സമകാലിക ഭവന സങ്കല്പങ്ങളില്‍ കിച്ചന്‍ നിര്‍ണായകമായൊരു ഇടമായി മാറിയിരിക്കുകയാണ്. കിച്ചന് മറ്റേത് ഇടങ്ങളോളം തന്നെ പ്രാധാന്യം കൈവന്നിരിക്കുന്ന വര്‍ത്തമാനകാലത്ത് കിച്ചന്‍ ഒരുക്കുക ഇന്റീരിയര്‍ ഡിസൈനേഴ്‌സിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. കിച്ചന്‍ സ്‌പേഷ്യസും പുതുമയുള്ളതും വ്യത്യസ്തവും ട്രെന്‍ഡിയുമായിരിക്കണമെന്ന നിര്‍ബന്ധത്തോടെയാണ് ഇന്ന് ഭവനമാതൃകകള്‍ ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും ട്രെന്‍ഡിയായ ഇന്റീരിയര്‍ ഡിസൈനുകള്‍ പോലും നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തുന്നു. അതുകൊണ്ടുതന്നെ, ട്രെന്‍ഡി കിച്ചന്‍ ഡിസൈന്‍ ഒരുക്കുകയെന്നത് ഇന്ന് ഭവനമാതൃകള്‍ രൂപപ്പെടുത്തുമ്പോള്‍ നിര്‍ണായകമായൊരു സ്‌പെഷ്യലൈസേഷന്‍ കൂടിയായി മാറിയിട്ടുണ്ട്.
മികച്ച ഫിനിഷ് വരുന്ന അക്രിലിക് ആണ് കിച്ചന്‍ ഒരുക്കുമ്പോള്‍ ഇപ്പോള്‍ ഏറ്റവും പ്രിയങ്കരം. ലാമിനേറ്റഡ് കാബിനറ്റുകളുടെ സ്ഥാനത്തേക്കാണ് അക്രിലിക് ഫിനിഷ് വന്നത്. അക്രിലിക് ഫിനിഷില്‍ തന്നെ ടഫന്‍ഡ് ഗ്‌ളാസാണ് ഇപ്പോള്‍ ട്രെന്‍ഡിയായിരിക്കുന്നത്. ടഫന്‍ഡ് ഗ്‌ളാസ് കാബിനറ്റുകള്‍ കാഴ്ചയില്‍ മനോഹരമാണെന്നതിന് പുറമെ ഉപഭോക്തൃ സൗഹൃദവുമാണ്. പോറല്‍ വീഴുന്നതിനെല്ലാം പരിഹാരമെന്ന രീതിയിലും ടഫന്‍ഡ് ഗ്‌ളാസ് കാബിനറ്റുകള്‍ പ്രിയങ്കരമാകുന്നുണ്ട്.
താഴെയും മുകളിലുമുള്ള കാബിനറ്റുകള്‍ക്കിടയില്‍ ഭിത്തിവരുന്ന സ്‌പേസില്‍ നേരത്തെ ടൈലുകള്‍ പതിപ്പിക്കുന്നതായിരുന്നു രീതി. എന്നാലിന്ന് കൂട്ടിയോജിപ്പിക്കാത്ത നീളമുള്ള ടഫന്‍ഡ് ഗ്‌ളാസ് ഷീറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഡിസൈന്‍ പ്രിന്റ് ചെയ്‌തെടുക്കാമെന്നത് നീളമുള്ള ജോയിന്റ് ഫ്രീ ടഫന്‍ഡ് ഗ്‌ളാസുകളെ പ്രിയങ്കരമാക്കുന്നു. ഡിസൈന്‍ ചെയ്ത ടഫന്‍ഡ് ഗ്‌ളാസുകള്‍ക്കടിയില്‍ പ്രകാശവിന്യാസം കൂടി ഒരുക്കുമ്പോള്‍ കിച്ചന് പകര്‍ന്നു കിട്ടുന്ന തെളിമയും പൊസിറ്റീവ് എനര്‍ജിയും വിവരണാതീതമാണ്.
താഴെയും മുകളിലുമുള്ള കാബിനറ്റുകളില്‍ തട്ടുകള്‍ ഇടുന്ന രീതിയില്‍ നിന്ന് മാറി അക്‌സറീസ് ഉപയോഗിക്കുന്ന രീതി വന്നിട്ടുണ്ട്. കിച്ചന്റെ കോര്‍ണറുകള്‍ അശ്രദ്ധമായി പരിചരിച്ചിരുന്നതിന് പരിഹാരമെന്ന നിലയില്‍ കൂടിയാണ് അക്‌സറീസിന്റെ ഉപയോഗം സര്‍വസാധാരണമായിരിക്കുന്നത്. മാജിക് കോര്‍ണര്‍ പോലുള്ള അക്‌സസറീസ് ഇപ്പോള്‍ കോര്‍ണറുകളെ പോലും യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റുന്നുണ്ട്. കത്തി, കൈല്‍, സ്പൂണ്‍ എന്നിവയെല്ലാം പലപ്പോഴും അടുക്കളയുടെ സ്വഭാവികഭംഗിക്ക് തടസമാകുന്ന വിധത്തില്‍ ഭിത്തിയില്‍ ഉറപ്പിക്കുന്ന രീതിയാണ് നേരത്തെ സാധാരണമായിരുന്നത്. അക്‌സസറീസ് വന്നതോടെ കത്തിയും സ്പൂണും കൈലുമെല്ലാം അവയുടെ വലിപ്പത്തിനനുസരിച്ചുവയ്ക്കാനുള്ള റാക്കുകള്‍ സജ്ജീകരിച്ച ഡ്രോയറുകള്‍ ലഭ്യമാണ്. റാക്കുകളെല്ലാം ഉയര്‍ന്ന ഗുണമേന്മയുള്ള സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഫിനിഷിലാണ് വരുന്നത്. ഓയില്‍ ബോട്ടിലുകള്‍ പോലുള്ളവ സൂക്ഷിക്കുന്നതിനുള്ള ബോട്ടില്‍ പുള്ളൗട്ട് പോലുള്ള അക്‌സറീസും ഇപ്പോള്‍ സര്‍വസാധാരണമായിട്ടുണ്ട്. നേരത്തെയും ഇത്തരം അക്‌സറീസ് വിപണിയില്‍ ലഭ്യമായിരുന്നെങ്കിലും അവയുടെ വിലയായിരുന്നു ഉപഭോക്താവിനെ അകറ്റിയിരുന്നത്. ജി.എസ്.ടിയുടെ വരവോടെ നിരവധി കമ്പനികള്‍ കേരള വിപണി ലക്ഷ്യമാക്കി രംഗത്ത് വന്നിട്ടുണ്ട്. അതോടെ ഇവ ശരാശരി ഉപഭോക്താവിനും ലഭ്യമാക്കുന്ന വിധത്തില്‍ കോസ്റ്റ് ഇഫക്ടീവായി ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
കിച്ചന്‍ നിറയെ കബോഡുകള്‍ കൊണ്ടു നിറച്ചിരുന്ന രീതി ഇപ്പോള്‍ വീടൊരുക്കുന്നവര്‍ പിന്തുടരുന്നില്ല. ലോഫ്ടുകളോട് പ്രിയം കുറഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. എം.ഡിഎഫ് ബോര്‍ഡുകള്‍ അടുക്കളയില്‍ ഉപയോഗിക്കുന്നതും ഇപ്പോള്‍ വിരളമായിട്ടുണ്ട്. ഈര്‍പ്പം എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുമെന്നതിനാല്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുകൂലമല്ലെന്നതാണ് എം.ഡി.എഫ് ബോര്‍ഡുകളോടുള്ള താത്പര്യം കുറയാന്‍ കാരണം. എച്ച്.ഡി.എഫ് ബോര്‍ഡുകള്‍ക്കാണ് ഇന്ന് എം.ഡി.എഫ് ബോര്‍ഡുകളെക്കാള്‍ സ്വീകാര്യത.
കിച്ചനും വളരെ സ്‌പേഷ്യസായി ഒരുക്കുന്നതാണ് ഇപ്പോള്‍ പ്രിയങ്കരമായി മാറിയിരിക്കുന്നത്. വീട്ടമ്മമാര്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഇടമെന്ന നിലയില്‍ ഊര്‍ജ്ജദായകമായ ഇടമായി മാറ്റുന്ന വിധത്തിലാണ് കിച്ചനുകള്‍ ഇന്ന് ഒരുക്കുന്നത്. ബെയര്‍ വിന്‍ഡോസെല്ലാം വരുന്ന രീതിയിലാണ് അടുക്കളകള്‍ ഒരുക്കുന്നത്. കിച്ചനില്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ വിശ്രമസമയങ്ങളില്‍ പുസ്തകങ്ങള്‍ വായിക്കാന്‍ സൗകര്യപ്രദമായ രീതിയിലാണ് ബെയര്‍ വിന്‍ഡോസ് സെറ്റ് ചെയ്യുന്നത്. വിന്‍ഡോ സൈഡില്‍ തന്നെ ബെയര്‍ വിന്‍ഡോസ് സെറ്റ് ചെയ്യുന്നതാണ് ഉചിതം. ടെലിവിഷന്‍ സെറ്റ് ചെയ്യുന്ന കിച്ചനുകള്‍ പോലും ഇപ്പോള്‍ ട്രെന്‍ഡിയാണ്.
അപ്പര്‍ മിഡില്‍ ക്‌ളാസിലുള്ളവര്‍ക്കായി ഒരുക്കുന്ന സമകാലിക ഭവനങ്ങളില്‍ രണ്ട് കിച്ചനുകള്‍ ഒരുക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡിയാണ്. ഒരു കിച്ചന്‍ ഷോ കിച്ചനായും മറ്റൊന്ന് യൂട്ടിലിറ്റി കിച്ചനുമായാണ് ഒരുക്കുന്നത്. യൂട്ടിലിറ്റി കിച്ചനിലായിരിക്കും കിച്ചന്റെ കടമകളെല്ലാം നിര്‍വഹിക്കുന്നത്. ഓപ്പണ്‍ കിച്ചനെന്ന രീതിയിലായിരിക്കും രണ്ട് കിച്ചനുകളുള്ള ഭവനത്തില്‍ ഷോ കിച്ചന്‍ ഒരുക്കുക. ലിവിങ്ങിലേക്കോ ഡൈനിങ്ങിലേക്കോ തുറക്കുന്ന വിധത്തിലാണ് ഓപ്പണ്‍ കിച്ചന്‍ ഒരുക്കുന്നത്. ഓപ്പണ്‍ കിച്ചനിന്റെ ഭാഗമായി ബുഫേ കൗണ്ടറോ ബ്രെയ്ക്ക്ഫാസ്റ്റ് കൗണ്ടറോ ഒരുക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡിയാണ്. സീത്രൂ കിച്ചനെന്ന കാഴ്ച കൂടി സമ്മാനിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഓപ്പണ്‍ കിച്ചനുകള്‍ ഒരുക്കുന്നത്.
ദിപിന്‍ മാനന്തവാടി
വിവരങ്ങള്‍ക്ക് കടപ്പാട്
കെ.ജി.ഫ്രാന്‍സിസ്
ഗ്രീന്‍ ടെക് ഇന്റീരിയേഴ്‌സ്