വീടിനുള്ളില്‍ പൊടിയുണ്ടോ ? പരിഹരിക്കാം ഇങ്ങനെ...

ഇനിയെത്രയൊക്കെ വൃത്തിയാക്കിയാലും പൊടിയെ വീട്ടില്‍ നിന്നും പൂര്‍ണമായി നീക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ച് കുറച്ച് പ്രയാസമുള്ള കാര്യമാണ്.

author-image
Greeshma Rakesh
New Update
വീടിനുള്ളില്‍ പൊടിയുണ്ടോ ? പരിഹരിക്കാം ഇങ്ങനെ...

 

 

ഒരു വീടിനെ എപ്പോഴും സുന്ദരമാക്കുന്നതില്‍ ആധുനിക സംവിധാനങ്ങളോടൊപ്പം വൃത്തിയും പ്രധാന ഘടകമാണ്. പലപ്പോഴും വീട്ടമ്മമാര്‍ക്ക് വീട്ടിലെ പൊടിയുണ്ടാക്കുന്ന ശല്യം ചെറുതല്ല. പൊടികാരണം വീട്ടിലുള്ളവര്‍ക്ക് ചുമയും തുമ്മലും ശ്വാസംമുട്ടും പോലുള്ള അസുഖങ്ങള്‍ വരുന്നത് പതിവാണ്.

ഇനിയെത്രയൊക്കെ വൃത്തിയാക്കിയാലും പൊടിയെ വീട്ടില്‍ നിന്നും പൂര്‍ണമായി നീക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ച് കുറച്ച് പ്രയാസമുള്ള കാര്യമാണ്. പൊടിയൊന്നുമില്ലാതെ വീടിനെ വൃത്തിയാക്കാനുള്ള ചിലപൊടിക്കൈകളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

 

1. പൊടിയെ പടിക്കു പുറത്ത് നിര്‍ത്തുക

എപ്പോഴും വീടുകളില്‍ അടിഞ്ഞുകൂടുന്ന പൊടിയില്‍ 99 ശതമാനവും വരുന്നത് പുറത്തുനിന്നാണ്. അതിനാല്‍ പൊടിയെ ഇല്ലാതാക്കാനുള്ള ഏറ്റവും ആദ്യത്തെ പോംവഴി പ്രതിരോധമാണ്. പൊടിയെ എങ്ങനെ പ്രതിരോധിക്കുമെന്നല്ലേ? അതിനായി വാതിലുകളും ജനലുകളും കഴിയാവുന്നത്രയും അടച്ചിടുക. വീടിനുള്ളിലേക്ക് ചെരുപ്പ് ഇട്ട് തന്നെ കയറുന്ന ശീലമുണ്ടെങ്കില്‍ അത് മാറ്റുന്നതും പൊടിയെ ഇല്ലാതാക്കുന്നതിന് സാഹായിക്കും. വീട്ടിലേക്ക് പ്രവേശിക്കുന്ന വാതിലിന് മുമ്പിലായി നല്ല കാര്‍പെറ്റ് വിരിക്കുന്നതും പൊടിയെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോഴെങ്കിലും വൃത്തിയാക്കുകയും വേണം.അല്ലാത്ത പക്ഷം കാര്‍പെറ്റില്‍ പൊടി അടിഞ്ഞുകൂടുകയും അവ വീടിനുള്ളിലേക്ക് വീണ്ടുമെത്താനുള്ള സാധ്യതയും കൂടുതലാണ്.

 

2. അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കുക

മിക്ക വീടുകളിലും അനാവശ്യമായി ഒരുപാട് സാധനങ്ങള്‍ കുത്തിനിറച്ചിരിക്കാറുണ്ട്. നിങ്ങളുടെ വീട്ടിലും അങ്ങനെയാണെങ്കില്‍ ആദ്യം അവയെല്ലാം നീക്കം ചെയ്ത് ആവശ്യമുള്ള വസ്തുക്കള്‍ മാത്രം വീടിനുള്ളില്‍ സൂക്ഷിക്കുക. പുസ്തകങ്ങളും പേപ്പറുകളും സൂക്ഷിക്കാന്‍ പ്രത്യേകമായ അറകളുണ്ടാക്കുന്നതും പൊടിയെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. ഉപയോഗിക്കാത്ത തുണികളും ഇപ്രകാരം സൂക്ഷിക്കുന്നതാണ് ഉചിതം.

3. തുടച്ച് വൃത്തിയാക്കാം

മിക്ക ദിവസവും വീട് അടിച്ചുവൃത്തിയാക്കാറുണ്ട്. എന്നാല്‍ എല്ലാ സാധനങ്ങളും മാറ്റി എത്രപേര്‍ വീട് വൃത്തിയാക്കാറുണ്ട്? ഇത് പൊടിയെ ചെറുക്കാനുള്ള വിദ്യയാണ്. ആഴ്ചയിലൊരിക്കലെങ്കിലും പൊടി കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും സാധനങ്ങളെല്ലാം മാറ്റി നന്നായി വൃത്തിയാക്കുക. ഒഴിവാക്കേണ്ട വസ്തുക്കളെ ഒഴിവാക്കാനും മറക്കരുത്. പൊടി അടിക്കുമ്പോള്‍ മുകളില്‍ നിന്നും താഴേക്ക് അടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പൊടി പറക്കാനും അത് മറ്റ് പ്രതലങ്ങളിലേക്ക് കൂടി വ്യാപിക്കാനും സാധ്യതയുണ്ട്. വീട് വൃത്തിയാക്കുമ്പോള്‍ ജനലുകള്‍ തുറന്നിടുന്നത് വീട്ടിലെ ദുര്‍ഗന്ധം അകറ്റാനും സഹായിക്കും.

4. മരത്തെ കാര്യമായി പരിഗണിക്കാം

മരം കൊണ്ടുള്ള ഉത്പന്നങ്ങള്‍ മിക്ക വീടുകളിലുമുണ്ടാകും.മരമായത് കൊണ്ട് പൊടി പിടിക്കില്ലെന്ന് നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഇത് തെറ്റാണ്. മരം കൊണ്ടുള്ള ഉത്പന്നങ്ങള്‍, അത് മേശയോ കസേരയോ മറ്റ് ഫര്‍ണീച്ചറുകളോ അതുമല്ലെങ്കില്‍ ഷോ പീസുകളോ ആകട്ടെ, പൊടി പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവും മരം കൊണ്ടുള്ള ഫര്‍ണീച്ചറുകള്‍ തുടച്ചുവൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. പൊടി മാത്രമല്ല, ഇത് ചിതല്‍ ശല്യം ഇല്ലാതാക്കാനും നിങ്ങളെ സഹായിക്കും. ചിതല്‍ വരാതിരിക്കാന്‍ ഫര്‍ണീച്ചറുകള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ വാര്‍ണിഷ് അടിക്കുന്നതും നല്ലതാണ്.

5. ഫാന്‍

വീട്ടിലെ പൊടിയുടെ 70 ശതമാനവും ഫാനുകളിലായിരിക്കും. ആഴ്ചയിലോ മാസത്തിലോ ഫാനുകളെ തുടച്ച് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

6. എ.സി

ചൂട് കുറയ്ക്കാന്‍ നമ്മള്‍ വാങ്ങുന്ന എ.സികള്‍ ചിലപ്പോള്‍ നമുക്ക് തന്നെ വിനയാകാറുണ്ട്. എങ്ങനെയാണെന്നല്ലേ. എ.സിയും പൊടിപടലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ളവയാണ്. ഇത് തടയാന്‍ പല ആധുനിക സംവിധാനങ്ങളും നിലവിലുണ്ട്. അതുകൊണ്ട് എ.സി വാങ്ങുമ്പോള്‍ കഴിവതും പൊടിപടലങ്ങള്‍ സ്വയം നീക്കാന്‍ കഴിവുള്ള ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്‌സോര്‍ബ്ഷന്‍ ഫീച്ചര്‍ ഉള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുമല്ലോ.

7. വളര്‍ത്തുമൃഗങ്ങളെ വൃത്തിയാക്കാന്‍ പ്രത്യേകം സ്ഥലം സജ്ജമാക്കു

വളര്‍ത്തുമൃഗങ്ങളെ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അവരുടെ ദേഹത്തുണ്ടാകുന്ന പൊടിയും രോമവും അമിതമായി ശ്വസിക്കുന്നത് മനുഷ്യന് ദോഷമാണ്. അതുകൊണ്ട് വളര്‍ത്തുമൃഗങ്ങളെ ബാത്‌റൂമിലോ, സ്ഥിരമായി നിങ്ങള്‍ പെരുമാറാത്ത മറ്റേതെങ്കിലും മുറിയിലോ വെച്ച് വൃത്തിയാക്കുക.

8. എയര്‍ പ്യൂരിഫയര്‍

പൊടിയെ പിടിച്ചെടുക്കാന്‍ എയര്‍ പ്യൂരിഫയറുകള്‍ വളരെ ഉപകാരപ്രദമാണ്. ഗുണമേന്മയുള്ള എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നത് പൊടിയെ ഒരുപരിധി വരെ കുറക്കാന്‍ സഹായിക്കും.

 

Home remove dust from home