ദുബായ്: ഏറ്റവും വിലമതിപ്പേറിയ വീട് പുതിയ ഉടമസ്ഥരെ തേടി വിപണിയിലെത്തിയിരിക്കുകയാണ്. ദുബായില്‍ 12 വര്‍ഷംകൊണ്ടാണ് ഈ ആഡംബര കൊട്ടാരം നിര്‍മ്മിച്ചത്. 60000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ അകത്തളം ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ വില 1670 കോടി രൂപയാണ്. എമിറേറ്റ്‌സ് ഹില്‍സിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
178 കോടി മുതല്‍ 223 കോടി വരെ വിലയുള്ള ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മ്മാണം. അഞ്ചു കിടപ്പുമുറികളാണ് ഇവിടെ ഉള്ളത്. ഇതിലെ പ്രധാന കിടപ്പുമുറി മാത്രം 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ളതാണ്. അതായത് നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന സാധാരണ വീടുകളുടെ മൂന്നിരട്ടിയെങ്കിലും വലുപ്പം ഈയൊരു കിടപ്പുമുറിക്ക് തന്നെയുണ്ട്. ഇതിന്‍ പുറമേ ഇലകളുടെ ആകൃതിയിലുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഏഴുലക്ഷം ഷീറ്റുകളാണ് ബംഗ്ലാവിന്റെ പകിട്ട് വര്‍ധിപ്പിക്കാനായി അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഒരേസമയം 15 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗരാജ്, എഴുപതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഭീമാകാരമായ കോറല്‍ റീഫ് അക്വേറിയം, പവര്‍ സബ്‌സ്‌റ്റേഷന്‍ എന്നിങ്ങനെ ഗ്രൗണ്ട് ഫ്‌ലോറിലെ ആഡംബരകാഴ്ചകള്‍ നീളും. 19 ബാത്‌റൂമുകളും ഇവിടെയുണ്ട്. അകത്തളത്തിലും ഔട്ട് ഡോറിലുമായി സ്വിമ്മിങ് പൂളുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 19 ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നിന്നുള്ള പ്രതിമകളും പെയിന്റിങ്ങുകളും അടക്കം നാനൂറോളം കലാസൃഷ്ടികള്‍ അകത്തളത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.