കവിത-പൂവും മഴയും-പ്രസന്നകുമാര്‍ അടുത്തില

കുട്ടിയെന്നോടുപറഞ്ഞു അവനിപ്പോള്‍ സങ്കടത്തിലാണെന്ന്. പക്ഷെ കാരണമവന്‍പറയുന്നില്ല. ഭൂമിയിലിപ്പൊഴേ തനിച്ചായപൊലെ അവനിരുന്നു.

author-image
Web Desk
New Update
കവിത-പൂവും മഴയും-പ്രസന്നകുമാര്‍ അടുത്തില

കുട്ടിയെന്നോടുപറഞ്ഞു
അവനിപ്പോള്‍ സങ്കടത്തിലാണെന്ന്.
പക്ഷെ കാരണമവന്‍പറയുന്നില്ല.
ഭൂമിയിലിപ്പൊഴേ തനിച്ചായപൊലെ
അവനിരുന്നു.

എന്തേ ഇവിടെ ഒറ്റയ്ക്ക്?
ഞാന്‍ ചോദിച്ചു.
അവനറിഞ്ഞുകൂട.

കാരണമറിയില്ലെങ്കിലുമവനെ
സന്തോഷിപ്പിക്കണമെനിക്ക്.
അവനൊരു കുട്ടിയല്ലേയെന്ന്
മനസ്സു പറഞ്ഞു.

ഞാന്‍ ചിരി കൊടുത്തു
അവനത് പോര.

മിഠായി കൊടുത്തു
അവനത് വേണ്ട
കളിപ്പാട്ടം കൊടുത്തു
അവനതെടുത്ത് ദൂരെയെറിഞ്ഞു!

ഞാനൊരു പാട്ടുപാടി
അവന്‍ ചെവിപൊത്തി.

ഞാന്‍ പുതിയ വഴികള്‍ തേടി.
എനിക്കവനെ സന്തോഷിപ്പിക്കണം.

ഞാന്‍ എന്റെ ജീവിതത്തിനു താങ്ങായി മാറിയ
പവര്‍ ഒഫ് പോസിറ്റീവ് തിങ്കിംഗ്*
എന്ന ഊര്‍ജദായിനിയെ തന്നെ
ശരണം പ്രാപിച്ചു.
നോര്‍മന്‍ വിന്‍സന്റ് പേള്‍
എന്നെ പലതും പഠിപ്പിച്ചിട്ടുണ്ട്!
ഒരു പൂവുണ്ടങ്കിലെനിക്ക്
സന്തോഷിക്കാനതുമതി.

പൂവില്ലെങ്കില്‍ പൂവിന്റെ
നിറവും രൂപവും മനസ്സിലുണ്ടായാലും മതി,
പൂവിന്റെ പേരൊന്നുച്ചരിച്ചാലും മതി,
ഓരോ പൂവും, അതിന്റെയിതളുകളും
മൃദുല സുന്ദരശില്‍പങ്ങളായി
എന്നെ സന്തോഷിപ്പിക്കാന്‍ മാത്രമായി
എന്റെയുള്ളില്‍ തെളിയുകയായി,
പേരുള്ള പൂക്കളും
പേരില്ലാത്ത പൂക്കളുമുണ്ട്.

പൂവിനു പലതരം പേരുകളിട്ടതാരാണ്
എന്ന സയന്‍സ് ടീച്ചറുടെ ചോദ്യത്തിന്
പൂവിന്റെയച്ഛനുമമ്മയുമെന്ന് ഉത്തരം
ക്ലാസ്സില്‍ പറഞ്ഞതും
എല്ലാവരും കളിയാക്കി ചിരിച്ചതും
എനിക്കോര്‍മയുണ്ട്.

പൂവിനെക്കുറിച്ചവനോട് പറഞ്ഞാലോ,
അല്ലെങ്കില്‍,
മഴയെക്കുറിച്ചു പറഞ്ഞാലോ?
പൂവു കഴിഞ്ഞാല്‍ എനിക്ക്
സന്തോഷം തരുന്ന
സംഭവമാണ് മഴ!
പൂവുവരണമെങ്കില്‍
മഴ വേണം താനും.
മഴ സന്തോഷം തരണമെങ്കിലതു
തകര്‍ത്തു പെയ്യണം.
വെള്ളം വീടിനുചുറ്റും ചറപറ വീണ്
മരച്ചില്ലകളില്‍ തട്ടിതെറിച്ച്
ഓട്ടിന്‍ചാലുകളിലൂടൊഴുകി
പലതിലും വീണ് പെരുമ്പറ കൊട്ടി
യങ്ങിനെ തകര്‍ക്കണം.

തകര്‍ത്തുപെയ്യുന്നുണ്ടെങ്കിലെനിക്ക്
ആനന്ദ നൃത്തത്തിനതുമതി.
മഴയില്ലെങ്കിലും വഴിയുണ്ടെനിക്ക്,
മഴയെ മനസ്സില്‍ കണ്ടു നൃത്തം ചെയ്യാന്‍
എന്നിലെ പോസിറ്റീവ് തിങ്കിംഗും
തലയ്ക്കു ഇത്തിരി ഭ്രാന്തുകൂടി മതി!

മഴയെക്കുറിച്ചവനോടു പറഞ്ഞാലോ?
വേണ്ട,
പൂവില്‍ തുടങ്ങി വേണ്ടിവന്നാല്‍
മഴയിലെത്താം.

ഒരു പൂവിനെ മനസ്സിലോര്‍ത്ത്
ഉള്ളില്‍ സന്തോഷം നിറയ്ക്കു എന്നു
കുട്ടിയോട് ഞാന്‍ പറഞ്ഞു!
നോര്‍മന്‍ വിന്‍സന്റ് പേള്‍
എന്നോട് പറഞ്ഞ പോലെ!
അവനൊന്നും മനസ്സിലാകാതെയെന്നെ നോക്കി,
പിന്നെയെന്നെയടിമുടി നോക്കി
ഭ്രാന്തനല്ലെന്നുറപ്പുവരുത്താനാണെന്ന്
ആ നോട്ടത്തില്‍ നിന്നെനിക്ക് തോന്നി.

അപ്പോഴിടിവെട്ടി, ഭൂമി കുലുങ്ങി.

മഴയതാ തകര്‍ക്കുവാന്‍
പോകുന്നെന്നുപറഞ്ഞതുമവന്‍
സങ്കടം മറന്നൊ-
രാനന്ദനൃത്തം തുടങ്ങി.

മഴയെത്തുംമുമ്പേ.

ഭൂമിവരണ്ടതോ നിന്റെസങ്കടം?

അതുമല്ലെങ്കില്‍,
നിന്റെ സങ്കടം കണ്ട്
മേഘം കണ്ണീര്‍ പൊഴിച്ചതോ?

* The Power of Positive Thinking,
Norman Vincent Peale

 

poem literature Malayalam