1.
തലയ്ക്കുചുറ്റും
നക്ഷത്രങ്ങളുള്ള അച്ഛൻ,
ഞണ്ടുകൾ കിറുങ്ങിനടക്കുന്ന
തോട്ടുവരമ്പത്ത്
തലകീഴായിക്കിടക്കുന്ന
കാഴ്ച കാണാതിരിക്കാൻ
പുത്തനുടുപ്പിട്ട്
അമ്മവീട്ടിലേക്കുള്ള
പലായനം മാത്രമായിരുന്നോണം.
2.
ഒട്ടിയ കവിളുകളുള്ളമ്മ
ഇലയിട്ട്
വിളമ്പാൻ നേരം
പടിപ്പുരയുടെ
ആദ്യപടിയിൽ നിന്ന്
നിലതെറ്റിവീണ്
തൊണ്ട ചൊറിയുന്നൊരു
കഷ്ണമാകും അച്ഛൻ.
3.
വൈകിയാണെങ്കിലും
' എൻ്റെച്ഛൻ വന്നമ്മേ '
എന്ന കനലാറലായിരുന്നു
എനിക്കെന്നുമോണം.
4.
ചവിട്ടിത്താഴ്ത്തിയ മുറ്റത്ത്
തുമ്പയായിമുളച്ചമ്മ
കൈ പിടിച്ചപ്പോൾ
ഒറ്റയ്ക്കിരുന്നു പൂക്കളമിട്ടച്ഛൻ
'അമ്മ വരില്ലച്ഛാ" എന്ന
വാക്കേറ്റുനരച്ച്
ഉണ്ണാതെയുറങ്ങി.
~ കൃപ അമ്പാടി
=================================
മഴത്തോറ്റം : രചന , അവതരണം പി.കെ ഗോപി VIDEO :-