സന്‍വിരാജ് ദശരഥന്‍
ഈ മുറിയിലെ, ഈ വീട്ടിലെ എന്റെ അവസാനത്തെ രാത്രി. രാത്രിയിലെ രണ്ടു ചപ്പാത്തിയും കഴിച്ച് അച്ഛന്‍ നേരത്തെതന്നെ മുകളിലേക്ക് പോന്നിരുന്നു. അമ്മയുടെ വിയോഗത്തിന് ശേഷം അനാഥമായ താഴത്തെ മുറികളില്‍ നിറഞ്ഞുനിന്ന ഇരുട്ട് എന്റെ മനസിന്റെ വെളിച്ചത്തിലേക്ക് ചേക്കേറാന്‍ തുടങ്ങിയിരുന്നു. വെളിച്ചം തെളിഞ്ഞുനില്‍ക്കുമ്പോഴും നിറയുന്ന ഇരുട്ടിന് കാരണമെന്തായിരിക്കും! മനസിന്റെ തന്നെ പ്രതിഫലനമാവാം. അല്ലെങ്കില്‍ അച്ഛന്‍ പണ്ടെന്നോ അമ്മയോട് പറഞ്ഞപോലെയാവണം. 'നീയാണിവിടത്തെ വെളിച്ചം, നീ പിണങ്ങിയാല്‍ ഇവിടെ എല്ലാത്തിനും ഒരു കറുപ്പാണ്'
മുകളിലെത്തിയപ്പോള്‍ അച്ഛന്‍ പതിവ് ചാരുകസേരയില്‍ ആകാശത്തേക്ക് കണ്ണുംനട്ട് കിടക്കുന്നുണ്ട്. ഒരു മാറ്റവുമില്ല അച്ഛന് അന്നു മിന്നും. ഓഹ്.. അല്ല... ഒന്നുണ്ട്.. ഇന്ന് പതിവില്ലാതെ ആ കണ്‍കോണുകളില്‍ കണ്ണുനീര്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്. അതില്‍ തട്ടി പ്രതിഫലിക്കുന്ന ചന്ദ്രിമക്കും ഉണ്ട് ഒരു മങ്ങല്‍. കുറച്ചുനേരം ഞാന്‍ അച്ഛനെ നോക്കി അങ്ങനെതന്നെ നിന്നു.
ജീവിതത്തിലെ അത്യപൂര്‍വ്വമായ സമയം. ഇനിയൊരിക്കലും ഇതിന്റെയൊരു ആവര്‍ത്തനം ഉണ്ടാവില്ല. മനസ്സില്‍ മുഴങ്ങുന്ന കോലാഹലങ്ങള്‍ക്ക് വ്യക്തതയില്ല. അച്ഛനോട് എങ്ങനെ, എന്ത് പറയണമെന്ന് ഇപ്പോഴും ഒരു ധാരണയില്ല. ഞാനൊരല്പം കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ അച്ഛനെന്നെ കണ്ടു. അച്ഛന്റെ ശരീരം വല്ലാതെ തളര്‍ന്നിരിക്കുന്നു. മുഖത്തെ പ്രസരിപ്പ് നഷ്ടമായിരിക്കുന്നു. അച്ഛന്‍ നിവര്‍ന്നിരുന്ന് കണ്ണുകള്‍ തുടച്ചുകൊണ്ട് എന്നെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു. രണ്ടു ഹൃദയങ്ങള്‍ പൊട്ടാന്‍ പാകത്തിന് വിങ്ങി നിറയുന്നത് കണ്ടിട്ടാവാം നക്ഷത്രങ്ങള്‍ മേഘങ്ങള്‍ക്കുള്ളില്‍ നിന്നും തലനീട്ടി നോക്കിയത്.
മകളെ നക്ഷത്രങ്ങള്‍ക്ക് ദാനം ചെയ്ത അച്ഛന്റെ ദു:ഖമാണോ അതോ അച്ഛനെ ഈ ഭൂമിയില്‍ തനിയെയാക്കി സ്വന്തം സ്വപ്നങ്ങള്‍ക്ക് പുറകെ പായുന്ന മകളുടെ സ്വാര്‍ത്ഥതയാണോ; എന്തായിരിക്കും ഇന്നവരുടെ ചര്‍ച്ചാവിഷയം!
ഞാന്‍ പണ്ടത്തെപ്പോലെ എന്റെ കസേര അച്ഛനടുത്തേക്ക് വലിച്ചിട്ട് ആ കൈപിടിച്ച് അടുത്തേക്കിരുന്നു. ഓര്‍മകളില്‍ ആ കുട്ടിക്കാലത്തെ സല്ലാപം മനസിലേക്കോടിയെത്തി.
'അച്ഛാ.. എനിക്കൊരു നക്ഷത്രത്തെ വാങ്ങിത്തരോ?'
'ഓ.. പിന്നെ.. അതിനെന്താ.. ന്യൂ ഇയറായിക്കോട്ടെ.. ഒന്നല്ല.. മൂന്നെണ്ണം വാങ്ങാം'
'അതല്ലച്ഛാ.. അവിടെ.. ആ മുകളില്‍ കാണുന്ന നക്ഷത്രത്തില്‍ ഒരെണ്ണം വേണം'
'ഓ.. അതോ.. അതിപ്പോ എങ്ങന്യാ.. അത്രക്ക് കാശൊന്നും അച്ഛന്റെല് ഇല്ല.. മോള് വലുതായി ജോലി ചെയ്തു ഒരെണ്ണം വാങ്ങിക്കോ'
പിന്നെയൊരവധിക്കാലത്ത്
ഇവിടെയിരുന്നുതന്നെയാണ് അച്ഛന്‍ എന്റെ കുട്ടിക്കാലത്തെ ആ കുസൃതിചോദ്യത്തെ കുറിച്ച് പറഞ്ഞു ചിരിച്ചത്.
അച്ഛന്റെ വിരലുകള്‍ എന്റെ വിരലുകളെ കോര്‍ത്തുപിടിച്ചു.
'നീയൊരു സാധാരണ കുട്ടിയല്ല. എനിക്കത് മുന്‍പേ അറിയായിരുന്നു. പക്ഷെ, അറിഞ്ഞിട്ടും മനസിനെ പൂര്‍ണ്ണമായും നിന്റെ ഉയര്‍ച്ചക്കൊപ്പം പാകപ്പെടുത്താന്‍ കഴിഞ്ഞില്ല. അതാ.. അതാ ഈ വിഷമം'
'അച്ഛാ..'
'നോ.. ഇത് താത്കാലികമാണ്. അല്ലെങ്കിലും ഇനിയെത്ര കാലം. ഇത് കടന്നുപോകും.. ഈ വിഷമവും കടന്നു പോവും'
'ഉം..'
എന്റെയീ യാത്രയെ കുറിച്ച് ആദ്യമായി പറഞ്ഞത് അച്ഛനോടാണ്. ഫോണിലൂടെ അന്നത് പറഞ്ഞപ്പോ കേട്ടമാത്രയില്‍ അച്ഛന് ആവേശമായിരുന്നു.
'എന്റെ മോള്‍ പരിധികളും ഭേദിച്ച് പറക്കാന്‍ പോവുന്നു! ഐ ആം സൊ പ്രൗഡ്.. സോ പ്രൗഡ്!'
പക്ഷെ അന്ന് ഇതൊരു തിരിച്ചുവരവില്ലാത്ത യാത്രയാണെന്ന് അച്ഛനോട് പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അച്ഛനോടും അമ്മയോടും അതവതരിപ്പിക്കാന്‍ എനിക്ക് സമയം വേണമായിരുന്നു. എന്റെ മനസ്സിനെ, സാഹചര്യങ്ങളെ എല്ലാം അതിനായി സജ്ജമാക്കണമായിരുന്നു.
അടുത്തതവണ നാട്ടിലേക്ക് വന്നത് രണ്ടു ലക്ഷ്യങ്ങളോടെയാണ്.
ഒന്ന്.. അച്ഛനോടും അമ്മയോടും ഇനിയൊരു തിരിച്ചുവരവില്ലാത്ത യാത്രക്കുള്ള അനുവാദം വാങ്ങണം.
രണ്ട്.. യാത്രക്ക് മുന്‍പ് വേണ്ട ചില ചിലവുകള്‍ക്കുള്ള പണം കയ്യില്‍ തികയില്ലായിരുന്നു. ബാക്കി അച്ഛനോട് ചോദിക്കണം.
അമ്മയുടെ അസാന്നിധ്യത്തിലാണ് അച്ഛനോട് ഞാന്‍ കാര്യം ആദ്യമായി അവതരിപ്പിച്ചത്. ഇവിടെ ഈ ടെറസ്സില്‍ വച്ചുതന്നെയായിരുന്നു അത്.
അച്ഛന്‍ ഞെട്ടി. എന്റെ പഠിപ്പെല്ലാം കഴിഞ്ഞു ഞാന്‍ തിരിച്ചെത്തുന്ന ഒരു സമയത്തെക്കുറിച്ചു പ്ലാന്‍ ചെയ്തിരുന്ന അച്ഛന് എന്റെ പ്ലാന്‍ ഒരു കനത്ത പ്രഹരമായിരുന്നു.
എതിര്‍പ്പ് ശക്തമായിരുന്നു. മാത്രമല്ല എന്നെ ഇനിയീ വീടുവിട്ടു പുറത്തിറങ്ങാന്‍ പോലും സമ്മതിക്കില്ലെന്ന് തറപ്പിച്ചുപറഞ്ഞു. അച്ഛനെ ഞാനെങ്ങനെയൊരു ഭാവത്തില്‍ ഒരിക്കലും കണ്ടിട്ടില്ല. കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ച എന്നെ തള്ളിമാറ്റിക്കൊണ്ട് അച്ഛന്‍ താഴേക്ക് പോയി. 'അമ്മ പിണങ്ങുമ്പോള്‍ മാത്രമല്ല, അച്ഛന്‍ പിണങ്ങിയാലും വീട്ടിലെ വെളിച്ചം അപ്രത്യക്ഷമാവുമെന്ന് അന്ന് ഞാനറിഞ്ഞു. അച്ഛനതിനു അവസരമുണ്ടാക്കാത്തതിനാല്‍ ഞാനറിയാഞ്ഞതാണ്. മൂന്നുദിവസം അച്ഛനെന്നോട് സംസാരിച്ചില്ല. എന്നോട് മാത്രമല്ല അമ്മയോടും. മൂന്നാംദിവസം രാത്രി വീണ്ടും ഈ ടെറസ്സില്‍ ഞാന്‍ അച്ഛനെ പിടിച്ചു.
വല്ലാത്തൊരു ഭാവത്തോടെയാണ് അച്ഛന്‍ പ്രതികരിച്ചത്.
'ഞാന്‍ മരിച്ചൊന്നും പോവില്ലച്ഛാ..' ഞാന്‍ കരഞ്ഞു.
'ഇതിലും ഭേദം അതാണ്'
'പോവാന്‍ പറ്റില്ലെങ്കില്‍ ഇവിടെയുള്ള എന്റെ ജീവിതം അതിലും വ്യത്യാസമൊന്നും ഉണ്ടാവില്ല'
മുകളിലെ ബഹളംകേട്ടാവണം അമ്മയും കയറിവന്നത്. കോടതിയില്‍ പരാതി ബോധിപ്പിക്കുന്നപോലെയാണ് അച്ഛന്‍ അമ്മക്ക് കാര്യങ്ങള്‍ വിവരിച്ചുകൊടുത്തത്.
അറിഞ്ഞതും 'അമ്മ തളര്‍ന്നു. പിന്നെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് നിലവിളിക്കാന്‍ തുടങ്ങി. അതൊന്നും എന്റെ തലയില്‍ കയറുന്നുണ്ടായിരുന്നില്ല. എനിക്കൊരു കുറ്റവാളിയുടെ മാനസികാവസ്ഥയായിരുന്നു അപ്പോള്‍.
അത് മനസിലായിട്ടാവണം അച്ഛന്‍ പെട്ടെന്ന് മാറിയത്.
'ശ്ശ് അച്ഛന്‍ ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് അമ്മയോട് നിര്‍ത്താന്‍ പറഞ്ഞു. ആദ്യം 'അമ്മ കേട്ടില്ല.
അച്ഛന്‍ വീണ്ടും ശബ്ദമുയര്‍ത്തിയപ്പോള്‍ 'അമ്മ ശാന്തയായി.
അച്ഛന്‍ അമ്മയെ നോക്കി പറഞ്ഞു.
'നമുക്ക്.. നമ്മുടെ സാധാരണ ജീവിതത്തിനും ചിന്തകള്‍ക്കുമപ്പുറമൊന്നും ഊഹിക്കാനുള്ള കഴിവില്ല. അതാണ് സത്യം. നമ്മുടെ ആ പരിധികള്‍ക്ക് അപ്പുറമുള്ള കാര്യമാണ് മോള്‍ പറഞ്ഞത്. എല്ലാ അര്‍ത്ഥത്തിലും പരിധികള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍. അതാണ് പെട്ടന്ന് കേട്ടപ്പോ ഞാനിങ്ങനെയൊക്കെ പ്രതികരിച്ചത്. ഈ മൂന്നുദിവസം ഞാന്‍ പഠിക്കുകയായിരുന്നു. അതിലൂടെ മനസിനെ സജ്ജമാക്കുകയായിരുന്നു. അവള്‍ക്കൊന്നും സംഭവിക്കില്ല. ഇതുപോലെ ഈ ടെറസ്സില്‍ നിന്ന് മിണ്ടാനും പറയാനുമൊന്നും പറ്റില്ല. അത്രേ ഉള്ളൂ. അത്.. അതുപോട്ടെ.. ഇപ്പൊ ഇതാണ് സത്യം.. ഇതാണ് റിയാലിറ്റി. അവള്‍ പോവും. പോവണം. അവളെ നമ്മുടെ നിലവാരത്തിലേക്ക് താഴ്ത്താനല്ല, അവളുടെ നിലവാരത്തിലേക്ക് നമ്മുടെ മനസുകളെ ഉയര്‍ത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. കോടാനുകോടി ജനങ്ങളും അതില്‍പരം ജീവജാലങ്ങളുമുള്ള ഈ ഭൂമിയിലെ മറ്റാര്‍ക്കും ലഭിക്കാത്ത ഒരവസരം അവള്‍ക്ക് ലഭിക്കുമ്പോള്‍ നമ്മള്‍.. നമ്മള്‍ തടസം പറയാന്‍ പാടില്ല. ഒരിക്കലും പാടില്ല'
'അമ്മ ഒരു ഞെട്ടലോടെയാണ് അച്ഛനെ കേട്ടത്. ഞാനും!
'..എന്നുവച്ചാല്‍... അവളെ ഞാന്‍ നഷ്ടപ്പെടുത്തണോ..?'
'അവളുടെ ജീവിതത്തില്‍ നമ്മളെക്കാള്‍ അവകാശം അവള്‍ക്കുതന്നെയല്ലേ'.
അച്ഛനെ കണ്‍വിന്‍സ് ചെയ്യാന്‍ എന്തൊക്കെ പറയണമെന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നോ അതേ വാക്കുകള്‍ അച്ഛന്‍ അമ്മയോട് പറയുന്നു. ഒരു ഞെട്ടലോടെ ഞാന്‍ ആ മനസ് വായിച്ചെടുക്കാന്‍ ശ്രമിച്ചു. ഒരിക്കലെങ്കിലും എനിക്ക് അച്ഛനെപ്പോലെ ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍!
തിരിച്ചൊന്നും പറയാതെ ഞാനന്ന് ഉറങ്ങാന്‍ പോയത്.
ചിന്തകളില്‍ അച്ഛനുമമ്മയും പിന്നെ നക്ഷത്രങ്ങളും മിന്നിത്തിളങ്ങി. ഉറങ്ങാന്‍ കഴിഞ്ഞില്ല.
തെറാപ്പിസ്റ് ഉപദേശിച്ചുതന്ന ഒരു വിദ്യക്കും എന്നിലേക്ക് ഉറക്കത്തിന്റെ ഒരു ചീള് പോലും കൊണ്ടെത്തിക്കാന്‍ കഴിഞ്ഞില്ല.
കുഞ്ഞായിരിക്കുമ്പോള്‍ അച്ഛനാണ് എനിക്കാദ്യമായി ആകാശത്തെ പരിചയപ്പെടുത്തി തന്നത്. അച്ഛന് കുറെയൊക്കെ അറിയാമായിരുന്നു. ഓരോന്നായി ഓരോ താരങ്ങളുടെയും പേരും വിവരങ്ങളും പറഞ്ഞുതന്നു. ഒന്‍പത് വയസ്സായപ്പോ ഒരു ടെലെസ്‌കോപ് സ്വന്തമായി. പതിയെ ഞാന്‍ ആകാശവിസ്മയങ്ങളുടെ ഒരു ഭാഗമായി. ഓരോ വിസ്മയകാഴ്ചകളും ഞാന്‍ വിവരിക്കുമ്പോള്‍ അച്ഛന്‍ അതെല്ലാം ഒരു പുസ്തകത്തില്‍ കുറിച്ചുവെക്കാന്‍ ഉപദേശിച്ചു. ഞാനതെല്ലാം ചെയ്തു.
പന്ത്രണ്ടാം വയസില്‍ എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ ആകാശ ഡയറി ഒരു പുസ്തകമായി എന്റെ മുന്നിലെത്തി. അതും അച്ഛന്‍ മുന്‍കൈയെടുത്തു ചെയ്യിച്ചതാണ്. എന്റെ സ്‌കൂളില്‍ വച്ചായിരുന്നു അതിന്റെ പ്രകാശനം. സ്‌കൂള്‍ ലൈബ്രറിയില്‍ മറ്റനേകം പുസ്തകങ്ങള്‍ക്കിടയില്‍ എന്റെ പുസ്തകവും ഭാഗമായി. കുട്ടികള്‍ക്കിടയില്‍ ഞാന്‍ താരമായി. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു പുസ്തകം കൂടി. എന്നെ കുറിച്ച് ആദ്യമായി പത്രത്തിലൊരു വാര്‍ത്ത വന്നത് അന്നാണ്.
'ബഹിരാകാശപഠനത്തില്‍ അത്ഭുതമായി പതിനാലുവയസ്സുകാരി' എന്ന തലക്കെട്ടോടെ പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്ററിയില്‍ ഒരു കോളം..
അഹങ്കാരം തലയില്‍ കയറിയിരുന്നോ! ഉണ്ടാവണം. അതാണ് അച്ഛന്‍ ഇടപെട്ടത്.
'ഭഗവാന്‍ കൃഷ്ണനെ അറിയുമോ'
'അറിയാം.. ഗുരുവായൂര്‍ ഉള്ള ആളല്ലേ'
'അതെ.. പക്ഷെ ആ ആളെയല്ല അറിയേണ്ടത്.. ആളുടെ ഉപദേശങ്ങളെയാണ്'
'അതെന്താ.. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹമല്ലേ കൃഷ്ണന്‍'
'അത് സാധാരണ മനുഷ്യന് ആരാധിക്കാനുള്ള കൃഷ്ണരൂപം. പക്ഷെ എന്റെ മോള്‍ അതിലും ഉയരണം. കൃഷ്ണനെ രൂപത്തിലല്ല, കൃഷ്ണന്റെ സന്ദേശങ്ങളിലൂടെ വേണം അറിയാന്‍'
'ഉം..'
'ഒന്നാമത്തെ പാഠം അച്ഛനിന്ന് പറഞ്ഞു തരാം.. ഈ കൃഷ്ണനുണ്ടല്ലോ ഒരു മായാവിയാണ്. നിന്ന നില്‍പ്പില്‍ ആകാശത്തോളം ഉയരാനും അതുപോലെ തന്നെ ഭൂമിയോളം താഴാനും ആള്‍ക്ക് നിമിഷങ്ങള്‍ മതി'
'മാജിക്?'
'അല്ല.. അതാണ് കൃഷ്ണന്റെ ദൈവീകഭാവം.. കുചേലന്റെ കഥ പറഞ്ഞു തന്നത് ഓര്‍മയില്ലേ.. അന്ന് കാലുകഴുകി സ്വീകരിക്കുമ്പോള്‍ കൃഷ്ണന്‍ ഭൂമിയോളം താഴെയായിരുന്നു. കുരുക്ഷേത്രത്തില്‍ അര്‍ജുനന് വിശ്വരൂപം കാണിച്ചപ്പോഴോ?'
'ആകാശത്തോളം ഉയരത്തില്‍'
'ആ.. അങ്ങനെയാവണം നമ്മളും.. ചെറുതാവാനും വലുതാവാനും പഠിക്കണം.. കൊടുക്കാനും സ്വീകരിക്കാനും ബഹുമാനിക്കാനും അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനും പഠിക്കണം.. മനസിലായോ..'
'ഉം.. മനസിലായി.. '
അച്ഛന്‍ അന്ന് കയ്യില്‍ ഭഗവത്ഗീത വച്ചുതന്നു.
ഭൂമിയിലും ആകാശത്തും നിറഞ്ഞു നില്‍ക്കുന്ന പ്രപഞ്ചചൈതന്യം.. അത് നീ തന്നെയാണ്. എന്നില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മചൈതന്യം.. അതും നീ തന്നെയാണ്!
ഗീതയിലൂടെ കണ്ടപ്പോള്‍ കാഴ്ചകള്‍ക്ക് പുതിയ മാനം വന്നു. ജീവിതത്തിനും തീരുമാനങ്ങള്‍ക്കും വ്യക്തത വന്നു.
അത് തന്നെയാണ് ഇത്ര വര്‍ഷങ്ങള്‍ക്കിപ്പുറം ഇതുപോലെ ഒരു തീരുമാനമെടുക്കാന്‍ എന്നെ സഹായിച്ചതും.
അച്ഛന് എന്നെ മനസിലാവും. അച്ഛനെ മനസ്സിലാവൂ..
അന്ന് അവധി കഴിഞ്ഞു തിരിച്ചു പോവുമ്പോള്‍ എന്റെ അക്കൗണ്ടില്‍ ആവശ്യത്തുള്ള പണം ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ പൂര്‍ണ്ണസമ്മതവും അമ്മയുടെ പാതിസമ്മതവും.
അമ്മയെ പിന്നെ കാണാന്‍ കഴിഞ്ഞില്ല. അമ്മയുടെ മരണവാര്‍ത്ത അറിയുമ്പോള്‍ ഞാന്‍ സ്‌പേസ് ക്രാഫ്റ്റിന്റെ സിമുലേഷന്‍ പരിശീലനത്തില്‍ ആയിരുന്നു. ഇടക്ക് വച്ച് നിര്‍ത്തിവരാന്‍ പറ്റില്ല. അതറിയാമായിരുന്നതുകൊണ്ടു അനുവാദം ചോദിച്ചില്ല. യാത്രക്ക് മനസുകൊണ്ട് തയ്യാറെടുത്തു അതിലേക്ക് കടക്കും മുന്‍പ് പല കടമ്പകളുണ്ട്. ശാരീരികമായി തയ്യാറാണോ എന്നറിയും മുന്‍പ് മാനസികമായ തയ്യാറെടുപ്പ് ഉറപ്പിക്കണം. പല തരത്തിലുള്ള കൗണ്‍സലിംഗിലൂടെ അവരത് നൂറുശതമാനവും ഉറപ്പു വരുത്തിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടത്തിവിടൂ. ബന്ധങ്ങള്‍ ഒരു ബന്ധനമാവാന്‍ പാടില്ല. ഇത് മനുഷ്യരാശിയുടെ തന്നെ ഉന്നമനത്തിന് വേണ്ടിയുള്ള യാത്രയാണ്. ഒരുപക്ഷെ മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമായ യാത്ര. അതിനു തടസമായി മറ്റൊന്നും വരാന്‍ പാടില്ല. സംശയിച്ചു നില്‍ക്കാന്‍ പാടില്ല. ഭഗവത്ഗീത വീണ്ടും സഹായത്തിനെത്തി.
അമ്മയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുപിടി പൂക്കള്‍ സമര്‍പ്പിച്ചു നദിക്കരയില്‍ ബലിയിട്ടപ്പോള്‍ അച്ഛന്‍ ഒരു തേങ്ങലായി മനസിന്റെ മറ്റൊരു കോണില്‍ ഉണ്ടായിരുന്നു.
'അവള്‍ക്ക് വയ്യായിരുന്നു. നിന്റെ തയ്യാറെടുപ്പിനിടയില്‍ മനസിന് ഒരു ചാഞ്ചലം വരണ്ടാന്ന് കരുതി പറഞ്ഞില്ലാന്നേ ഉള്ളൂ... പക്ഷെ അവള് സുഖായിട്ടാ പോയെ.. ദു:ഖങ്ങളൊന്നും ഇല്ലാരുന്നു പോവുമ്പോ'
അച്ഛന്റെ ശബ്ദം ആദ്യമായി ദുര്‍ബലമായി തോന്നിയത് അന്നാണ്. ഒരു തിരിച്ചു നടത്തത്തിന്റെ കുറിച്ച് ആദ്യമായി ചിന്തിച്ചതും അന്ന് മാത്രമാണ്.
ഇവിടെ നിന്നും അനേകായിരം കിലോമീറ്ററുകള്‍ ഉയരത്തില്‍ മറ്റേതോ ലോകത്ത് ഇനിയുള്ള ജീവിതം, അത് ഉണ്ടാവുമോ എന്ന് തന്നെ സംശയമാണ്, അതിന് ഞാന്‍ തയ്യാറാണ്. പക്ഷെ ഇവിടെ തനിക്കുള്ള എല്ലാവരെയും നഷ്ടപെട്ട അച്ഛന്റെ ഇനിയുള്ള ജീവിതം.. ഞാനീ ചെയ്യുന്നത് തെറ്റല്ലേ.. അച്ഛനെയിങ്ങനെ ഒറ്റക്ക് വിട്ടു പോവുന്നത്.. ഒരു മകളുടെ ഉത്തരവാദിത്തമല്ലേ പ്രായമായ അച്ഛനെ സംരക്ഷിക്കുക എന്നത്!
അന്ന് വീണ്ടും അച്ഛനെ വിളിച്ചു സംസാരിച്ചു.
'ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ജീവിച്ചു തീര്‍ത്ത എനിക്ക് വേണ്ടി നിന്റെ മുഴുവന്‍ ജീവിതവും സ്വപ്നങ്ങളും മറക്കാമെന്നോ? പാടില്ല! ഞാന്‍ ഓക്കേയാണ്. പരസഹായം വേണമെന്ന് തോന്നുമ്പോള്‍ അതിനുള്ള തയ്യാറെടുപ്പുകളും ഞാന്‍ ചെയ്തിട്ടുണ്ട്. അതിനെ കുറിച്ചൊന്നും നീയിപ്പോ ആലോചിക്കേണ്ട. മനസ് പൂര്‍ണ്ണമായി ചെയ്യുന്ന ദൗത്യത്തിലേക്ക് കേന്ദ്രീകരിക്ക. അത് മാത്രം ചിന്തിക്ക. പിന്നീടൊരിക്കല്‍ നഷ്ടബോധം വരുമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്ക. അത്രേ വേണ്ടൂ.. എവിടെയായാലും എനിക്ക് അഭിമാനിക്കാന്‍ നിന്റെ നാമം മതി. മനസിലായോ?'
അച്ഛന്‍ എന്റെ സംശയങ്ങള്‍ തീര്‍ത്ത് തന്നു.
ഓര്‍മകില്‍നിന്നും തിരിച്ചുവന്നപ്പോഴും അച്ഛന്റെ കൈകള്‍ എന്റെ കൈക്കുള്ളില്‍ ഉണ്ടായിരുന്നു.
നാളെയാണ് ഈ വീട്ടില്‍ നിന്നും അവസാനമായി പടിയിറങ്ങുന്നത്.
നാട്ടില്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. യാത്ര പറയലുകള്‍ അവസാനിച്ചു. ചാനലുകാരും പത്രക്കാരും പടിയിറങ്ങി. അച്ഛനും ഞാനും മാത്രമായി ഈ ടെറസില്‍.. ഈ നിമിഷം.. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നറിയാം..
എത്ര തയ്യാറെടുപ്പുകള്‍ നടത്തിയാലും മുന്നില്‍ അനിശ്ചിതത്വം മാത്രമാണെന്നറിയാം. ഇനി അച്ഛനെ അപൂര്‍വമായി വീഡിയോയിലൂടെ മാത്രം കാണാനേ കഴിയൂ എന്നറിയാം. ഈ മണ്ണും മരങ്ങളും പൂക്കളും പുഴകളും ഈ ശുദ്ധവായുവും ഇനിയില്ലെന്നറിയാം.
സമൃദ്ധമായ ഈ രുചികള്‍ ഇനിയില്ലെന്നറിയാം.
ഞാനീ വസിക്കുന്ന ഭൂമി ഇനി മുതല്‍ എനിക്ക് ഒരു നീലനക്ഷത്രം പോലെ ദൂരെ മിന്നിത്തിളങ്ങുന്ന മറ്റൊരു ഗോളമായി മാറുമെന്നും അറിയാം.
എന്റെ യാത്ര ലക്ഷ്യം കാണാതെ ഒരു പൊട്ടിത്തെറിയില്‍ തീര്‍ന്നു പോവാനുള്ള സാധ്യതകളെക്കുറിച്ചറിയാം.
അങ്ങ് ദൂരെയുള്ള ആ ലോകത്തെത്തിയാല്‍ ഭൂമിയില്‍ നിന്നുമുള്ള സപ്ലൈ എന്തെങ്കിലും കാരണവശാല്‍ നിന്നുപോയാല്‍ എല്ലാം അവിടെ തീരുമെന്ന് അറിയാം.
സുരക്ഷിതമായി തിരിച്ചു ഭൂമിയിലെത്താനുള്ള സാങ്കേതികവിദ്യ ഇനിയും ഇല്ലെന്നറിയാം.
ഒന്ന് മിണ്ടാനോ പറയാനോ കയ്യിലെണ്ണാവുന്ന ചിലരെ ഇനിയുള്ളൂ എന്നറിയാം! കോര്‍ത്തുപിടിച്ച ഈ കൈവിരലിലുകളിലൂടെ ഹൃദയത്തിലേക്ക് പ്രവഹിക്കുന്ന ഈ സ്നേഹം ഇനി അനുഭവിക്കാന്‍ കഴിയില്ലെന്നറിയാം...
എല്ലാമറിയാം.. എല്ലാമറിയാം.. എങ്കിലും പോണം.. ആരും സഞ്ചരിക്കാത്ത പാതയിലൂടെ, ആരും കാണാത്ത ലോകത്തിലേക്ക്, ആരും സ്പര്‍ശിക്കാത്ത നിലങ്ങളിലേക്ക്..
പോയെ തീരൂ..