പുലിപ്പൂച്ച-കഥ-വി. ഹരീഷ്

ആ നാട്ടില് പത്ത് പന്ത്രണ്ട് വീട്ടില് പൂച്ചകള്ണ്ട്. ചിഞ്ചൂന്റേം ചീരൂന്റേം മക്കള്. ചിഞ്ചൂന്റെ നിറം വെളുത്തിറ്റാണ്. മഞ്ഞയും തവിട്ടും കലര്‍ന്ന സ്വര്‍ണരോമങ്ങള്‍ കൊണ്ട്, കഴുത്തിന് താഴെയും, രണ്ട് ചെവീരെ പുറം ഭാഗത്തും, വയറിന് അപ്പറോം ഇപ്പറോം വാലിന്റെ പലഭാഗത്തുമായിറ്റ് കൊറെ സ്ഥലങ്ങളില് നിറം മാറി പൂരിപ്പിച്ച രോമങ്ങള്ണ്ട്. ചീരൂന് പുള്ളിപ്പുലീരെ നിറാണ്. മഞ്ഞകലര്‍ന്ന ചാര നെറോം കൊറേ കടുത്ത നിറത്തിലുള്ള പുള്ളിക്കുത്തുകളും. ചിഞ്ചൂം,ചീരൂം വര്ന്നത് കണ്ടാലെ വീട്ട്കാര്‍ക്കറിയ 'കരിപ്പായിറ്റ്ണ്ട്, പെറ്റിറ്റ്ണ്ട്.' 'പോ പൂച്ചെ.'

author-image
Web Desk
New Update
പുലിപ്പൂച്ച-കഥ-വി. ഹരീഷ്

ആ നാട്ടില് പത്ത് പന്ത്രണ്ട് വീട്ടില് പൂച്ചകള്ണ്ട്. ചിഞ്ചൂന്റേം ചീരൂന്റേം മക്കള്. ചിഞ്ചൂന്റെ നിറം വെളുത്തിറ്റാണ്. മഞ്ഞയും തവിട്ടും കലര്‍ന്ന സ്വര്‍ണരോമങ്ങള്‍ കൊണ്ട്, കഴുത്തിന് താഴെയും, രണ്ട് ചെവീരെ പുറം ഭാഗത്തും, വയറിന് അപ്പറോം ഇപ്പറോം വാലിന്റെ പലഭാഗത്തുമായിറ്റ് കൊറെ സ്ഥലങ്ങളില് നിറം മാറി പൂരിപ്പിച്ച രോമങ്ങള്ണ്ട്. ചീരൂന് പുള്ളിപ്പുലീരെ നിറാണ്. മഞ്ഞകലര്‍ന്ന ചാര നെറോം കൊറേ കടുത്ത നിറത്തിലുള്ള പുള്ളിക്കുത്തുകളും. ചിഞ്ചൂം,ചീരൂം വര്ന്നത് കണ്ടാലെ വീട്ട്കാര്‍ക്കറിയ 'കരിപ്പായിറ്റ്ണ്ട്, പെറ്റിറ്റ്ണ്ട്.'
'പോ പൂച്ചെ.'

ഓരൊ വീട്ട്ന്നും ചിഞ്ചൂനേം, ചീരൂനെം ആട്ടിപ്പായിക്കും.
'ചിഞ്ചൂ.... നീ ആട കേറിക്കൊ.... ഞാനീട കേറ.... '

ചിഞ്ചൂം ചീരൂം ധാരണേലെത്തും. ടെറസിന്റെ മോളിലെ കൂടീറ്റ് എയര്‍ഹോളിന്റെ ഉള്ളിലെ കൂടീറ്റ്, കട്ടിലിന്റെ അടീലെത്തി വീടും സൗകര്യോല്ലം നോക്കീറ്റ് അത് തിരിച്ച് പോവും. പിന്ന രണ്ട് മൂന്നാഴ്ചക്ക് അയിന കാണീല.

ഇത് തന്നെ പ്രസവിക്കാന്‍ പറ്റിയ സ്ഥലം. ചിഞ്ചും ചീരൂം പ്രസവിച്ചു. ആറെട്ട് കുഞ്ഞുങ്ങള്. ആളൊഴിഞ്ഞ വീട്ടില്. പണ്ടാട ആരൊക്കയൊ താമസൂണ്ടായ്ന് ഇന്നാട ആരൂല്ല. പഴയ മരക്കിളി വാതിലിലൂടെ ചിഞ്ചു പുറത്തേക്ക് നോക്കി. കറുത്ത കണ്ടന്‍ പതുങ്ങി പതുങ്ങി വരും പെറ്റ്ട്ടേയ്ല്ന്ന് ഒന്നിന തിന്നും. കണ്ണ് തൊറക്കാത്ത കുഞ്ഞുങ്ങളെ മുക്കലും മുരുളലും കേട്ട്.കണ്ടനോട് എതിര്‍ക്കാനാവാതെ ചിഞ്ചൂം,ചീരൂം കരയും. 'മ്യാവു....മ്യാവു.....'

ഇത് എനിക്ക് കൂടി അവകാശപ്പെട്ടതാണെന്നുള്ള ഭാവത്തില് കണ്ടന്‍ മുരുണ്ട് ചിഞ്ചൂന പേടിപ്പിക്കും. ഇനിയും ഈട കുഞ്ഞീന നിര്‍ത്ത്യാല് ഈ പണ്ഡാരക്കാലന്‍ മൊത്തം കുഞ്ഞീനേം തിന്നും. ഇല്ലെങ്കില്‍ വല്ല പാഞ്ചനൊ മറ്റൊ വന്ന് പിടിച്ചോണ്ട് പോവും. ചിഞ്ചൂം ചീരൂം കരുതി. വയറ് നെറഞ്ഞപ്പൊ ഒരു ഏമ്പക്കം വിട്ട്. ചിഞ്ചൂനേം ചീരൂനേം നാല് നക്ക് നക്കി. സ്നേഹം അഭിനയിച്ച് കണ്ടന്‍ നടന്നു നീങ്ങി. ചിഞ്ചൂന് എന്തെന്നില്ലാത്ത പേടി വന്നു. എനിയും കണ്ടന്‍ വരുന്നേയ്ന് മുമ്പ്. എല്ലാത്തിനേം ഏടേങ്കിലും ഒളിപ്പിക്കണം. ചിഞ്ചൂം,ചീരൂം കണ്ണ് തൊറക്കാത്ത ചോരകുഞ്ഞീരെ ചങ്കില് കടിച്ച് നടന്നു.കണ്ടനകാണുമ്പൊ കല്ലെറിയ്ന്ന വീടെല്ലം ഓള് ഓര്‍മ്മിച്ച് വച്ചു. ബെള്ള്ങ്ങന്‍ മൂപ്പന്റെ കമ്പിളീരടീല് രണ്ടെണ്ണത്തിന വെക്കാ, ബെള്ള്ങ്ങന്‍ പഴയപുലിയാണെന്ന് നാട്ട്കാര്‍ക്ക് ബെള്ള്ങ്ങനെ ഓക്കും മക്കക്കും മാത്രേ പുലിയല്ലാത്തതായിറ്റ്ള്ളൂ. 'പൂച്ച,... പോ ആട്ന്ന്.' ബെള്ള്ങ്ങന്റെ ഓള് പൊഞ്ഞാറ് മാളു ഉച്ഛത്തില് പറയ്ന്നത് കേക്കുമ്പൊ ബെള്ള്ങ്ങന്റെ നെഞ്ച്ന്ന് തീ ആളും 'എന്നേപ്പ ഓള് പറയ്ന്നത് ന്നില്ലെ ' തോന്നിച്ച ഇണ്ടാവും. പിന്നൊരു ദീര്‍ഘനിശ്വാസോം വിട്ടിറ്റ് ഒറ്റ കിടപ്പാണ്. ബെള്ള്ങ്ങന്റെ മോന്‍ പണിക്ക് പോവാതെ വീട്ടില് കുത്തിരിക്കുമ്പൊ ബെള്ള്ങ്ങന്‍ കെടക്ക്ന്ന കട്ടിലിന്റെ അട്ത്ത് പോയിറ്റ് ഉച്ചത്തില് പറയും 'പൂച്ച...' പൂച്ചേം പുലിയും ഒരേ വര്‍ഗ്ഗത്തിലായതോണ്ട് ബെള്ള്ങ്ങന് ചെറിയ ആശ്വാസാവും. 'മോനെ എന്തെങ്കിലും പണിക്ക് പോട ഇങ്ങനെ വീട്ടില് കുത്തിര്ക്കലട.' ബെള്ള്ങ്ങന്റെ നാവ്ന്ന് ങ്യേഹെ... ഒരക്ഷരം പൊറത്ത് വരീല. അത് കാണുമ്പൊ പൊഞ്ഞാറ് മാളുവേട്ടി പിന്നേം പറയും.

'ഒരല്‍സീരെ കോയീം പൂച്ചേം, ഏടേം പോവീല, അവ്ത്തന്നെ തൂറീറ്റും വെക്കും.' പൊഞ്ഞാറ് മാളൂന്റെ മോന്‍ കണാരന്‍ നല്ലോണം പഠിച്ചിറ്റ് ചെലവ് കാശിനായി കൂലിപ്പണിക്കൊ മറ്റൊ പോയിറ്റ് വരുമ്പൊ. പൊഞ്ഞാറ് മാളുവേട്ടി ഉച്ഛത്തില് പറയും. 'നായി... നായി ആട്ന്ന്.'
'നമ്മളെ കോയീന നായി പിടിച്ചോന്ന് സംശയാണ്, രണ്ടെണ്ണത്തിന കാണ്‍ന്നില്ല.'
ബെള്ള്ങ്ങന്‍ ചൊമച്ചോണ്ട് പറയും

'നീ കൊറച്ച് ചൂടുവെള്ളം കൊണ്ടന്നെ, എല്ലാട്ത്തും മഴയോലും.'

ഇതിന്റേല്ലം എടേലേക്ക് ചിഞ്ചൂം ചീരൂം കണ്ണ് കീറാത്ത മക്കളെം കടിച്ച് പിടിച്ച് നടന്ന് ബെര്ന്ന്ണ്ട്. ചിഞ്ചൂം ചീരൂം വന്നാല് വീട്ടില് എലിക്കും അരണക്കും പല്ലിക്കും പാറ്റക്കും ചെറിയ പാമ്പിനും, കൂറക്കും ഭയങ്കര പേടിയാവും. അയ്റ്റ്ങ്ങള വീടിന്റെ നാലയലത്തേക്ക് കേറ്റീല. കോഴികളാണെങ്കില് അവര് വരുമ്പളെ മനസിലാക്കും നമ്മക്കില്ലെ പങ്ക് കൊറയാന്‍ സമയായീന്ന്. കണാരന്‍ രാധമ്മക്ക് ഡ്രസ്സും, ഓണത്തിന് പലചരക്ക് സാധനോം,പൂവും മേണിച്ചിറ്റ് വന്നാല് ബെള്ള്ങ്ങന്റെ മരുവോള് രാധമ്മ രണ്ടിനേം പിടിച്ചിറ്റ് മുറ്റത്തെറിയും. അത് കണാരന്ള്ള പാരിതോഷികമാണ്. അപ്പൊ കണാരന്‍ പുലിയാണെന്ന് സ്വയം കരുതും. കണാരന എല്ലാരും ആണാണെന്ന് അംഗീകാരിക്കും. വീട്ട്ന്ന് ഉച്ചത്തില് ഒച്ചയെട്ത്ത് ദേഷ്യപ്പെട്ടാല് പണിസ്ഥലത്തെന്തൊ ഇഷ്ടൂല്ലാത്തത് സംഭവിച്ചിറ്റ്ണ്ടാവുംന്ന് കരുതീറ്റ് പൊഞ്ഞാറ്മാളു പറയും 'പൂച്ച....'
ചിഞ്ചൂം ചീരൂം പാല് കൊട്ക്കാന്‍ വന്നപ്പാട് രണ്ട് കണ്ണ് തൊറക്കാത്ത കുഞ്ഞുങ്ങളും മുറ്റത്ത് കെടക്ക്ന്നത് കണ്ടു.

'ആര്ണെ ഞങ്ങളെ കുഞ്ഞീന പൊറത്താക്യേത്?'

ബില്ല്യ കാര്യഗൗരവത്തില് 'മ്യാവു...മ്യാവൂന്ന് കരഞ്ഞോണ്ട് ന്ക്ക്മ്പൊ രാധമ്മേരെ ദേഷ്യം പിടിച്ച സംസാരം കേള്‍ക്കും.
'ബേറേടേം കണ്ടിറ്റ രണ്ടിനും കുഞ്ഞീന ഒളിപ്പിക്കാന്‍ അച്ഛന്റെ പൊതപ്പിന്റെ അടീലെന്നെ ഇടണം.പറയണ്ടത് പറയണ്ടസമയത്ത് പറയാത്തോരേം,ചെയ്യണ്ടത് ചെയ്യണ്ട സമയത്ത് ചെയ്യാത്തോരേം രാധമ്മ വിളിക്കും. 'പൂച്ചേന്ന്....'

മുറ്റത്ത്ന്ന് പൂച്ചകുഞ്ഞ്യോക്ക് പാലും കൊട്ത്തിറ്റ്, തുക്കാന്‍ ബന്ന കോഴിയോട് മുരണ്ടിറ്റ്, പൂച്ച കുഞ്ഞീരെ ചങ്കില് കടിച്ചിറ്റ് അട്ത്ത്ള്ള വെറക് പൊരേലേക്ക് നടക്കും.ചിഞ്ചൂം, ചീരൂം ദേഷ്യം മനസില് വച്ചിറ്റ്, നമ്മക്കീട വല്ല അവകാശോം ഇണ്ടോന്നറിയാലൊ എന്ന മട്ടില് അങ്ങുമിങ്ങും ഓടി നടക്കും, പൊഞ്ഞാറ് മാളു മീന്‍മുറിക്കുമ്പളും, രാധമ്മ സാരി മാറുമ്പളും, കണാരന്‍ കഞ്ഞികുടിക്കുമ്പളും, ബെള്ള്ങ്ങന്‍ ചായ കുടിക്കുമ്പളും മോത്തേക്ക് നോക്കീറ്റ് കരയും... 'മ്യാവൂ... മ്യാവൂ... മ്യാവു...'

രണ്ടെണ്ണത്തിന ജമിലിഞ്ഞാന്റാട കൊണ്ടാക്ക. ചിഞ്ചൂം, ചീരൂം ബാക്കി വന്ന നാലെണ്ണത്ത്ന്ന് രണ്ടെണ്ണത്തിന കടിച്ചിറ്റ് ആമിനുമ്മാന്റാട്ത്തേക്ക് നടന്നു. ആമിനുമ്മേരെ വീട് നെറച്ചും പൂച്ചകളാണ്. തൊഴിലൊറപ്പ് പണിക്ക് വര്ന്ന പണിക്കാറെല്ലം ചിഞ്ചൂന്റേം, ചീരൂന്റേം കുഞ്ഞ്ങ്ങള ഓമനിച്ചിറ്റ് നോക്കും, ചെലര് പൂച്ചകുഞ്ഞീനേം കൊണ്ട് വീട്ടിലേക്ക് നടക്കും.

'ഉമ്മാ ഞാനീല്‍ന്ന് രണ്ട് കുഞ്ഞീന എട്ക്ക്ന്ന് ട്ട്വൊ.'
ആമിനുമ്മ തട്ടം നേരെയാക്കീറ്റ് മേലോട്ട് നോക്കും.

'യേ.....അള്ളാ....ഇത്ട ഇണ്ടായ്ന.... എന്റെ റബ്ബേ.....' എട്ത്തോന്നൊ എട്ക്കണ്ടാന്നൊ പറീല. പൂച്ചകള് ആട ഇണ്ട്ന്നില്ലെ തോന്നിച്ച ഉമ്മക്കില്ല. താന്‍ പൂച്ചകളുടെ ഉടമസ്ഥയായതിന്റെ സന്തോഷം കൊണ്ട് പറയും. 'ആ രണ്ടെണ്ണത്തിനേം പിടിച്ചൊ.' എല്ലാരും കുഞ്ഞി പൂച്ചേന കൊണ്ടോവും. ആടിനെ, പോത്തിനെ ആണെങ്കില് മേയിക്കാന്‍ വിടണം. നായിക്കാണെങ്കില് ചോറ് കൊട്ക്കണം. പൂച്ചേന തട്ടി ചാട്യാലും അത് വീട്ട്ലേക്കന്നെ വരും. ആരേം അലമ്പും അല്‍സീം ഇല്ലാണ്ട് ആടേടെങ്കിലും കുത്തിരിക്കും. ചോറ് തിന്ന്മ്പൊ മുമ്പില് നിന്നിറ്റ് രണ്ട് കൈകളും നെലത്ത് കുത്തീറ്റ് ഉമ്മേരെ മൊത്തേക്ക് നോക്കീറ്റ് കരയും. മ്യാവൂ....മ്യാവൂ.... പകുതി ചൊറ് എറക്കീറ്റ് ഉമ്മ വിളിക്കും. 'യാ അള്ളാ...' ഭക്ഷണത്തിനായി കെഞ്ചുന്ന സകലമാന ജനങ്ങളും ആ കരച്ചിലില്‍ പ്രതിബിംബിക്കും.കൊട്ടിലപ്പറത്ത് കളയ്ന്ന മീനിന്റെ മുള്ളും, എറച്ചീരെ കൊട്ടും പറക്കി തിന്നും, ആടയാവുമ്പൊ ദെവസോം മീനും,എറച്ചീം മേണിക്കല്ണ്ട്.ആടിന്റെ കൂട്ടിന്റട്ത്ത് മീശേം തടവീറ്റ്,കാലും കൈയ്യും നക്കിക്കോണ്ട് കുത്തിരിക്കും.സദാസമയം ഫോണില് ഇന്റര്‍നെറ്റും ഓണാക്കീറ്റ് കുത്തിക്കളിച്ചോണ്ടിരിക്ക്ന്ന മമ്മദിന്റെ പള്ളക്ക് പോയിറ്റ് ഉമ്മേം ഉച്ചത്തില് പറയും. 'പൂച്ച....' പഠിക്കാനാക്കീറ്റ് പഠിത്തം പൂര്‍ത്തിയാക്കാണ്ട് നാട്ടില് മീന്‍ കച്ചോടം ചെയ്തിറ്റ് വീട്ട്ന്ന് കൂറ്റെട്ത്താല് ഉച്ചത്തില് പറയും. 'പൂച്ച....' കൂട്ടുകാരൊന്നിച്ച് കൂടാണ്ട് വീട്ടിലെന്നെ കുത്തിര്ന്നാല് പറയും. 'പൂച്ച.....' പാസ്പോര്‍ട്ട് വേരിഫിക്കേഷന് പോലീസുകാര് വിളിച്ചേയ്ന് ശേഷം മോത്തേക്ക് എന്തെങ്കിലും അങ്കലാപ്പ് കാണ്ന്ന്ണ്ടെങ്കില് പറയും. 'പൂച്ച....' മമ്മദിനതെല്ലം അറിയും ഉമ്മമാറ് മക്കള നേരാംബയിക്ക് കാണാന്‍ പ്രചോദിപ്പിക്കുന്ന മന്ത്രാണ് പൂച്ചാന്നില്ലെ വിളി. ഉസ്താദ് അടിക്ക്ന്നതിന പറ്റി ഉമ്മേട് പരാതീം പറഞ്ഞിറ്റ് ഉസ്താക്കന്മാറ് വരുമ്പൊ ആദരവോടെ അവര സ്വീകരിക്ക്ന്നത് കാണുമ്പൊ ആമിനുമ്മ പറയും 'പൂച്ച...ഏട്ന്ന് ബന്നതിത് ഇബിലീസ്.' അള്ളാ ക്ക് ഇഷ്ടപ്പെട്ട മൃഗാണ് പൂച്ചാന്ന് അറിഞ്ഞപ്പാട് 'യാ അള്ളാ പൊറുക്കണേന്ന്.' ആമിനുമ്മേന്നെ പറയും.കണ്ണ് കീറ്വോളം പാല് കൊട്ത്തിറ്റ് ദൈവം ചാട്യെ ആയിസില്ലട്ത്തോളം അവര് ജീവിക്കും.ചിഞ്ചൂം ചീരൂം കരുതും.രണ്ടെണ്ണത്തിന കാരിച്ച്യേട്ടീരെ വെറക് പൊരേല് കൊണ്ടാക്ക.ചിഞ്ചൂം ചീരൂം സമാധാനിച്ചു.കാരിച്ച്യേട്ടീരെ വെറക് പൊരേം പൊറത്തെ അടുക്കളേം ഒന്നിച്ചാണ്.അട്ക്കളേരുള്ളില് കൂട്ടിവച്ച ചണച്ചാക്കിന്റെ മോളില് നല്ല സുരക്ഷിതത്വം ഇണ്ടാവുംന്ന് ചിഞ്ചൂനൂം ചീരൂനും തോന്നും. കാരിച്ചേട്ടീരെ മോന്‍ പോലീസിലെങ്കിലും നാട്ട്കാര്‍ക്കാര്‍ക്കും ഓനക്കൊണ്ട് ബില്ലെ ഗുണോന്നും കിട്ടലില്ല.അതോണ്ടെന്നെ ഔദ്യോഗിക ജീവിതം ദുരുപയോഗം ചെയ്യേണ്ടി വരുമെന്ന ആശങ്കേല്.അട്ത്തുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മേലൊന്നും സതീശന കാണലില്ല.സതീശന്റെ ഓള് സൗമ്യ സതീശന് മത്ത്ണ്ടെങ്കില് ബാത്ത്റൂമില് കുളിക്കാന്‍ പോവുമ്പൊ ടി.വി സീര്യല് നോക്കിക്കൊണ്ടിരിക്ക്ന്ന കാരിച്ച്യേട്ടീന നോക്കീറ്റ് മുഖം ചുളിക്കും. അപ്പൊ കാരിച്ച്യേട്ടിക്ക് മനസിലാവും സതീശന്‍ കുടിച്ചിറ്റ് ബന്നത് ന്ന്. 'പൂച്ച....പോ ആട്ന്ന്.' പത്തിരുപതിനായിരം കൊട്ത്തിറ്റ് മേടിച്ച സ്വിംഗ്സ് ക്യാറ്റിന നോക്കീറ്റ് പറയും.അത് കാരിച്ചേട്ടി എന്തന്ന്പ്പ പറയ്ന്നേന്ന് വെറുതെ ശ്രദ്ധിച്ചിറ്റ് ഓറെ മോത്തേക്കെന്നെ നോക്കും.കൈ വെള്ളയിലെ വിയര്‍പ്പ് നക്കിത്തൊടക്കും.എന്നിറ്റ് ഒരു കരച്ചിലും കരയും 'മ്യാ..വൂ...' ആ നോട്ടം കാണുമ്പൊ സതീശന്‍ ഓമനത്തത്തോടെ വീട്ടിലേക്ക് അതിന കൊണ്ടുവന്ന സംഭവം ഓര്‍മ്മ വരും. അപ്പൊ നല്ലോണം ദേഷ്യം വരും.പിന്ന ഉച്ഛത്തില് പറയും. 'പോ....പൂച്ചയാട്ന്ന്....പോയ്ക്കോട്ന്ന് കരയ്ന്ന....' സതീശന്‍ കേള്‍ക്കാനെന്ന വണ്ണം പറഞ്ഞതെങ്കിലും കേട്ടത്. പൊറത്തടുക്കളേന് കടിച്ച് കൊണ്ട്ട്ട കുഞ്ഞുങ്ങള്‍ക്ക് പാല് കൊട്ക്കാന്‍ വന്ന ചിഞ്ചൂം,ചീരൂം ആയിരിക്കും. പൂച്ചകള്‍ക്ക് നല്ല കേള്‍വി ശക്തീണ്ടല്ലൊ.! ഭൂമികുലുക്കം വരെ അറിയാന്‍ പറ്റ്വോല്ലൊ.! കാരിച്ചേട്ടീരെ ശകാരം നമ്മളോടാന്ന് വിചാരിച്ചിറ്റ്. മൊല ചപ്പിക്കോണ്ടിരിക്ക്ന്ന കുഞ്ഞുങ്ങള തള്ളി മാറ്റീറ്റ് ഓടറ...ഓട്ടം....ആമിനുമ്മാന്റെ വീട്ടിലേക്ക്. തൊഴിലൊറപ്പ് പണിക്കാര് ആട്ന്ന് പൂച്ചകുഞ്ഞീന കൊണ്ടോയിറ്റ്ണ്ടാവും.വളപ്പില് ചിഞ്ചൂം ചീരൂം കാല് കുത്യാല് ചെല പൂച്ചകളെ മുറുമുറുപ്പ് വകവയ്ക്കാണ്ട്.ആട ഇല്ലെ പൂച്ചകളോടെല്ലം കുഞ്ഞുങ്ങളുള്ള സ്ഥലം ചോദിച്ചറിഞ്ഞ് ത്രേസ്യാമ്മേരെ വീട്ടിലേക്കും.സുബൈദേരെ വീട്ടിലേക്കും നടക്കും.ചെലപ്പൊ പൂച്ച കുഞ്ഞീന കണ്ടെത്തും,ഇല്ലേങ്കില് കണ്ടെത്താനാവാതെ പൊഞ്ഞാറമ്മാളൂന്റെ വീട്ടിലേക്കെന്നെ നടക്കും. മാര്‍ജ്ജാര കുടുംബത്തിലെ തലയെടുപ്പുള്ള മൃഗങ്ങളായ പുലീരേം,നരീരേം എടുപ്പുള്ള തങ്ങള കാണുമ്പൊ പോ പൂച്ചാന്ന് പറയ്ന്ന പൊഞ്ഞാറമ്മാളു കാണാണ്ട് അടുക്കളേല്‍ത്തെ പാത്രോം അളൂല് വച്ച കടുകും തട്ടി മറിച്ച് കുഞ്ഞ്ങ്ങളട്ത്ത് എത്തും. ഒച്ചയനക്കം കേട്ട് രാധമ്മ 'വന്നു പൂച്ച...പോ... ആട്ന്ന്.' ന്നും പറഞ്ഞ് അടുക്കളേലേക്ക് ഓടി വരും. ചിഞ്ചൂം ചീരൂം എത്തണ്ടട്ത്തേക്ക് എത്തീറ്റ്ണ്ടാവും.!

പാല് കുടിച്ചിറ്റ് നടക്കാന്‍ തൊടങ്ങ്യാല് കാരിച്ച്യേട്ടീരെ വീട്ടില് കയറിപറ്റണ്ടെ ദൗത്യം അപ്യെക്ക് കൊട്ക്ക.നല്ല രോമമുള്ള സ്വിംഗ്സ് ക്യാറ്റില്ലതോണ്ട്. അകത്ത് ജീവിക്കല് പ്രയാസായിരിക്കൂന്ന് ചിഞ്ചൂനും ചീരൂനും അറിയ. രണ്ടണ്ണത്തിന പാറുവേട്ടിക്ക് കിന്നാരം പറയാന്‍ കൊട്ക്കാ. എല്ലെങ്കിലെ ആട കൊറേ പൂച്ചകള്ണ്ട്. അതോണ്ട് അയിന്റെ കൂട്ടത്തില് ഇത് രണ്ടും കൂട്യാല്,ഒന്നും വരാനില്ല.പാറു ഏട്ടീരെ വീട്ടില് രണ്ട് പൂച്ചകുഞ്ഞീന കൊണ്ടാക്കീറ്റ് ചിഞ്ചൂം,ചീരൂം പോയി.പാറുവേട്ടി പാല് തെളപ്പിച്ചിറ്റ് പാത്രത്തിലൊഴിച്ചിറ്റ് പൂച്ചകളെ മുമ്പില് വെക്കും.അരലിട്ര് പാല് ദെവസോം കാച്ചും.ചിഞ്ചൂം,ചീരൂം മൊലപ്പാല് കൊട്ത്തിന്റേങ്കിലും പാറുവേട്ടീരെ പത്ത് പന്ത്രണ്ട് പൂച്ചകളെ എടേല് കുഞ്ഞ്യൊ ബത്ക്കുംന്നില്ലെ വിശ്വാസം ചിഞ്ചൂനും ചീരൂനും ഇണ്ട്.പാറു ഏട്ടീരെ മോള് അവസരം തേടി അലയുന്ന കലാകാരിയായതോണ്ട് എപ്പളെങ്കിലെ വീട്ടിലേക്ക് വരലില്ലു. വന്നങ്കിലെന്നെ അധികം ദെവസോന്നും ന്ക്കീല,കൊറച്ചെ സംസാരിക്കൂ.... മോളെ എടക്കെടക്കില്ലെ ദീര്‍ഘനിശ്വാസം കേക്കുമ്പൊ. പാറുഏട്ടീം പൂച്ചാ...പൂച്ചാന്ന് പറയല്ണ്ട്. അതൊന്നും മൈന്റാക്കാണ്ട് അട്ത്ത വര്‍ക്കേടാന്ന് ഓള് ഫോണില് വിളിച്ച് ചോദിക്കല്ണ്ട്.ചിഞ്ചൂന്റേം,ചീരൂന്റേം കുഞ്ഞുങ്ങള താലോലിക്കല്ണ്ട്.

'അമ്മേ ഈ കുഞ്ഞീന കാണുമ്പൊ നരീനമാതിരീണ്ട്.'

ഓള് പറയും.

'അയിന പ് രാവീറ്റ് കൊല്ലണ്ട നീ, നീ പോയാല് എന്‍ക് അയിറ്റ്ങ്ങളെ ഇല്ലൂ, മിണ്ടാനും പറയാനും.'
ഇരുപത്തഞ്ച് വയസ് കൈഞ്ഞിറ്റും സ്വപ്നങ്ങള്‍ക്ക് പെറകെ പോവ്ന്ന പെണ്ണിനോട് പാറുവേട്ടിക്ക് അതേ പറയാനില്ലു.

ഒരു ദെവസം പാറുവേട്ടീരെ മോള് അറിയാണ്ട് പൂച്ചകുഞ്ഞീരെ വയറ്റില് ചവുട്ടി പോയി.പൊതപ്പിന്റെ അടീല് അയതോണ്ട് കാണാന്‍ പറ്റീറ്റ.ചീരൂന്റെ കുഞ്ഞീരെ നാവ് പൊറത്തേക്ക് വന്നു. ചിഞ്ചൂന്റെ കുഞ്ഞി മണപ്പിച്ചോണ്ട് ചീരൂന്റെ കുഞ്ഞീരട്ത്ത് വട്ടം കറങ്ങി. രണ്ട് ദെവസം കൈഞ്ഞിറ്റാണ് പാറുവേട്ടി കുഞ്ഞീന കാണ്ന്നത്.അലക്കാന്‍ വേണ്ടീറ്റ് പൊതപ്പെട്ക്ക്മ്പൊ.പൊതപ്പിന്റടീല് പുഴുവരിച്ചിറ്റ് കെടക്ക്ന്നുണ്ട്. ചത്തിറ്റ, കുളത്തില് കൊണ്ടാക്യപ്പാട് നടക്കാന്‍ കൈയ്യ്ന്നില്ല പാവത്തിന്.
'ഈനണെ നീ നരികുഞ്ഞീന മാതിര്ണ്ട്ന്ന് പറഞ്ഞത്.'
പാറു ഏട്ടി മോള് രേഖയോട് ചോദിച്ചു. രേഖ പൂച്ചകുഞ്ഞീന നോക്കി.

'എന്ന്ന്തന്ന്മെ ഈന ആക്കല്.?

പാറു ഏട്ടി പുഴുവരിച്ചത് കണ്ടപ്പാട് എന്ന് ബത്ക്കീലാന്ന് വിജാരിച്ച് കെളേല് കൊണ്ട്ട്ടു. മറ്റു പൂച്ചകള് കരഞ്ഞോണ്ട് കൊറച്ച് കെഞ്ചലെല്ലം നടത്തി. ഒര് രക്ഷേം ഇല്ല. ചീരൂന്റെ കുഞ്ഞി ചത്തു. പൂച്ചകളെല്ലം വിഷമത്തിലായി.

ചിഞ്ചൂം ചീരൂം മൊലകൊട്ക്കാന്‍ പാറുവേട്ടീരെ വീട്ടില് എത്ത്യപ്പാട് ചീരൂന്റെ കുഞ്ഞീന കാണ്ന്നില്ല. ചീരു കരഞ്ഞോണ്ട് വീട് മൊത്തം പെര്തി. ഏടേം കാണ്ന്നില്ല.ചിഞ്ചൂന്റെ കുഞ്ഞ്യോട് ചോദിച്ചു. കെളേരെ കുഴീരെ അട്ത്ത് വരെ വഴികാണിച്ച് പൂച്ചകള് പോയി. ചീരു പുഴു തിന്നോണ്ടിരിക്ക്ന്ന കുഞ്ഞി കെടക്ക്ന്ന കെളേലേക്ക് തുള്ളി. നാവോണ്ട് കുഞ്ഞീന നക്കി തുടച്ചു. ചെള്ളും പുഴുവെല്ലം പോയീന്ന് ആയപ്പാട് ചങ്കില് കടിച്ചിറ്റ് കെളേരെ മോളിലെത്തിച്ചു. ചീരൂന്റെ മോള് ചെറുതായിറ്റ് നടക്കാന്‍ തുടങ്ങി. ചിഞ്ചൂന്റെ കുഞ്ഞീരൊന്നിച്ച് ആക്കി. പൂച്ചകുഞ്ഞീന കണ്ടപ്പാട് രേഖക്കും, പാറുവേട്ടിക്കും അതിശയായി.
'എണെ ഇത് ചത്തിറ്റണെ.'

പാറു ഏട്ടി അതിശയത്തോടെ പറഞ്ഞു.

'പൂച്ച വീടിന് ബവുസന്നേപ്പ, ഇപ്പൊ ഒരു എലീന പോലും ഈട കാണ്ന്നില്ല.'
വീട്ട്കാര് മനസില്ലാ മനസോടെ സമ്മതിക്കും. അടുക്കളപാത്രത്തില് തലയ്ട്ന്ന പൂച്ചേന ആര്‍ക്കും ഇഷ്ടോല്ല. ചിഞ്ചൂം, ചീരൂം വീട്ടിലെത്ത്യാല് ഗൃഹനാഥന്റെ മോത്തേക്ക് സൂക്ഷിച്ച് നോക്കും.
'എന്റെ കുഞ്ഞിക്ക് എന്തെങ്കിലും കുര്ത്തക്കേട്ണ്ട.? ഇല്ലല്ലൊ അതെന്റെ കുഞ്ഞ്യോണ്.അതോണ്ടാണ്.വീട്ട്കാരെല്ലം അവരുടെ വര്‍ത്തമാനം വായിച്ചെടുക്കും.

പുലീരെ എട്പ്പോട് കൂടി കണ്ടന്‍ വരും. കണ്ടന കണ്ടാലറിയ അടുത്ത പ്രൊഡക്ഷനുള്ള വരവാണെന്ന്.ചിഞ്ചൂനേം, ചീരൂനേം വീട്ട് കാര് ആട്ടി പായിക്കും.മങ്ങിയ വെളിച്ചത്തിലും പൂച്ചകള്‍ക്ക് നന്നായിട്ട് കണ്ണ് കാണാന്‍ പറ്റും. അതോണ്ടെന്നെ രാത്രി ഒറങ്ങുമ്പൊ എന്ത് ശബ്ദം കേട്ടാലും അത് ചിഞ്ചൂന്റേം ചീരൂന്റേം മക്കൊ എലീന പിടിക്കുന്നതായിരിക്കുംന്ന് വിചാരിച്ചിറ്റ് വീട്ട്കാരൊന്നും എണീക്കലില്ല. രാവിലെ വീടിന്റെ മൂലക്ക് രണ്ട് മൂന്ന് എലീം,പല്ലീം,തേളും,അരണേം എന്തിന് ചെറിയ പാമ്പിന വരെ. വയനാട്ട് കുലവന്‍ തെയ്യം കെട്ടിന് ബപ്പ്ടാന്‍ വേണ്ടീറ്റ് പന്നീനേം, അണ്ണാക്കൊട്ടനേം,മുള്ളന്‍ പന്നീനേം നായാട്ടുകാര്‍ കാഴ്ച വെക്കുന്നത് പോലെ, ചിഞ്ചൂന്റേം ചീരൂന്റേം മക്കൊ വീട്ട്കാര്‍ക്ക് കാഴ്ചവെക്കും. ഇത്രേം ക്ഷുദ്ര ജീവികള് വീട്ടിലേക്ക് വന്നിന.! അതിശയത്തോടെ വീട്ടിലെ അമ്മമാര് ചെറുചൂടോടെ മക്കള നോക്കീറ്റ് വിളിക്കും. 'പോ....പൂച്ചെ.... ആട്ന്ന്.'

story literature Malayalam