തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനം അറിവിന്റെ തീര്‍ഥാടനമാണെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദസ്വാമികള്‍. മറ്റു തീര്‍ത്ഥാടനങ്ങളില്‍ നിന്നെല്ലാം ശിവഗിരി തീര്‍ഥാടനം വ്യത്യസ്തമാകുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയുടെയും ബ്രഹ്‌മവിദ്യാലയത്തിന്റെ കനക ജൂബിലിയുടെയും ഭാഗമായി സംഘടിപ്പിച്ച തെക്കന്‍ മേഖല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദ സ്വാമികള്‍.
മനുഷ്യ ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകം അറിവാണ്. കുടുബ ജീവിതവും സമൂഹ ജീവിതവും എങ്ങനെ നയിക്കണമെന്ന് ശിവഗിരി തീര്‍ഥാടനം പഠിപ്പിക്കുന്നു. ശ്രീനാരായണ ഗുരു മഹാനായ രാഷ്ട്രമീമാംസകന്‍ കൂടിയായിരുന്നു എന്നും സ്വാമികള്‍ അഭിപ്രായപ്പെട്ടു. എല്ലാവരും എല്ലാ മതങ്ങളും പഠിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും അതിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പേട്ട എസ് എന്‍ ഡി പി ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ശ്രീമത് ഗുരുപ്രസാദ് സ്വാമികള്‍ , ശ്രീമത് ഋതംബരാനന്ദസ്വാമികള്‍, ശ്രീമത് ശാരദാനന്ദസ്വാമികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഡ്വക്കേറ്റ് വി ജോയി എം എല്‍ എ, ശ്രീമതി സഭംഗാനന്ദസ്വാമികള്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.