ബി.വി. അരുണ്‍കുമാര്‍
തിരുവനന്തപുരം: വായനയുടെ വാതായനങ്ങള്‍ തുറക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വാസുദേവന്‍ നായരും ടി പത്മനാഭനും എത്തുന്നു. ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യദിനത്തില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. മീറ്റ് ദി ഓദര്‍ പരിപാടിയിലും അവര്‍ നിറസാന്നിധ്യമായി. മയക്കുമരുന്നുകളോട് വിട എന്ന വിഷയത്തില്‍ ഋഷിരാജ് സിംഗിന്റെ പ്രസംഗവും ഏറെ ഹൃദ്യമായി.
പുസ്തകോത്സവത്തിന്റെ ആദ്യദിനത്തില്‍ 27 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഡോ. എം.എ സിദ്ദീഖ് എഴുതിയ 'കുമാരു', രബീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്ത കാവ്യം 'ഗീതാഞ്ജലി'യുടെ ഒരു പുതിയ മലയാള പരിഭാഷ, സമീര്‍ ഏറാമല എഴുതിയ 'എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി' എന്ന പുസ്തക, നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍ എഴുതിയ 'ദി ഫോര്‍ഗോട്ടന്‍ നെയിം', എ. സജികുമാറിന്റെ 'ആന്റിവൈറസ്', ടി ഓമനക്കുട്ടന്‍ മാഗ്‌നയുടെ 'വടക്കന്‍മന്തന്‍', ഡോ. ഷിജുഖാന്‍ എഴുതിയ 'അകലങ്ങളിലെ നാണയസാമ്രാജ്യങ്ങള്‍', പി.എന്‍ മോഹനന്‍ എഴുതിയ 'കേരളത്തെ ചുവപ്പിച്ചവര്‍', കെ.ജി പരമേശ്വരന്‍ നായരുടെ 'കേരള നിയമസഭ ചരിത്രവും ധര്‍മവും', കെ.പി സുധീരയുടെ 'എം.ടി - ഏകാകിയുടെ വിസ്മയം' തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
.കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 164 പ്രസാധകരില്‍ നിന്നായി 256 സ്റ്റാളുകളാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. ഒന്നാം പതിപ്പില്‍ 122 പ്രസാധകരില്‍ നിന്നായി 127 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. സാഹിത്യം, വിജ്ഞാനം,കല,ശാസ്ത്രം, സാമ്പത്തികം തുടങ്ങി ഓരോ മേഖലകളിലേയും മികച്ച പുസ്തകങ്ങള്‍ പുസ്തതോത്സവത്തിലുണ്ട്.