പിറക്കാതെ പോയ ചിലത്

തിരക്കിട്ടൊരു തിരക്കഥ ജനിപ്പിക്കുമ്പോളവൾ വന്നു മൊഴിഞ്ഞു; പ്രിയനേ നിറയെ പ്രണയം മാത്രമുള്ളൊരു കവിതയെഴുതിയെൻ ദാഹമകറ്റൂ..

New Update
പിറക്കാതെ പോയ ചിലത്

 

തിരക്കിട്ടൊരു തിരക്കഥ
ജനിപ്പിക്കുമ്പോളവൾ
വന്നു മൊഴിഞ്ഞു;
പ്രിയനേ നിറയെ പ്രണയം മാത്രമുള്ളൊരു
കവിതയെഴുതിയെൻ
ദാഹമകറ്റൂ..

മനസിൽ വരച്ചിട്ട
പശ്ചാത്തല ദൃശ്യങ്ങളിൽ നിന്ന്,
ചിന്തയിൽ കുറിച്ചിട്ട
ചലന ദിശകളിലൂടെ,
അനുയോജ്യ ക്യാമറക്കോണുകളും
പാലിച്ച്
ഹൃദയത്തിലെഴുതപ്പെട്ട
സംഭാഷണങ്ങളും പറഞ്ഞ്
ഒറ്റനിമിഷംകൊണ്ട്
എല്ലാ കഥാപാത്രങ്ങളും
അവളുടെ ചുറ്റുമായ്
കവിത കേൾക്കാൻ
കാത്തിരിപ്പായ്..

കവിതയുപേക്ഷിച്ച
നാൾതൊട്ടിന്നേവരെ
ആരോടും വെളിപ്പെടുത്താത്ത
പരമരഹസ്യം പ്രിയപ്പെട്ടവളോടെങ്കിലും
പറയേണ്ടേ..?
അവൾക്കു ചുറ്റും
അക്ഷമരായിരിക്കുന്ന എൻ്റെ തന്നെ
കഥാപാത്രങ്ങൾ വിലയിരുത്തിയെൻ തീരുമാനത്തിലെ ശരിതെറ്റുകൾ
പറയട്ടെ ..
ഇനിയും കവിത എഴുതണോയെന്നും.

കവിതയുപേക്ഷിച്ച ദിനം:

ഇത്രയും പ്രണയാർദ്രമായ
ഇത്രയും സുന്ദരമായ വരികൾ
എഴുതപ്പെട്ടിട്ടുണ്ടാവുമോ?
അത്യപൂർവ്വമായ് മാത്രം
പിറവിയെടുക്കുന്ന ആ വരികൾ
പുറത്തു വന്നതുമില്ല

നിദ്രയുടെ അബോധത്തിനും
സ്വപ്നത്തിൻ്റെ ബോധത്തിനും
ഇടയിലെപ്പോഴോ
മസ്തിഷ്ക്കത്തിൽ നിന്ന്
ഊറിയിറങ്ങി തൊണ്ടയിലൂടെ
നാസാഗ്രത്തിൽ പടർന്ന്
ഹൃദയത്തിൽ ലയിച്ച വരികൾ

ഉണരും വരെ നാവിൻതുമ്പത്തും
പേനയെടുക്കും വരെ ഓരോ നിശ്വാസത്തിലുമുണ്ടായിരുന്നു

ഓർക്കാൻ ശ്രമിച്ചിട്ട്,
പാടാനോ പറയാനോ ശ്രമിച്ചിട്ട്,
എഴുതാൻ ശ്രമിച്ചിട്ട്
ആ വരികൾ മാത്രം
പുറത്തേക്ക് വന്നില്ല
സ്വപ്നത്തിൻ്റെയേതോ യാമത്തിൽ
പിറന്ന ആ കവിതക്കുഞ്ഞിനെ
എങ്ങനെ തിരിച്ചെടുക്കും?

വിശ്വ കവികൾ വേഡ്സ്വർത്തും
ഷെല്ലിയും റൂണിയും കീറ്റ്സും
വയലാറും ചുള്ളിക്കാടും
തേടിയ മഹദ് വരികളിതാവാം

കവികളൊക്കെയും
ആത്മഹത്യയിലഭയം
തേടിയത് പിറവിയെടുക്കാത്ത
ആ വരികൾ കാരണമാവാം

ഒന്നായ് ചേർന്നു ലയിച്ച
മാനസങ്ങൾ
ഒന്നാമതാവാനുള്ള മാത്സര്യം
സ്നേഹത്തിനു വേണ്ടി മാത്രമാവുമെന്ന്,
കിട്ടുന്തോറും കൂടുതൽ കൂടുതൽ
മോഹിക്കുന്നതാണല്ലോ
സ്നേഹത്തിൻ്റെ മാന്ത്രികതയെന്ന്
ആ വരികളിലടങ്ങിയിരിക്കുമോ?

പ്രണയത്താൽ നിറഞ്ഞയീ കുടം
തുളുമ്പാതെ നിർത്തുന്ന
മായിക വിദ്യ
ആരാധന തുളുമ്പുന്ന പ്രണയനിയോട്
പറയാതെ പറഞ്ഞതാവുമോ?

നിറഞ്ഞു കവിയാതെ
ശാന്തമായൊഴുകുന്ന പുഴ പോലെ
നിറയെ നക്ഷത്രങ്ങളാൽ
നിശയെ പകലാക്കുന്ന മാനം പോലെ
പച്ചപ്പിൻമേൽക്കൂരയാൽ
വന്യതയിലും ശാന്തി നൽകുന്ന ആരണ്യകംപോലെ
തുളുമ്പി പ്രകടമാവാത്ത
പ്രണയത്തിൻ്റെ നിരർത്ഥകതയാവുമോ
ആ വരികൾ.

പിറന്നതിനേക്കാളേറ്റവും
ശ്രേഷ്ഠം പിറക്കാത്തതെന്നപോൽ
തുളുമ്പിത്തൂവുന്നതിനേക്കാളേറ്റവും
ഗാഢമാണ് തുളുമ്പാത്ത
പ്രണയമെന്നറിയാൻ
മനസ്സുനിറയെ നീ മാത്രമുള്ള
ഒരു ജീവിതം വരച്ച്
പുനർജനിപ്പിക്കട്ടെ
നിന്നെയാ കവിതക്കുഞ്ഞായ്..!

തിരശ്ശീലയിൽ കഥ
കളിക്കുന്ന താളത്തിൽ
പശ്ചാത്തല ദൃശ്യങ്ങളിലേക്ക്
ചലന ദിശകൾ മാറാതെ
ക്യാമറക്കോണുകൾ തെറ്റാതെ
കഥാപാത്രങ്ങളോരോന്നും,
പിറക്കാതെ
പോയ ആ വരികൾ ചൊല്ലി
മനസ്സിലേക്ക്,
ചിന്തയിലേക്ക്, ഹൃദയത്തിലേക്ക്
തിരിച്ചു കയറിയപ്പോഴാണ്
കവിത കുടിച്ച് ദാഹമകറ്റാൻ വന്നവൾ
വെറും മതിഭ്രമമാണെന്ന്
ഡോക്ടർ മയക്കിക്കിടത്തിക്കൊണ്ട്
ബോധ്യപ്പെടുത്തിയത്!

malayalam poem