓരോ കമ്പ് ചവ്ട്ടി കേറമ്പോഴും വേറര് ലോകത്തേക്ക് പോണ പോല... കീഴേക്ക് നോക്കമ്പാട്ല്ല.., തളര്‍ച്ചയാ,,, കണ്ണും മനോം ഒരുമിച്ച് ... അണൂ ട തെറ്റിയാ തീര്‍ന്ന്,
കുഞ്ഞമ്മാട്ടിക്ക് താങ്ങൂല... '
'അവള് താങ്ങും....,ചാത്തച്ചാരേ.''
'ഇല്ല .കുഞ്ഞമ്മാട്ടി.... താഴെക്കെടന്നള്ള പൂമീന്റെ വിളിയൊണ്ട് .അതനെ നെക്ഷേതിച്ച് വേണം പോവാന്‍ അത് താങ്ങാന്‍ ഒര് പെണ്ണ്‌ന് പറ്റൂല..... '
'അവളെ ഞാവളത്തിയത് ആങ്കുട്ടായ്ട്ടാ.. '
'പെണ്ണ് പെണ്ണന്നെ... കുഞ്ഞമ്മാട്ടി യേ '
'പെണ്ണ് ങ്ങള് എവറസ്റ്റ് വരെ കേറീര്ക്ക്ണ് ചാത്തച്ചാര് അറിഞ്ഞില്ലാന്ന്ണ്ടാ '
അമ്പാട്ടികുഞ്ഞമ്മ വീറോടെ വാദിച്ചു.
'ന്റെ കുഞ്ഞമ്മാട്ടി ങ്‌ളന്നാ കെ ണറ്റില്ട് എറങ്ങീ അത് പറ്റ്വോ...'
'വേണം ന്ചാ എറങ്ങും '
'അതും വേറര് ലോകത്തേക്ക് ള്ള പോക്കാ'...
'താഴേക്ക് പോംതോറും പൂമിങ് ന - അയ്ന്‍ റ ചങ്ക് ലോട്ട് ചേര്‍ക്കാന്‍ വെമ്പും. ശ്വാസം കിട്ടാണ്ടാവും.ഉടലു വേവണ ചൂടാവും.. വേറെക്ക ശത്തങ്ങളാ.. ചുറ്റും ഒറവേളള കെണറാണ്ങ്കലേ കടലെരമ്പും... '
ചാത്തച്ചാര്‍ കയറ്റിറക്കങ്ങളുടെപുരുഷ കാമനകള്‍ചുറ്റുപിണയുന്ന തന്റെ ലോകത്തെ അങ്ങേയറ്റം അഭിമാനത്തോടെ അവതരിപ്പിച്ചു.
'ചാത്തച്ചാര്ക്ക് പ്പം പറ്റ്വോ പറ്റല്ലേ '
ചാത്തച്ചാര്‍ ഒന്നും മിണ്ടാതെ പുളിമരച്ചോട്ടില്‍ കുത്തിയിരുന്നു. മടിക്കുത്തീന്ന് ഒരു ബീഡിയെടുത്തു. ആഞ്ഞു വലിച്ചു.പിന്നെ അതിനെ കുത്തിയണച്ച് മടിയില്‍ തിരുകി. നിമിഷങ്ങള്‍ക്കു ശേഷം പിന്നെയും വലിച്ചെട്ത്ത് കത്തിച്ചു് ആഞ്ഞു വലിച്ചു. .കുറ്റി വലിച്ചെറിഞ്ഞു. പുളിമരത്തിന്റെ മുകളറ്റത്തേക്ക് കണ്ണുകള്‍ പായിച്ചു.
'വരാ കുഞ്ഞമ്മാട്ടി.. '
പുളിമരത്തിന്റെ ഭൂമിയിലേക്കു നീണ്ട ചില്ലയിലേക്ക് അയാള്‍ കാലുവച്ച് കൈ നീട്ടി...
'വരാ കുഞ്ഞമ്മാട്ടി....'
അവളുടെ വിരലുകളില്‍ അയാള്‍ ബലമായി പിടിച്ചു. ചാത്തച്ചാരുടെ വിരലുകള്‍ മൃദുവായിരുന്നില്ല. .... പരുപരുത്തത്. . കരുത്തോടെ അവളെ മുകളിലേക്ക് വലിച്ചു. .കാലങ്ങളായി ഒരു പെണ്ണിന്റെ കാല്‍ സ്പര്‍ശമേല്ക്കാന്‍ കാത്തു നിന്ന പോലെ പുളിമരത്തിന്റെ ചില്ലകള്‍ വിടര്‍ന്നു.. ചാത്തച്ചാരുടെ വിരലുകളെക്കാള്‍ പരുക്കനായിരുന്നു മരത്തിന്റെ പുറംതോട് കാലും നെഞ്ചുംഉരഞ്ഞ് ചോര പൊടിഞ്ഞു. എന്നിട്ടും വേദനിച്ചില്ല. ആകാശത്തിന്റെ വിളി ... വേട്ടന്‍ പാറയുടെ പരപ്പില്‍ സായാഹ്നത്തില്‍ പിലിനിവര്‍ത്തിയാടുന്ന മയിലുകള്‍......,നട്ടുച്ചയില്‍ സ്വര്‍ണ്ണ വര്‍ണ്ണമാകുന്ന കീഴേടത്തമ്മേടെ കുളം. ...അവള്‍ കയറ്റങ്ങളില്‍ ഉത്തേജിതയായി. തളര്‍ച്ച തോന്നിയതേയില്ല. ഓരോ കയറ്റത്തിലും ചാത്തച്ചാരും കൂടുതല്‍ ഊര്‍ജ്ജസ്വലനായി. അവളുടെ മേലുള്ള അയാളുടെ പിടിക്ക് കരുത്ത് ഏറി വന്നു..ഓരോ കാല്‍വെയ്പ്പിലും ചില്ലകള്‍ ഒന്നൊന്നായി വിടര്‍ന്നു വിടര്‍ന്നു വന്നു.. മകള്‍ ആകാശത്തിലേക്കെന്ന പോലെ ഉയര്‍ന്നുയര്‍ന്നു പോകുന്നത് നോക്കി നിലക്കേ അമ്മയ്ക്ക് ഭയം തോന്നി:
' മോളേ....''
രാമന്‍ നായര്‍ അരുതെന്ന് വാപൊത്തിക്കാണിച്ചു.. അമ്പാട്ടിക്കുഞ്ഞമ്മ പിന്നെ മിണ്ടിയില്ല ശബ്ദങ്ങളെ വായ്ക്കുള്ളില്‍ തളച്ചു വച്ച് ,മകളുടെ ആരോഹണങ്ങളില്‍ കണ്ണയച്ചു നിന്നു.
ചാത്തച്ചാര്‍ ഉയര്‍ന്നുയര്‍ന്നു പോയി. മരക്കൊമ്പുകള്‍. ചവിട്ടി അവളും ..
ആകാശത്തേക്കുയര്‍ന്നചില്ലകളിലൊന്നില്‍ അവളിരുന്നു.സമാന്തരമായ മറ്റൊരു ചില്ലയില്‍ ചാത്തച്ചാരും .
'കുഞ്ഞമ്മാട്ടി തളര്‍ന്നോ....?''
അവള്‍ ചിരിച്ചു. പിന്നെ താഴേക്കു നോക്കി.രാമന്‍ നായര്‍ക്കൊപ്പം ശ്വാസമടക്കിപ്പിടിച്ച് അമ്മ നില്‍ക്കുന്നു. അമ്മ ചെറുതായിരിക്കുന്നു.
'മകളേ താഴെ വാ..., മതി കേറിയത്...'' അമ്മയുടെ ശബ്ദം മകളെ തൊട്ടില്ല.
അവള്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ചുറ്റും നോക്കി... പച്ചയുടെ ഒരു കടലിലാണ് താനും ചാത്തച്ചാരുമെന്നു തോന്നി... പിന്നൊരു ചില്ല കൂടി. അയാള്‍ അവളെ വിരലില്‍ കോര്‍ത്തെടുത്ത് ഏറ്റവും മുകളിലേക്കുള്ള കൊമ്പിലേക്ക് ചാടി..,, ചുറ്റും ആകാശത്തിന്റെ പരപ്പ് മാത്രം...
'എവിടെ... കിഴേടത്തമ്മേടെ കുളം....?''
'മയിലുകള്‍ പീലി നിവര്‍ത്തിയാടുന്ന വേട്ടന്‍ പാറ....''
ചില്ലകള്‍ നീട്ടിയ ഹരിതപത്രങ്ങളില്‍ അപൂര്‍ണ്ണമായ അമ്മക്കാഴ്ചകള്‍.... .പച്ചയുടെ കടലില്‍ തോണിയിറക്കി തുഴയുന്നവരാണ് താനും ചാത്തച്ചാരുമെന്ന് .അമേമയും രാമന്‍ നായരും ആ കടലിന്റെ ആഴത്തിലേക്ക് എപ്പോഴെ വീണുപോയിരുന്നു...
അവള്‍ ചാത്തച്ചാരെ നോക്കി. അയാള്‍ നിഷ്‌ക്കളങ്കതയോടെ ചിരിച്ചു... അയാള്‍ പരുപരുത്തകൈകളില്‍നിന്നും അവളുടെ വിരലുകള്‍ വിടര്‍ത്തിമാറ്റി. ... പിന്നെ അവളിരുന്ന ചില്ലയില്‍ നിന്നുംതലകീഴായി താഴേക്ക് ഞാന്നു് കിടന്നു . അഭ്യാസിയെപ്പോലെ കൈകള്‍ തലയ്ക്ക് മുകളിലേക്ക് കൂപ്പി വച്ചു..പിന്നെ ഒരു പെരുമ്പാമ്പിനെപ്പോലെ കാലുകള്‍ പിണച്ചു പേര്‍ത്തു. നിന്നു. തീരെ മുറുക്കമില്ലാതെ ആടി. . പിന്നെ അവളിരുന്ന ചില്ലയിലേക്ക് പിണഞ്ഞു കയറി.അവള്‍ക്ക് ശ്വാസം മുട്ടി.