തിരുവനന്തപുരം: വയോജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യവും പരിരക്ഷിക്കുമ്പോള്‍ തന്നെ അവരുടെ സന്തോഷസൂചിക ഉയര്‍ത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ഉണ്ടാകണമെന്ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. മുതിര്‍ന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങളുള്ള സമൂഹ താമസ സ്ഥലങ്ങള്‍ കൂടുതല്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. അലൈവിന്റെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര വയോജന ദിനാചാരണവും ഇന്ത്യയില്‍ ആദ്യമായി മുതിര്‍ന്നവര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത സീനിയര്‍ ലീവിങ് കമ്യൂണിറ്റി റെയിന്‍ ബോയുടെ ഉദ്ഘാടനവും പുളിയറക്കോണത്തെ കാവിന്‍പുറത്ത് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ഐ ബി സതീഷ് എംഎല്‍ എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ഇയര്‍ പുരസ്‌കാരങ്ങള്‍ ശൈലജ ടീച്ചര്‍ വിതരണം ചെയ്തു. ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി, സാഹിത്യകാരന്‍ ടി. പത്മനാഭന്‍, കഥകളി കലാകാരന്‍ പരേതനായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, സാമൂഹ്യപ്രവര്‍ത്തക ദയാഭായ്, ശാസ്ത്രജ്ജന്‍ പരേതനായ ഡോ.സി.ബി. നായര്‍, സാമൂഹ്യ പ്രവര്‍ത്തക പരേതയായ മേരി റോയ്, ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍, അഭിനേതാവ് രാഘവന്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരങ്ങള്‍. ചലച്ചിത്ര നടന്‍ ജഗദീഷ്, ബി ആര്‍ ബ്രഹ്‌മപുത്രന്‍ എന്നിവര്‍ സംസാരിച്ചു.