കത്തിജ്ജ്വലിക്കുന്ന മനസ്സ്. ഇനി അതിനൊരു ശാന്തി കിട്ടണമെങ്കില്‍ ആരോട് മനസ്സ് തുറക്കണം? ഒരു സമാധാനവുമില്ലാതെ ഉറക്കം തൂങ്ങുന്ന കണ്ണുകളും ഉത്തരമില്ലാത്ത ചിന്തകളുമായി കാലുകള്‍ യാന്ത്രികമായി പറിച്ചുവെച്ചു കൊണ്ട് നടന്നു. പണ്ടുമുതലേ ഉള്ള ശീലമാണല്ലോ, വേദന പറ്റുമ്പോള്‍ ആദ്യം വിളിക്കുന്നത് അമ്മയെയായിരിക്കും. അദ്ഭുതമുളവാക്കുന്ന എന്തെങ്കിലും കണ്ടാലും ആദ്യം വിളിക്കുന്നത് ''എന്റമ്മേ'' എന്നായിരുന്നു. കൂട്ടുകാര്‍ കളിയാക്കുമ്പോഴും മറ്റെന്തെങ്കിലും വിഷമം അനുഭവിക്കുമ്പോഴും ഓടിയെത്തിയിരുന്നത് അമ്മയുടെയടുത്തുതന്നെയായിരുന്നു.
ബാല്യത്തില്‍ അമ്മയോട് ചെന്ന് സങ്കടം പറയുമ്പോള്‍ അമ്മ ആശ്വസിപ്പിച്ചുകൊണ്ട് ചേര്‍ത്ത് പിടിക്കുമായിരുന്നു, വാരിപുണരുമായിരുന്നു. അപ്പോള്‍ ഒരു ദീര്‍ഘ നിശ്വാസത്തില്‍ എല്ലാ പ്രയാസങ്ങളും കഴുകിക്കളഞ്ഞിട്ടുണ്ട്, എത്രയോ തവണ. ഇന്നിപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ മക്കളാല്‍ പോലും ത്യജിക്കപ്പെട്ട് തിളച്ച് മറയുന്ന മനസ്സുമായി നടന്നെത്തിയതും അമ്മയുടെ മുന്നിലായിരുന്നു. തൊലി
ചുക്കിച്ചുളിഞ്ഞ കൈകള്‍കൊണ്ട് തന്റെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട്, തഴുകിക്കൊണ്ട് അമ്മ ചോദിച്ച ആ ചോദ്യം
''എന്താ മോനേ വല്ലാണ്ടിരിക്കുന്ന്, മോനു സുഖുല്ലേ? കുറച്ച് കഞ്ഞി തരട്ടേ മോനേ...''
കണ്ണുകളിലേക്ക് നോക്കിക്കൊണ്ടുള്ള, വേവലാതിയോടെയുള്ള ആ ചോദ്യം മനസ്സിനെ വല്ലാതെയങ്ങ് സങ്കടപ്പെടുത്തിക്കളഞ്ഞു. ഉള്ളിന്റെയുള്ളിലുണ്ടായിരുന്ന സങ്കടങ്ങളൊക്കെയും ഒരു തേങ്ങലായി അണപൊട്ടി ഒഴുകി. കണ്ണുനീരും തേങ്ങലും പുറത്തേക്കൊഴുകുമ്പോഴേക്കും... ''ഓ അത് പുറത്തേക്കൊഴുകി. കാര്‍ത്ത്യേ ഇത് തൊടച്ചെടുത്താട്ടെ... വാ... ഇങ്ങ്
വാ...'' അച്ചനായിരുന്നു. പ്ലാസ്റ്റിക് കാനിലുണ്ടായിരുന്ന വെളിച്ചെണ്ണ ഒരു കുപ്പിയിലേക്ക്
മാറ്റുമ്പോള്‍ അത് പുറത്തേക്കൊഴുകിയതാ.
''കണ്ണും കാണാണ്ട് ഓരോന്ന് വെരുത്തിവെച്ചിട്ട്.... അഞ്ച് ഗുളികയുണ്ട് തിന്നാന്‍.
അത് നിങ്ങ തിന്ന്വാ? ഞാനെന്നേരേ പറഞ്ഞതാ, ആട വെച്ചേ, ആട വെച്ചേന്ന്... ഞാനൊയിച്ചോളാന്ന്. എന്നിട്ടിപ്പം.... '
'സാരൂല്ലമ്മേ, അതെനി തൊടച്ചെടുക്ക്വാന്നല്ലാണ്ട്''
2
അപ്പോഴേക്കും എന്റെ സങ്കടവും കണ്ണുനീരും അവിടെതന്നെ തടഞ്ഞ് നിന്നുപോയിരുന്നു. എത്രയോ കൊല്ലങ്ങള്‍ക്ക് മുന്നേ ഞാനനുഭവിച്ചൊരു സുഖം എന്നെ ആകെ പൊതിയുന്നതായി തോന്നി. കാലില്‍ നിന്നും ഒരു തണുത്ത സുഖം മുകളിലേക്ക് കയറി. ഒരു കുളിരായി, സുഖമായി എന്റെ മനസ്സില്‍ നിറയുകയായിരുന്നു. എന്റെ എല്ലാ സങ്കടങ്ങളും കഴുകിക്കളയുകയായിരുന്നു. ആ മാസ്മരികതയില്‍ ഏതാനും നിമിഷം കണ്ണടച്ചിരുന്നുപോയി. എല്ലാ വിഷമങ്ങളും അലിഞ്ഞലിഞ്ഞില്ലാതായിരിക്കുന്നു. മഞ്ഞ് കോരിയിട്ടപോലെ.
''കണ്ടെടാ, ഈ പ്രായത്തിലും നിന്റമ്മ ചെയ്യുന്ന കണ്ടാ... നിന്റെ കാലില്‍ എണ്ണ തേച്ച് തരുന്ന്. അതിനെല്ലാം ഒരു ഭാഗ്യം വേണം'
അച്ഛന്റെ വാക്കുകള്‍ കേട്ട് കണ്ണ് തുറന്നു നോക്കി.
വിറക്കുന്ന കൈകളാല്‍ എണ്ണ തുടച്ചെടുത്ത്, ''മതിയാ മോനേ'' ന്നും ചോദിച്ചോണ്ട് അമ്മ തടവിക്കൊണ്ടിരിക്കുന്നു.
വിറക്കുന്ന കരങ്ങളോടെ അമ്മയെ ചേര്‍ത്തുപിടിച്ച് ആ മൂര്‍ദ്ധാവില്‍ ഒരുമ്മ കൊടുക്കുമ്പോള്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകിയത് അമ്മ മെല്ലെ തുടച്ചുകളഞ്ഞു, ഒന്നും അറിയാത്തപോലെ.