വലിയൊരു തുക ചെലവിട്ട് വീട് വയ്ക്കുന്നതിലല്ല കാര്യം. മറിച്ച് വീട് നിർമ്മിക്കുന്നത് യഥാർഥത്തിൽ ജീവനുള്ളതാകണം എങ്കിൽ വീടിനെ അടിമുടി ഒരുക്കുന്നതിൽ താമസക്കാരുടെ കരവിരുതും കൂടി ചേരണം. ഇതിൽ തന്നെ പ്രധാനമാണ് ഇന്റീരിയർ ഒരുക്കുക എന്നത്.
വീടുകള്‍ മനോഹരമാക്കുന്നതില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ പ്രാധാന്യം നമ്മള്‍ മലയാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് കുറച്ച് കാലം മാത്രമെ ആയിട്ടുള്ളൂ. അതിനുമുൻപ് ഇന്റീരിയർ ഡിസൈനിങ് എന്നാൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മാത്രം ചെയ്യുന്ന എന്തോ കാര്യമായിട്ടാണ് മലയാളികൾ കണ്ടത്.
എന്നാൽ ഇന്ന്, കർട്ടനുകൾ തെരഞ്ഞെടുക്കുന്നത് മുതൽ പെയിന്റിങ് വരെ പല കാര്യങ്ങളും ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമാണ് എന്ന് മലയാളികൾ മനസ്സിലാക്കിയിരിക്കുന്നു.തീരെ സൗകര്യം കുറഞ്ഞ അകത്തളങ്ങളില്‍ സൗകര്യം വര്‍ദ്ധിപ്പിക്കുവാനും, അനാവശ്യ വലുപ്പം തോന്നുന്ന മുറികളെ ഒതുക്കി രൂപഭംഗി വരുത്താനുമെല്ലാം ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് നിഷ്പ്രയാസം സാധിക്കും. എന്നാൽ ഡിസൈനിങ്ങിൽ അല്പം ശ്രദ്ധ ചെലുത്തണം എന്ന് മാത്രം. ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1. കന്റെംപ്രറി, മിനിമല്‍, ക്‌ളാസിക് താല്പര്യം അറിയുക
ഇന്റീരിയര്‍ സങ്കല്‍പ്പങ്ങളെ കന്റെംപ്രറി, മിനിമല്‍, ക്‌ളാസിക് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഈ മൂന്നു രീതികളാണ് മലയാളികൾ കൂടുതൽ ശീലിച്ചു വരുന്നതും. പഴയ തറവാടുകളെ ഓര്‍മിപ്പിക്കുന്ന ക്ലാസിക് സ്‌റ്റൈലിന് ആവശ്യക്കാർ ഏറെയാണ് എന്നാല്‍ ഇതിനു വരുന്ന ചെലവ് പലപ്പോഴും വളരെ കൂടുതലാണ് എന്ന് മനസിലാക്കുക. ചെലവ് ചുരുക്കൽ ലക്ഷ്യം മനസ്സിൽ ഉള്ളവർക്ക് കന്റെംപ്രറി, മിനിമൽ ഡിസൈനുകളാണ് അനുയോജ്യം.
2. ബജറ്റ് പ്ലാൻ അത്യാവശ്യം
അകത്തളങ്ങൾ ഒരുക്കുമ്പോൾ അതിനായി മാറ്റിവയ്ക്കുന്ന തുകയെപ്പറ്റി ഒരു ബോധ്യം ഉണ്ടാകണം. കാരണം ഒരു ലക്ഷം രൂപ മുതൽ ഇരുപതു ലക്ഷം വരെ ചെലവാക്കി അകത്തളങ്ങൾ ഒരുക്കാം. ഇതിൽ ഏതാണ് നമുക്ക് വേണ്ടത് എന്ന് നേരത്തെ തീരുമാനിക്കുക. നാം ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന പണത്തെ ആസ്പദമാക്കിയാണ് ഡിസൈനിങ്ങിനായുള്ള മെറ്റിരിയലുകൾ തെരഞ്ഞെടുക്കേണ്ടത്.
3. ആഡംബരത്തിനല്ല ആവശ്യങ്ങൾക്ക് മുൻഗണന
ഒരു വീടിന്റെ ഇന്റീരിയര്‍ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഡിസൈനര്‍ പലവിധ ഡിസൈനുകള്‍ നമുക്ക് പരിചയപ്പെടുത്തും. ഇതിൽ നമുക്ക് ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നല്ല ചൂടുള്ള പ്രദേശത്തെ വീടിന്റെ മേല്‍ക്കൂരയ്ക്ക് ഉള്ളിലായി തണുപ്പ് നല്‍കാന്‍ ടെറക്കോട്ടാ ടൈലുകള്‍ ഡിസൈനര്‍ നിര്‍ദേശിച്ചേക്കാം. എന്നാല്‍ വൃക്ഷങ്ങളാല്‍ സമൃദ്ധമായ ഒരു സ്ഥലത്തെ വീടിനു ഇത് ആവശ്യമില്ല. ഇത്തരം സാധ്യതകൾ മുൻകൂട്ടി കണ്ടശേഷം മാത്രം ഡിസൈനുകൾ തെരഞ്ഞെടുക്കുക.
4. ഓപ്പണ്‍ സ്‌പെയ്‌സുകള്‍ ആവാം
അകത്തളങ്ങളെ മനോഹരമാക്കുന്നു പുതിയ ട്രെന്‍ഡാണ്` ഓപ്പണ്‍ സ്‌പെയ്‌സുകള്‍. ഓപ്പൺ സ്‌പെയ്‌സ് വാക്കാണ് ഉദ്ദേശിച്ചിട്ടുണ്ട് എങ്കിൽ ലിവിംഗ് ഏരിയയോട് ചേര്‍ന്നതാണോ, മറ്റു മുറികളോട് ചേര്‍ന്നതാണോ എങ്ങനെയാണ് ഈ ഓപ്പണ്‍ സ്‌പെയ്‌സ് ക്രമീകരിക്കേണ്ടത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിക്കണം. ഇതോടൊപ്പം ഓപ്പണ്‍ സ്‌പെയ്‌സില്‍ എന്തെല്ലാം ഫര്‍ണിച്ചറുകള്‍ സ്ഥാനം പിടിക്കണം എന്ന കാര്യത്തിലും ഒരു ധാരണ വേണം.
5. അനിമേഷൻ ട്രെൻഡ്
വീടിന്റെ ഇന്റീരിയർ ഒരുക്കാൻ ഡിസൈനറെ ഏൽപ്പിക്കും മുൻപ് തെരെഞ്ഞെടുത്ത ഡിസൈൻ വച്ച് ഒരു അനിമേഷൻ ചെയ്ത് നൽകാൻ ആവശ്യപ്പെടുക. ഇതുപ്രകാരം വീടിന്റെ ആകൃതിക്ക് ഇണങ്ങുന്ന ഇന്റീരിയർ ഡിസൈനുകൾ തെരഞ്ഞെടുക്കാം. പുറമെ നിന്നും നോക്കുമ്പോള്‍ എന്താണോ വീടിന്റെ ആകൃതി അതിനു അനുയോജ്യമായ രീതിയില്‍ വേണം ഇന്റീരിയര്‍ ഒരുക്കുവാന്‍ എന്നത് പ്രത്യേകം ഓർക്കുക.
6 പ്രകാശം നിറയട്ടെ അകത്തളങ്ങളിൽ
അകത്തളങ്ങളെ മനോഹരമാക്കുന്ന മറ്റൊരു കാര്യം അകത്തളങ്ങളിലെ പ്രകാശമാണ്. പണം എത്ര മുടക്കി പണിത വീടാണ് എങ്കിലും ആവശ്യത്തിന് വെട്ടവും വെളിച്ചവും ഇല്ലെങ്കില്‍ പിന്നെ കാര്യമില്ല. ഓപ്പൺ വിൻഡോകൾക്ക് പിറമെ, എൽഇഡി ലൈറ്റുകളും പരീക്ഷിക്കാം. വീടിന്റെ രൂപത്തിനും ആവശ്യത്തിനും ചേരുന്ന രീതിയിൽ പ്രകാശമുള്ള ബള്‍ബുകള്‍ മാത്രം ഇതിനായി ഉപയോഗിക്കുക
7. ഫ്ലോറിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ
ടൈലുകള്‍, മാര്‍ബിളുകള്‍ എന്നിവയ്ക്ക് പുറമെ അന്‍പതില്‍ പരം നിറങ്ങളിലും ഷെയ്ഡുകളിലും റെഡ് ഓക്‌സൈഡുകളും ഇന്ന് ഫ്ലോറിങ്ങിനായി ലഭ്യമാണ്. ഫ്ളോറിങ് തീമും മുറിയുടെ തീമും ഒരുപോലെവരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.