ഹാന്‍സം ഹാന്‍ഡ്‌മെയ്ഡ് ടൈല്‍സ്

നിങ്ങളുടെ ഭാവനയ്‌ക്കൊത്ത ഡിസൈനില്‍ ടൈലുകള്‍ ചെയ്‌തെടുത്തു മുറി മനോഹരമാക്കൂ. ഏതു ചുമരിലും ഹൈലൈറ്റായി ചില ഭാഗത്തു മാത്രം ഹാന്‍ഡ്‌മെയ്ഡ് ടൈലുകള്‍ ഇടാം.

author-image
umaiban sajif
New Update
ഹാന്‍സം ഹാന്‍ഡ്‌മെയ്ഡ്  ടൈല്‍സ്

ടൈലുകളുടെ ഭംഗിയില്ലാത്ത വീടുകള്‍ ഇന്നില്ലല്ലോ. തറയിലും ചുമരിലും റൂഫിലുമൊക്കെ ടൈലുകളുടെ മേളമാണ്. പക്ഷേ ഒരു കാര്യമുള്ളത് ടൈലുകള്‍ പൊതുവേ കണ്ടാല്‍ ഒരുപോലെ ഇരിക്കുമെന്നതാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ വ്യത്യസ്ഥനാണ് കൈകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ടൈലുകള്‍. മറ്റു ടൈലുകള്‍ക്കിടയില്‍ ഇവ തിരിച്ചറിയാനും കഴിയും.

ആകര്‍ഷണീയത കൂട്ടാന്‍

ചുമരിന്റെ ഒരു പ്രത്യേക ഭാഗത്തേക്കു ഫോക്കസു കിട്ടാന്‍ ചെയ്യാവുന്ന എളുപ്പകാര്യം അവിടെ ഹാന്‍ഡ്‌മെയ്ഡ് ഡെക്കറേറ്റീവ് ടൈല്‍സ് പിടിപ്പിക്കുകയാണ്. പല നിറത്തില്‍, വലുപ്പത്തില്‍, ഡിസൈനില്‍... എങ്ങനെ വേണമെങ്കിലും ഇതുകിട്ടും. വേണ്ടയിടത്തു നന്നായി പിടിപ്പിക്കുകയേ വേണ്ടൂ. ഹാന്‍ഡ്‌മെയ്ഡ് ടൈലുകളിലേക്കു കണ്ണ് എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന്റെ നിര്‍മ്മാണത്തിലെ പ്രത്യേകത തന്നെ കാരണം. ഇത് ഏതാ ടൈല്‍ എന്നു കണ്ടവര്‍ ചോദിച്ചിരിക്കും.

സാധാരണ വലിയ വലിപ്പം ഈ ടൈലുകള്‍ക്കില്ല. ഒരിഞ്ചു മുതല്‍ ആറിഞ്ചു വരെ വലിപ്പമുള്ളതാണ് ഹാന്‍ഡ്‌മെയ്ഡ് ഡെക്കറേറ്റീവ് ടൈലുകള്‍. ചതുരത്തിലോ ദീര്‍ഘ ചതുരത്തിലോ ഹെക്‌സഗണ്‍ ആകൃതിയിലോ ഈ ടൈലുകള്‍ സുലഭമാണ്. ഇനി വേണമെങ്കില്‍ ഇതൊന്നുമല്ലാത്തൊരു ഷേപ്പിലും ടൈലുകള്‍ റെഡിയാക്കാം.

നിറങ്ങളിലുമുണ്ട് പ്രത്യേകത. സാധാരണ മറ്റു സെറാമിക് ടൈലുകളിലൊന്നും കാണാത്ത നിറങ്ങള്‍ ഇതില്‍ കിട്ടും. വിട്രിഫൈഡ് ടൈലുകളിലെ നിറങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നല്ല വ്യത്യാസമുണ്ടാകും. ഡിസൈനിലും സൂപ്പറാണ് ഹാന്‍ഡ്‌മെയ്ഡ് ഡെക്കറേറ്റീവ് ടൈലുകള്‍. കേരളത്തില്‍ ഡെക്കറേറ്റീവ് ഹാന്‍ഡ്‌മെയ്ഡ് ടൈലുകള്‍ അത്ര കണ്ടുനിര്‍മ്മിക്കുന്നില്ല. രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും ടൈലുകളെത്തുന്നത്.

നിര്‍മ്മാണ രീതി

പ്രത്യേകരീതിയിലാണു ടൈലുകള്‍ നിര്‍മ്മിക്കുക. കളിമണ്ണാണ് പ്രധാന കൂട്ട്. കൂടാതെ മറ്റുചില ധാതുക്കളും ചേര്‍ക്കും. ഇവ ചേര്‍ക്കുന്നതോടെ ടൈലിന്റെ രൂപപ്പെടലിന്റെ ആദഘട്ടമായി. ഈ മിശ്രിതം വേണ്ട സൈസിലുള്ള മോള്‍ഡിലേക്കു നിറയ്ക്കുന്നതാണ് രണ്ടാംഘട്ടം. മോള്‍ഡില്‍ ഇത് ഉണക്കിയെടുക്കും. ഉണങ്ങികഴിയുന്നതോടെ നിറവും മറ്റുള്ള ഡിസൈനുകളും നല്‍കാനുള്ള ഘട്ടമായി. പലപ്പോഴും നിറങ്ങള്‍ ടൈലിലേക്കു സ്‌പ്രേ ചെയ്യുകയാണ്. അവസാന ഘട്ടം ചുടുകല്ലുപോലെ ഇവ ചുട്ടെടുക്കും. അതോടെ കാര്യങ്ങള്‍ പൂര്‍ത്തിയായി മാര്‍ക്കറ്റിലേക്കു ടൈലുകള്‍ നീക്കാം. ടൈലുകളുടെ വലിപ്പമനുസരിച്ചു വിലയില്‍ മാറ്റമുണ്ടാകും. എങ്കിലും സ്‌ക്വയര്‍ ഫീറ്റിനു 200 രൂപയോളമാകും. ഇവ ഒട്ടിക്കുന്നതിനും പ്രയാസമില്ല. സാധാരണ ടൈലുകള്‍ പോലെ സിമന്റുപയോഗിച്ചു ഒട്ടിക്കാവുന്നതേയുള്ളൂ. പശയും ഇത് ഒട്ടിക്കുന്നതിന് ഉപയോഗിക്കാം.

അപാര സാധ്യത

ഡിസൈനിലും നിറത്തിലും അപാര സാധ്യതയാണ് ഹാന്‍ഡ്‌മെയ്ഡ് ടൈലുകള്‍ തുറന്നിടുന്നത്. ഐഡിയയ്ക്കനുസരിച്ചു ഡിസൈന്‍ ചാര്‍ത്താം. നിറങ്ങള്‍ കൊടുക്കാം. ടൈലുകള്‍ തുലോം വ്യത്യസ്ഥമായിരിക്കാന്‍ ഇതുസഹായിക്കും. ഡിസൈന്‍ സംബന്ധിച്ച് ഒരു ഐഡിയ ഉണ്ടെങ്കില്‍ അതു പറഞ്ഞ് അതിനനുസരിച്ചു ടൈലുകള്‍ ഉണ്ടാക്കാം. മുറിയുടെ പ്രത്യേക ഇടങ്ങളില്‍ ചിത്രങ്ങള്‍ പോലെ ആകര്‍ഷകമാക്കി മാറ്റാന്‍ ഈ ഹാന്‍ഡ്‌മെയ്ഡ് ടൈലുകള്‍ക്കു കഴിയും.
കാഴ്ചയില്‍ ഹാന്‍ഡ്‌മെയ്ഡ് ടൈലുകള്‍ പോലെ തോന്നിക്കുന്ന സെറാമിക് ടൈലുകള്‍ വിപണിയിലുണ്ട്. എങ്കിലും ഹാന്‍ഡ്‌മെയ്ഡ് ടൈലുകള്‍ ഒന്നുവേറെയാണ്. വിലക്കുറവാണ് ഇത്തരം സെറാമിക് ടൈലുകള്‍ക്ക്. ചിലരൊക്കെ ഹാന്‍ഡ്‌മെയ്ഡിനു പകരമായി ഇതും ഉപയോഗിച്ചു കാണുന്നുണ്ട്.

Home tile interior material