ഈച്ചകൾ

നിങ്ങള് തമ്മിലെത്ര കാലായീ ഇത് തൊടങ്ങീട്ട്.....? എന്ത് തൊടങ്ങീട്ട്? റഹനക്ക് സഹിക്കാൻ കഴിഞ്ഞില്ല. നിന്നോട് ചോദിച്ചില്ല. ചോദിക്കുമ്പം പറഞ്ഞാ മതി

New Update
ഈച്ചകൾ

ഈച്ചകൾ

നീറ്റ് പരീക്ഷ കഴിഞ്ഞ രാത്രി റഹനക്കുറക്കം വന്നില്ല. അവൾ മൊബൈൽ ഡാറ്റ ആക്ടിവേറ്റ് ചെയ്ത് വാട്ട്‌സാപ്പ് തുറന്നു.എല്ലാവരും ഗ്രൂപ്പിൽ പരീക്ഷയുടെ ആധി പങ്ക് വെച്ചിരിക്കുന്നു.കമന്റുകൾ വായിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് ചിരിക്കാനാണ് തോന്നിയത്.പരീക്ഷാഹാളിൽ കടക്കുന്നതിന് മുമ്പ് പലരുടെയും കുപ്പായക്കൈ വെട്ടിയതിന്റെയും ആഭരണങ്ങൾ അഴിപ്പിച്ചതിന്റെയും ചിത്രങ്ങൾ. ഓരോ ഫോട്ടോക്കും രസകരവും ആത്മനിന്ദാപരവുമായ അടിക്കുറിപ്പുകളും ഇമോജികളുമുണ്ട്.

തലേന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതിനാൽ എൻട്രൻസ് കടമ്പയുടെ ഡ്രെസ് കോഡിനെക്കുറിച്ച് അവൾക്ക് നല്ല ധാരണയുണ്ടായിരുന്നു. പർദ മാത്രം ധരിച്ച് പുറത്തിറങ്ങുന്ന അവൾ അന്നേരം തന്നെ പർദക്കൈകൾ വെട്ടിക്കളഞ്ഞിരുന്നു. അതിനൊരു കറുത്ത കോളർ പിടിപ്പിച്ചപ്പോൾ അതൊരു ട്രെൻഡ് സെറ്റർ പർദയായി.

റഹന ഗാലറി തുറന്ന് അംഗഭംഗം അലങ്കാരമായി മാറിയ പർദയുടെ ചിത്രം ചികഞ്ഞു.പവിത്രൻ തീക്കുനിയുടെ പിൻവലിച്ച കവിതയോടൊപ്പം അവളാ പർദ ഗ്രൂപ്പിലിട്ടു.ഉടൻ ഗ്രൂപ്പ് സജീവമായി. സമയം പന്ത്രണ്ടര കഴിഞ്ഞിട്ടും എല്ലാവരും അവളുടെ പോസ്റ്റിന് സ്‌നേഹനിർഭരമായ ലൈക്കുകളും ഷെയറുകളും നൽകി.

സച്ചിന്റെ വീഡിയോകോളിൽ നിന്ന് റഹന മുഖം തിരിച്ചു.11 മണിക്ക് ശേഷം ചാറ്റ് ചെയ്യരുതെന്ന് ഉമ്മ വിലക്കിയിരുന്നു.രണ്ടു മൂന്ന് പ്രാവശ്യം സച്ചിൻ വിളിച്ചപ്പോൾ അവളറ്റൻഡ് ചെയ്തു.
നിനക്കുറക്കില്ലേ?
നിനക്കോ?
എന്റെ കൈ മുറിച്ചില്ല !
പിന്നെന്താ മുറിച്ചത്?
പോടീ.......

അവൾ ചുവന്ന വൃത്തത്തിൽ വിരലമർത്തി കോൾ കട്ട് ചെയ്തു. സ്‌ക്രീനിൽ രാഹുലിന്റെ മുഖം തെളിഞ്ഞു. അവൾ ശങ്കിച്ചു. വിളിയാവർത്തിച്ചപ്പോളെടുത്തു.ശബ്ദമമർത്തി ചോദിച്ചു:
എടാ, എങ്ങന്ണ്ടായ്‌ന്?
ഓ, ഒരു പ്രതീക്ഷല്യ.....
റിപ്പീറ്റിന് പോന്നുണ്ടോ?
ഡാഡി സമ്മതിക്ക്യോന്നറീല്ല. മമ്മിക്കയക്കണമെന്നുണ്ട്.
ഉമ്മയുണർന്നാലോയെന്ന് ഭയന്ന് അവളവനോട് ഗുഡ് നൈറ്റ് പറഞ്ഞു. ഉടനതാ ഖത്തറിൽ നിന്ന് ഉപ്പ വിളിക്കുന്നു.
മോളേ..... സുഖല്ലേ?
ഉം.......
എങ്ങന്ണ്ടായിരുന്നു?
കൊഴപ്പല്യ ഉപ്പാ.....
അവര് നിന്റെ കൈ മുറിച്ചോ?
ഇല്ലുപ്പാ, ഞാന്തന്നെ എന്റെ കൈ മുറിച്ചു!
ഹ ഹ ഹ ഹ
മോളേ, ഒറങ്ങിക്കോ, ഉപ്പ നാളെ വിളിക്കാം.
ഉപ്പ ഫോൺ കട്ട് ചെയ്യുന്നത് വരെ റഹന കാത്തിരുന്നു.

അവൾ എഫ്.ബി. ലോഗിൻ ചെയ്തു.126 നോട്ടിഫിക്കേഷനുകൾ,38 ഫ്രണ്ട് റിക്വസ്റ്റുകൾ,231 മെസേജുകൾ......
മെസഞ്ചറിൽ അലീഷയുടെ മുഖം.
എങ്ങന്ണ്ടാര്‌ന്നെടീ......?
എന്ത് പറയാൻ!
സ്വാഹ?
May b
റിപ്പീറ്റിന് പോക്‌ന്നോ?
സാധ്യതയില്ല.
അതെന്താ?
ഉപ്പാക്ക് താൽപര്യമില്ലെന്ന് തോന്ന്ന്ന്....
why?
ഒരു വർഷം ബ്രില്യന്റില് കഷ്ടപ്പെട്ടില്ലേ, കിട്ടീലെങ്കിലും സാരല്യാന്ന് പറഞ്ഞു.
നിന്റെ പ്രെസ്റ്റീജ് പ്രൊഫഷനല്ലേ?
ആണ്...... എന്നാലും......
എന്തെന്നാലും?
ഒരു വർഷന്തന്നെ കടിച്ച് പിടിച്ചാ നിന്നേ..... ഇനിയും.....?

മെസഞ്ചറിൽ മറ്റൊരു മുഖം. അറ്റൻഡ് ചെയ്തില്ല. അതുലാണ്.
why?
സമയെത്രായീന്നറിയോ?
എത്രായി?
1:05 AM
അതിനെന്താ?
You r not caring my situation-!
U r alone in ur room, right?
അതിന്?
വീഡിയോയിൽ വന്നൂടേ?
പറ്റില്ല !
എന്നാ ചാറ്റ്.....
എന്ത് ചാറ്റാൻ?
നീ പുറത്ത് വാ .....
പുറത്ത് വരാനോ, ഇപ്പഴോ!
അതേ.....
എങ്ങനെ?
പൈപ്പ് പിടിച്ച് പുറത്തിറങ്ങ്.
സിനിമേലൊക്കെ കാണുന്ന പോലല്ലേ?
ഹ ഹ ഹ ഹ

റഹന പർവീൺ ഗൗരവബുദ്ധിയാണെങ്കിലും തന്റേടിയാണ്. വരുംവരായ്കകളെക്കുറിച്ചാലോചിക്കാതെ അവൾ അവൻ പറഞ്ഞതനുസരിച്ചു.അവന്റെ ബൈക്കിൽ നഗരത്തിലേക്ക് പറക്കുമ്പോൾ അരാജകത്വത്തിന്റെ ചിറകുകൾ മുളച്ചതായി അവൾക്ക് തോന്നി.നഗരം തണുത്ത് വിറങ്ങലിച്ചതിനാൽ അവളവനിലേക്ക് കൂടുതൽ ചേർന്നിരുന്നു.
നമുക്ക് കട്ടനടിച്ചാലോ?
വേണ്ട.
ശരീരമൊന്ന് ചൂടാക്കാം.

അവനൊരു തട്ടുകടക്ക് മുന്നിൽ ബൈക്ക് നിർത്തി.പൊറോട്ടക്കും ബീഫിനും ഓർഡർ നൽകുമ്പോഴേ ആളുകളവരെ വിചിത്രമായി നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇവിടെയിതൊക്കെയിന്നും അസ്വാഭാവികമാണെന്ന പൊതുബോധത്തെ കുടഞ്ഞുകളയാനവർ ശ്രമിച്ചു.നോട്ടത്തെ അവഗണിച്ചു.
എല്ലാം കഴിഞ്ഞിട്ടാണോടോ വന്നേ?
അതുലിന് അടിമുതൽ മുടി വരെ തരിച്ചു കയറി.റഹന അവന്റെ കൈ പിടിച്ച് ബൈക്കിന്റെ അടുത്തേക്ക് നയിച്ചു.
നല്ല തണുപ്പല്ലെടേയ്, ഒന്നൂടെ ചൂടാക്കെടേയ്...
രോഷത്തിന്റെ മെർക്കുറി ലായനി അനിയന്ത്രിതമായി ഉയർന്നു.അത് പറഞ്ഞവന്റെ ചെവിക്കുറ്റി നോക്കി അതുൽ കൈ വീശിയടിച്ചു. കൊണ്ടവൻ തല കറങ്ങി വീണു പോയി.

അതുലിനെ ഈച്ചകൾ പൊതിഞ്ഞു.ദുരാചാര ഈച്ചകൾ. ദൈവത്തിന് വേണ്ടി ദൈവമറിയാതെ പൊരുതുന്ന ഈച്ചകൾ.

തട്ടുകട തന്നെ പറന്നു പോകുമോയെന്ന് കടക്കാരനാധിയായി. അതുലിനെ രക്ഷിക്കാൻ ശ്രമിച്ച റഹനയെയൊരാൾ കടന്നുപിടിച്ച് ചുംബിച്ചു. പെട്ടെന്ന് സൈറൺ മുഴക്കി പോലീസ് ഇരമ്പിയെത്തി.

പോലീസുകാരും സ്റ്റേഷനിൽ യൂണിഫോമിട്ട ഈച്ചകളായി.
നിങ്ങള് തമ്മിലെത്ര കാലായീ ഇത് തൊടങ്ങീട്ട്.....?
എന്ത് തൊടങ്ങീട്ട്?
റഹനക്ക് സഹിക്കാൻ കഴിഞ്ഞില്ല.
നിന്നോട് ചോദിച്ചില്ല. ചോദിക്കുമ്പം പറഞ്ഞാ മതി കൂത്തിച്ചീ.....
സഭ്യഭാഷയിൽ സംസാരിക്കണം മിസ്റ്റർ..... അതുൽ ഒച്ചയെടുത്തു.
ഓ, ഓന്റൊരു സദാശാര ബോദം...... ഹ ഹ ഹ ഹ
സി.ഐ.ക്ക് അട്ടഹാസം നിയന്ത്രിക്കാനായില്ല. അയാൾ 312 നോട്
അതുലിന്റെയും റഹനയുടെയും ദേഹപരിശോധന നടത്താനുത്തരവിട്ട് തൊപ്പി തലയിൽത്തിരുകി വാനിന്റെ കീയെടുത്ത് പുറത്തേക്ക് നടന്നു.
കന്നിമാസത്തിലെ നായ്ക്കളെപ്പോലെ മെനക്കെട്ത്താനായിറ്റ് ഓരോരുത്തര് എറങ്ങിത്തിരിക്കും നട്ടപ്പാതിരാക്ക്...... ഏട്യങ്കിലും റൂമെടുത്ത് നെനക്കൊക്കെ അർമാദിച്ചൂടേ നായിന്റെ മക്കളേ.....
അവിടേം ങ്ങള് വന്ന് റെയ്ഡൂലേ സാറേ .....
ഇത് പറയലും സി.ഐ.യുടെ അടിയും ഒന്നിച്ച് കഴിഞ്ഞു. അതുൽ നിലം കറങ്ങി വീണു പോയി. റഹന അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.ഒരു കോൺസ്റ്റബിൾ മിനറൽ വാട്ടർ ബോട്ടിൽ കൊണ്ടുവന്ന് അവന്റെ മുഖത്ത് തളിച്ചു. അവന് ചുണ്ടിൽ ഉപ്പുരസമനുഭവപ്പെട്ടു.

നിന്റെ പേരെന്താടാ? 312 ആക്രോശിച്ചു.
അതുൽ....
നിന്റെയോ?
റഹന....
ഓ.....അതുൽ - റഹന, റഹന- അതുൽ.... മതസൗഹാർദം, അല്ലേ?എടോ, രാജ്യം കത്താ നിത് പോരേ?
അറിയില്ല സർ .....
നിനക്കൊക്കെ അത് മാത്രമറിയാം, വേറൊന്നുമറിയില്ല, അല്ലെടോ?
സർ, അനാവശ്യം പറയരുത്. ഞങ്ങൾ സുഹൃത്തുക്കളാണ്. അത്രമാത്രം. ഞങ്ങളെ പോകാനനുവദിക്കണം.
റഹന അപേക്ഷിക്കുംമട്ടിൽ പറഞ്ഞു.
വിടാം. ദേഹപരിശോധന കഴിഞ്ഞ് മാത്രം.

നീറ്റ് പരീക്ഷക്ക് പർദക്കൈ മുറിഞ്ഞ അവസ്ഥയിലനുഭവപ്പെട്ട അരക്ഷിതബോധത്തിന്റെ ആയിരം മടങ്ങ് മടുപ്പ് ഇപ്പോഴിതാ തന്നെ ചൂഴ്ന്ന് നിൽക്കുന്നു. ഒരാവശ്യവുമില്ലാതെ വിവസ്ത്രയായപ്പോൾ, തന്റെ ജനനേന്ദ്രിയത്തെ ലാത്തി കൊണ്ട് കോൺസ്റ്റബിൾ ഉത്തേജിപ്പിക്കാൻ ശ്രമിച്ചപ്പോൾ, പാന്റീസിന്റെ നിറം മത്ത് പിടിപ്പിക്കുന്നു ആ വൈകിയ നേരത്ത് എന്ന് പോലീസുകാരൻ കണ്ണിറുക്കിയപ്പോൾ, അതുലിന്റെ ലിംഗത്തിന് വലുപ്പം പോരെന്ന് തന്നെ നോക്കിപ്പറഞ്ഞപ്പോൾ...... രണ്ടു പേരും ഒരേ സമയം സ്റ്റേഷന്റെ തറ പിളർന്ന് താണുപോകണേ എന്ന് പ്രാർഥിച്ചു.

സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ സമയം നാലര.ഉമ്മ ഉണരുന്നതിന് മുമ്പ് വീട്ടിലെത്തണം.നേരിയ ഇരുട്ടിലും മരങ്ങൾ തണുത്ത് വിറക്കുമ്പോഴും റഹനക്ക് വിയർത്തു. അതുലിന്റെ എൻഫീൽഡിന് പിന്നിൽ അവനോട് ചേർന്നിരുന്ന് അവന്റെ കാതിലവൾ മന്ത്രിച്ചു.
സാരമില്ലെടാ.....
നിന്നെ വിളിച്ചിറക്കിക്കൊണ്ട് വന്ന് വെറുതേ....
സാരമില്ലെടാ.... നീയല്ലല്ലോയെന്നെ അപമാനിച്ചത്......
വിജനവിശാല റോഡിലൂടെ ബൈക്ക് ഇരുട്ടിനെയും തണുപ്പിനെയും പിളർത്തിയപഗ്രഥിച്ച് മുന്നോട്ട് നീങ്ങി.

എൻ.അബ്ദുൽ അസീസ്.
നഫീസാസ്
മുണ്ടമട്ട
പോസ്റ്റ്:പാതിരിയാട്
വഴി:പിണറായി
പിൻ:670741
9995093425

kalakaumudi katha KUDA MALAYALAM STORY KUDA STORY കുട eechakal