നന്നേ മെലിഞ്ഞ്,കാഴ്ചയിൽ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന മത്തക്കണ്ണുമായി ആരെയും ആകർഷിക്കാൻ തക്ക രൂപഭംഗിയൊന്നുമില്ലാതിരുന്ന ഒരു പെൺകുട്ടിയായിരുന്നു കൗമാരകാലത്ത് ഞാൻ. എനിക്ക് എന്നിൽ തന്നെ ഇഷ്ടം തോന്നിയിരുന്നത് നീണ്ട മുടിയോട് മാത്രമായിരുന്നു. വെളുത്ത നിറത്തിനാണ് അഴക് എന്ന അബദ്ധ ധാരണയും വരാനിരിക്കുന്ന വിവാഹക്കമ്പോളത്തിൽ നിറത്തിന്റെ പേരിലെങ്കിലും വിലയിടിയരുതെന്ന അത്യാഗ്രഹം കൊണ്ടും ഞാൻ പല പല ലേപനങ്ങൾ മാറി മാറി തേച്ചു കൊണ്ടേയിരുന്നു. ചന്ദനവും മഞ്ഞളുമൊക്കെ മാറി മാറി തേച്ച് ശരീരത്തിന്റെ അടിത്തട്ടിൽഒളിഞ്ഞിരിക്കുന്ന വെളുപ്പിനെ പുറത്ത് ചാടിക്കാനുള്ള ശ്രമത്തിൽ എന്റെ യഥാർത്ഥ മുഖം മറ്റുള്ളവരുടെ കാഴ്ചയ്ക്ക് അപ്രാപ്യമായി. കണക്കും കെമിസ്ട്രിയും എന്നോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ ഒമ്പതാം ക്ലാസ്സിൽ ആദ്യമായി ട്യൂഷന് ചേർന്നു. പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന വിദ്യാലയത്തിൽ നിന്ന് ഈ ട്യൂഷൻ സെന്ററിലേക്ക് എന്നെ പറഞ്ഞയക്കാൻ അദ്ധ്യാപകരും ഉത്സാഹിച്ചു. പലരും അവിടെയും പഠിപ്പിക്കുന്നു എന്നതായിരുന്നു കാരണം.സഹോദര വിദ്യാലയമായ ആൺ പള്ളിക്കൂടത്തിലെ വിദ്യാർത്ഥികളും അവിടെ പഠിക്കുന്നുണ്ടെങ്കിലും അവരെ സഹോദരന്മാരായി കാണാൻ ഞങ്ങൾ പെൺകുട്ടികൾക്കോ ഞങ്ങളെ സഹോദരിമാരായി കാണാൻ അവരോ തയ്യാറായില്ല.
ആ ട്യൂഷൻ ക്ലാസ്സിൽ വെച്ചാണ് എന്റെ ആദ്യ പ്രണയത്തിന് തറക്കല്ലിട്ടത്..അതിനെ പ്രണയമെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. ചന്ദനക്കുറിയിട്ട ഒരു വെളുത്ത പത്താം ക്ലാസ്സുകാരന്റെ മുഖം എന്റെ കാഴ്ചയിൽ ഇടയ്ക്കിടെ ഇടം പിടിച്ചു. സുന്ദരിയാണ് എന്ന അവന്റെ ആംഗ്യ ഭാഷയും കണ്ണിറുക്കിയുള്ള ചിരിയും എന്നിലെ കൗമാരക്കാരിയിലെ പ്രണയത്തെ തട്ടിയുണർത്തി. അവനെ കാണിക്കാനായി ഞാൻ അണിഞ്ഞൊരുങ്ങി. മുറ്റത്ത് വിടർന്ന് ചിരിതൂകി നിൽക്കുന്ന റോസക്കുഞ്ഞുങ്ങളെ അവരുടെ അമ്മചെടിയുടെ മുൾക്കുത്തേറ്റ് വേദനിച്ചിട്ടും ഗൗനിക്കാതെ ഇറുത്തെടുത്ത് ചെവിക്ക് പിന്നിൽ മുടിയിൽ തിരുകി. എന്റെ പ്രവൃത്തിയിൽ പ്രതിഷേധിച്ച് പെറ്റ് കൂട്ടണ്ട എന്ന് അവൾ തീരുമാനമെടുത്താൽ കനകാംബരവും മുല്ലയും എന്റെ ക്രൂരതയ്ക്കിരകളായി.മുടി രണ്ടായി പിന്നി പൂക്കൾ കോർത്ത് കെട്ടി ഞാൻ തമിഴ് പെൺകൊടിയായി.തലയിൽ ഇടയ്ക്ക് തട്ടമിട്ട് മൊഞ്ചത്തിയാവാൻ നോക്കി. ഓരോ ദിവസവും ട്യൂഷൻ ക്ലാസ്സിന്റെ പനയോല കൊണ്ടുള്ള വേർതിരിവിൽ ഏതോ പ്രണയാർത്ഥികൾ എന്നോ ഉണ്ടാക്കിയ ദ്വാരത്തിലൂടെ അവനെന്നെയും ഞാനവനെയും പത്താം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും ഇരുന്ന് സയൻസ് ക്ലാസ്സിന്റെയും കണക്ക് ക്ലാസ്സിന്റെയും മടുപ്പുകളറിയാതെ പ്രണയിച്ചു.പത്ത് കഴിഞ്ഞ് അവനേതോ കലാലയത്തിലേക്ക് ചേക്കേറിയപ്പോൾ വിരഹവേദനയിൽ നൊന്ത് ഞാനാ ട്യൂഷൻ ക്ലാസ്സ് ഉപേക്ഷിച്ചു.അവന്റെ സ്വരം ഒരിക്കലും കേട്ടിരുന്നില്ലെങ്കിലും ആ ചന്ദനക്കുറിയിട്ട മുഖം എന്നെ എപ്പോഴും വേദനിപ്പിച്ചു.ഇന്ന് വരെ ഞാനവനെ പിന്നീട് കണ്ടിട്ടേയില്ല. എന്റെ മനസ്സിനെ നന്നായി നോവിച്ചിരുന്നെങ്കിലും ഇപ്പോൾ ഓർക്കുമ്പോൾ തമാശ തോന്നുന്ന, പ്രണയമെന്തെന്ന് പോലും തിരിച്ചറിയാതിരുന്ന, വെറും ആകർഷണം മാത്രമായിരുന്ന ആ കാലം ഇന്നും ഒരു കൊച്ചു പ്രണയ ശിലയായി മനസ്സിലുണ്ട്. മഹാരാജാസിൽ ബിരുദത്തിന് പഠിക്കാൻ ചേരുമ്പോഴേക്കും കാറ്റടിച്ചാൽ പറക്കുമെന്ന നിലയിൽ നിന്ന് എന്റെ ശരീരഭാരം ഉയർന്നു. ലേപനങ്ങൾ പുരട്ടിയത് കൊണ്ടാണോ എന്നറിയില്ല, ഒളിഞ്ഞു കിടന്ന വെളുത്ത നിറം പതുക്കെ തലപൊക്കി പുറത്തു വന്നു. മഹാരാജാസിലെ ചുറ്റു ഗോവണിയിലും മലയാളം ഡിപ്പാർട്ട്മെന്റിലെ മരത്തിന്റെ ഗോവണികളിലും വെച്ചാണ് എനിക്ക് പലപ്പോഴും പ്രേമ ലേഖനങ്ങൾ കിട്ടിയിട്ടുള്ളത്.പലതും പൈങ്കിളി സാഹിത്യത്താൽ മുഖരിതമായിരുന്നു.
ആരോഗ്യകരമായ സൗഹൃദങ്ങൾ തന്ന കലാലയമാണെനിക്ക് മഹാരാജാസ്.പ്രേമലേഖനങ്ങൾ പലപ്പോഴും വായിച്ച് അഭിപ്രായം പറയുന്നത് എന്റെ ആൺ സുഹുത്തുക്കൾ തന്നെയാണ്.എന്തിനും ഏതിനും അവരുണ്ടാകും കൂടെ, അന്നും ഇന്നും..അങ്ങനെയിരിക്കെ ഒരു ദിവസം ഒരിക്കൽ പോലും എന്റെ ശ്രദ്ധയിൽ പെടാത്ത, അഥവാ കണ്ടാലും ഞാൻ ഗൗനിക്കാത്ത എന്റെ ക്ലാസ്സിൽ തന്നെയുള്ള ഒരു പയ്യൻ എന്റെ മുൻപിൽ എത്തി..ചിക്കൻപോക്സ് വന്ന കലകളും കൂർത്ത മുഖവും കറുത്ത നിറവും എന്നിലന്ന് വെറുപ്പുളവാക്കി.ഞാനവനെ ചോദ്യഭാവത്തിൽ നോക്കി.ഒട്ടും തിളക്കമില്ലാത്ത കണ്ണുകളിൽ നിന്ന് എനിക്കൊന്നും വായിച്ചെടുക്കാൻ കഴിഞ്ഞില്ല. ശ്രമിച്ചതുമില്ല. എന്റെ നേരെ നീട്ടിയ നാലായി മടക്കിയ വെള്ളക്കടലാസ് കൈയ്യിൽ വാങ്ങാതെ ഞാൻ നിന്നു.വെറുപ്പോടെയുള്ള എന്റെ നോട്ടത്തിന് മറുപടിയായി അവനത് തൊട്ടടുത്ത ഡസ്കിൽ വെച്ച് തിരിഞ്ഞ് നടന്നു.സംഭവത്തിന് അകലെ നിന്ന് സാക്ഷികളായ എന്റെ ആൺ സുഹൃത്തുക്കൾ അതെടുത്ത് ഉറക്കെ വായിച്ചു. എന്നോട് പ്രണയം തോന്നി എഴുതിയ ആ കവിത എന്തായാലും മനോഹരമായിരുന്നു എന്ന് ഇപ്പോഴും ഓർക്കുന്നു. എന്റെ മുഖത്ത് നിന്ന് മനസ്സ് വായിച്ചറിഞ്ഞ എന്റെ സുഹൃത്തുക്കൾ അവനോട് എന്താണ് പറഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല. അതെന്തായാലും അതെനിക്ക് അവനോട് തിരിച്ചും പ്രണയമുണ്ട് എന്നാവില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു.
പിറ്റേ ദിവസം മുതൽ കുറച്ച് ദിവസത്തേക്ക് അയാളെ ക്ലാസ്സിൽ കണ്ടില്ല. പലരും പറഞ്ഞറിഞ്ഞതല്ലാതെ ഞാനത് അന്വോഷിച്ച് മെനക്കെട്ടില്ല എന്നതാണ് സത്യം.കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒറ്റക്കിരുന്ന് ക്ലാസ്സിൽ നോട്ടെഴുതി കൊണ്ടിരുന്നപ്പോൾ ബോർഡിൽ വലിയ അക്ഷരത്തിൽ സോറി എന്നെഴുതി അവൻ പോയി. മഹാരാജകീയത്തിൽ എന്റെ മനസ്സിൽ മറ്റൊരാളോട് പ്രണയമഴ പെയ്യുന്നത് കണ്ട് കണ്ണുകൾ തുടക്കുന്ന അവനെ ഞാനെപ്പോഴോക്കെയോ കണ്ടു. അവന്റെ കാഴ്ചയിൽ പെട്ടാൽ എന്റെ പ്രണയഭാവങ്ങൾ പതിവിലും കൂടുതൽ ശക്തി പ്രാപിക്കും. എന്റെ മനസ്സിൽ അന്ന് നിറഞ്ഞ ക്രൂരത അളക്കാൻ പറ്റില്ലെന്ന് തോന്നുന്നു..പിന്നീട് വർഷങ്ങൾക്ക് ശേഷം ഭർത്താവിനോടൊപ്പം ഒരു ഞായറാഴ്ച പെരുമ്പാവൂർ നഗരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ട്രാഫിക്ക് തിരിച്ചുവിടുന്ന ഒരു പോലീസുകാരൻ എന്നെ സാകൂതം നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ഒരപരിചിതനോട് ചിരിക്കാൻ പ്രയാസപ്പെട്ട് ഞാൻ ചിരിച്ചെന്ന് വരുത്തി മുഖം തിരിച്ചു. വീണ്ടും യാത്ര തുടങ്ങിയപ്പോൾ ആ മുഖം എന്നെ പിന്തുടരും പോലെ, എവിടെയോ കണ്ടു മറന്ന മുഖം. ഓർമകളിൽ ഓടിനടന്ന് പരതി ഞാനയാളെ ഓർത്തെടുത്തു. പണ്ട് എനിക്ക് കവിത പ്രേമലേഖനമായി തന്നയാൾ. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ ഇതിനകം തിരിച്ചറിഞ്ഞ എനിക്ക് അന്നയാളോട് ക്രൂരമായി പെരുമാറിയതിൽ വിഷമം തോന്നി..കുറച്ച് മാസങ്ങൾക്ക് ശേഷം മഹാരാജാസിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മോളെയും കൊണ്ട് ഞാനും പോയി. പഴയ കാല സുഹൃത്തുക്കളെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ഞങ്ങളുടെ ചിരിയുടെയും തമാശകളുടെയും ഇടയിലേക്ക് അയാളെത്തി. പണ്ട് നടന്നതിന്റെ ചെറിയ കുറ്റബോധം എനിക്കും ചെറിയ ഒരു ജാള്യത അയാളിലും ഉണ്ടായിരുന്നു അയാളോട് ഞാൻ വിശേഷങ്ങൾ തിരക്കി. തിരിച്ചും..
ഭാര്യയും മക്കളുമൊക്കെ? എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ അയാൾ തിരിഞ്ഞ് നടന്നു. എന്റെ സുഹൃത്തിന്റെ ശബ്ദം കാതിൽ മുഴങ്ങി. 'അവനിപ്പോഴും വിവാഹിതനല്ല.പല തവണ സംസാരിച്ചപ്പോഴും അവനതിൽ നിന്ന് ഒഴിഞ്ഞ് മാറിയിട്ട് ചോദിക്കാറ് നിന്റെ വിശേഷങ്ങളാണ്..' അതെന്നെ വെല്ലാതെ വേദനിപ്പിച്ചു. അയാളോട് അന്ന് കാണിക്കാതിരുന്ന അനുകമ്പ മനസ്സിൽ നിറഞ്ഞു.മനസ്സിൽ ആയിരം തവണ മാപ്പും പറഞ്ഞു. എനിക്ക് അയാളോട് പ്രണയം ഉണ്ടായിരുന്നില്ലെങ്കിലും എന്റെ മനസ്സിലെ പ്രണയങ്ങളുടെ കൂട്ടത്തിൽ എവിടെയോ അവനുണ്ട്.ഒരു കൂറ്റൻ പ്രണയ ശിലയായി