പുതിയ ഒരു പ്ലാന്‍ വരയ്ക്കുന്നതുപോലെ തന്നെ പുതുക്കാനുള്ള പ്ലാനും വരയ്ക്കുക. പ്ലാന്‍ അന്തിമമായതിനു ശേഷമേ പണി തുടങ്ങാവൂ. അല്ലാത്തപക്ഷം ചെലവ് കൂടും. വീടു പുതുക്കുമ്പോള്‍ ഭംഗിയേക്കാളുപരി സൗകര്യങ്ങള്‍ക്കു മുന്‍ തൂക്കം നല്‍കണം. മുറികളില്‍ ഫര്‍ണിച്ചറിന്റെ സ്ഥാനം തുടങ്ങി ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധ ചെലുത്തണം.
തടിയുടെ ഉപയോഗം കുറയ്ക്കുന്നതും ചെലവ് കുറയ്ക്കും. ഭിത്തിയുടെ ഉറപ്പും അടിത്തറയുടെ ബലവുമെല്ലാം വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചശേഷം പുതുക്കിപ്പണിയുക. സുരക്ഷാ കാരണങ്ങളാല്‍ ഇലക്ട്രിക്, പ്ലമിങ് ഫിറ്റിങ്‌സ് മാറ്റണം. മാത്രമല്ല, ജീവിത രീതികളിലെ മാറ്റം മൂലം സ്വിച്ച് ബോര്‍ഡ് പോലുള്ളവയുടെ സ്ഥാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. പൊളിച്ച കെട്ടിടാവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നത് തലവേദനയാണ്. പ്ലോട്ട് നികത്തണമെങ്കില്‍ അവ അതിനുപയോഗിക്കാം.
എവിടെ എന്ത് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് ആര്‍ക്കിടെക്ടും വീട്ടുകാരും തമ്മില്‍ കൃത്യമായ ആശയ വിനിമയം വേണം. ഭിത്തികള്‍ പൊളിച്ചു മുറികള്‍ വലുതാക്കുമ്പോള്‍ സ്ട്രക്ചറല്‍ സ്‌റ്റെബിലിറ്റി ശ്രദ്ധിക്കണം. അടുക്കള, പൂജാമുറി, കുളിമുറി, കിടപ്പുമുറി എന്നിവയ്ക്ക് വാസ്തുവനുസരിച്ച് സ്ഥാനചലനം നല്‍കുമ്പോള്‍ സംഭവിക്കുന്ന സ്ട്രക്ചറല്‍ പ്രശ്‌നങ്ങള്‍ വിദഗ്ധനിര്‍ദേശ പ്രകാരം പരിഹരിക്കണം.
പുതിയതായി ഒരു നിലയോ മുറികളോ കൂട്ടിയെടുക്കുമ്പോള്‍ അതായത് നിലവിലുള്ള വിസ്തൃതിയില്‍ വ്യത്യാസം വരുമ്പോള്‍ പഞ്ചായത്തില്‍ നിന്നോ മുനിസിപാലിറ്റിയില്‍ നിന്നോ കെട്ടിടനിര്‍മാണ അനുമതി വാങ്ങാന്‍ മറക്കരുത്. തടിക്കു കേടില്ലെങ്കില്‍ പഴയവ ഉപയോഗിക്കാം. പുതിയ മുറികള്‍ ഇവയുടെ അളവിനനുസരിച്ച് ഡിസൈന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. വേണമെങ്കില്‍ ജനലിനും വാതിലിനും ഇടയ്ക്ക് ഗ്ലാസ് നല്‍കി പുതുമയേകാം.