വീടിനുള്ളിൽ എത്രയൊക്കെ സാധനങ്ങള്‍ അടുക്കിപ്പെറുക്കി വച്ചാലും സ്ഥലം തികയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്.ഈ സന്ദർഭത്തിൽ വീട്ടിലെ ഫര്‍ണിച്ചറുകളിലേക്കു തന്നെ ഒന്നു ചുറ്റിയോടിച്ചു നോക്കിയാല്‍ മതിയാകും.
ഫര്‍ണിച്ചറുകള്‍ വാങ്ങുന്നത് ആർഭാടത്തിനാകരുത്, പകരം വീട്ടിലെ ആവശ്യത്തിനനുസരിച്ചു വാങ്ങാന്‍ ശ്രമിക്കണം. താഴെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിലെ സ്ഥലപരിമിതിയെ പമ്പകടത്താം.
- കട്ടിലിനടിയില്‍ സ്റ്റോറേജ് സ്പേസ് ഉണ്ടാക്കാം, തലയിണകള്‍, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് തുടങ്ങിയവ ഇവിടെ സൂക്ഷിക്കാം. സ്റ്റോറേജ് സ്പേസോട് കൂടിയ കട്ടിലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
- മടക്കി വെക്കാവുന്ന വിധത്തിലുള്ള ടേബിള്‍ സ്ഥലപരിമിതി ഇല്ലാതാക്കുന്നതിനുള്ള നല്ലൊരു ഓപ്ഷന്‍ ആണ്. ആവശ്യമുള്ളപ്പോള്‍ നിവര്‍ത്തിയിടുകയും അല്ലാത്തപ്പോള്‍ മറ്റെവിടെയെങ്കിലും സൂക്ഷിക്കുകയും ചെയ്യാം.
- കുട്ടികളുടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സ്റ്റോറേജ് സ്പേസ് നല്‍കിയാല്‍ അവരുടെ കളിപ്പാട്ടങ്ങളും കഥാ പുസ്തകങ്ങളും അതിനടിയില്‍ സൂക്ഷിക്കാം
- സ്റ്റോറേജ് സൗകര്യമുള്ള സോഫയും സെറ്റിയും നല്ലൊരു ഓപ്ഷന്‍ ആണ്
- ചെറിയ അടുക്കളയാണെങ്കില്‍ ഒന്നിന് മുകളില്‍ ഒന്നായി റാക്കുകള്‍ ചുവരില്‍ പിടിപ്പിച്ച് സ്റ്റോറേജ് സ്പേസ് ഉണ്ടാക്കാം.
- കോണിപ്പടിക്ക് ചുവട്ടിലെ സ്ഥലവും വെറുതെ കളയണ്ട, മിനി ലൈബ്രറിയോ ക്രോക്കറി ഷെല്‍ഫോ ആക്കി മാറ്റാവുന്നതാണ്.