ഉമ്മറത്തിരുന്ന് രാത്രിയെ നോക്കുമ്പോള്‍
പര്‍ദ്ദയിട്ട ഒരു പെണ്‍കുട്ടിയെ ഓര്‍മ വരും.
അവളുടെ മുഖവസ്ത്രത്തിന്റെ
ചന്ദ്രക്കല വട്ടത്തിലൂടെ കാണും കണ്ണുകള്‍
തിളങ്ങും രണ്ട് നക്ഷത്രങ്ങള്‍.
ഇളം കാറ്റില്‍
ഒഴുകി ഭ്രമിപ്പിക്കും മേല്‍വസ്ത്രം
മേഘങ്ങള്‍ തുഴയും ആകാശം.
ഓര്‍മയിലിപ്പോള്‍
തെളിഞ്ഞുകിട്ടുന്നു
വാതിലില്‍ പിറകിലൊളിച്ച
ചിരിയുടെ ഒരു ചുണ്ടനക്കം.
മഴയ്ക്ക് മുന്നേയുള്ള
ചെറിയ ഇടിയൊച്ചകള്‍...
നോട്ടത്താല്‍ മിന്നല്‍ പായിച്ച്
രാത്രിയെ വെട്ടിപ്പിളര്‍ത്തിയ
നാണത്തിന്റെ ഒരു തുണ്ട്.
ഉമ്മറത്തിരുന്ന് രാത്രിയെ കാണുമ്പോള്‍
മരിച്ച ചങ്ങാതിയെ ഓര്‍ക്കുന്നു ഞാന്‍.
ഇടവഴിയിലെ പൂത്ത ചെമ്പകം
അവന്റെ ഒടുക്കത്തെ ചിരിയായ്
നെഞ്ചില്‍ കനക്കും.
പ്രണയത്തിന്റെ
ഇല ഞരമ്പുകളില്‍ നിന്ന്
ഊര്‍ന്നു പോയ സ്വപ്നങ്ങള്‍
കടുക് പാടങ്ങളായ് പൂത്തത്
ഈ ആകാശം മുദ്രിതമാക്കുന്നു.
തിളച്ച എണ്ണയില്‍
പൊട്ടിത്തെറിക്കുന്നു
അവന്റെ വാക്കുകളെമ്പാടും.
ഉമ്മറത്തിരുന്ന് രാത്രിയെ വായിക്കുമ്പോള്‍
ആകാശം ഒരു കടലായ്
അലകളിട്ടാര്‍ത്തു കരയുന്നു.
നിലാവിന്റെ വിരലുകളാല്‍
ഉടഞ്ഞ ശംഖില്‍
കവിത കുറിക്കുന്നു.