പ്രകൃതിയെ സ്‌നേഹിക്കുന്ന നിങ്ങളുടെ വീടും പ്രകൃതിയെ നോവിക്കാത്തതായിരിക്കണം. അങ്ങനെയൊരു വീടുവച്ചാല്‍ അതു നാലുപേരെ ഔദ്യോഗികമായി അറിയിക്കാന്‍ ഇന്നു മാര്‍ഗമുണ്ട്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ്ങ് കൗണ്‍സിലി(ഐജിബിസി)ന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങി വീട്ടിലെ ചുമരില്‍ പ്രദര്‍ശിപ്പിക്കാവുന്ന രീതിയില്‍ ഫലകം വച്ചാല്‍ പിന്നീടൊരു പറച്ചിലിന്റെ കാര്യമില്ല. കുടിവെള്ളവും വൈദ്യുതിയുമൊക്കെ കടുത്ത ക്ഷാമത്തിലായി കഴിഞ്ഞ കാലഘട്ടത്തില്‍ ഗോ ഗ്രീന്‍ ആശയത്തിന് വലിയ പ്രസക്തിയുണ്ട്. നിങ്ങളുടെ വീടും പ്രകൃതിയെ നോവിക്കാത്ത ഗ്രീന്‍ ബില്‍ഡിങ്ങാക്കാന്‍ എന്തൊക്കെ ചെയ്യണമെന്നതു സംബന്ധിച്ച് പലര്‍ക്കും അറിയില്ലെന്നതാണു സത്യം.
ഏഴുവിഭാഗങ്ങളില്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്
പ്രധാനമായും ഏഴുവിഭാഗങ്ങളായി തിരിച്ചാണ് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക. സസ്റ്റയിനബിള്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍, സൈറ്റ് സെലക്ഷന്‍ ആന്റ് പ്‌ളാനിങ്ങ്, വാട്ടര്‍ കണ്‍സര്‍വേഷന്‍, എനര്‍ജി എഫിഷ്യന്‍സി, ബില്‍ഡിങ്ങ് മെറ്റീരിയല്‍സ് ആന്റ് റിസോഴ്‌സസ്, ഇന്‍ഡോര്‍ എന്‍വയോണ്‍മെന്റ് ക്വാളിറ്റി, ഇന്നവേഷന്‍ ആന്റ് ഡെവലപ്‌മെന്റ് എന്നീ വിഭാഗത്തിലാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. ഓരോ വിഭാഗത്തിലും നടപ്പാക്കിയിരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും കൗണ്‍സിലിന്റെ രേഖയില്‍ നല്‍കിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങി വീടുവയ്ക്കാന്‍ താത്പര്യമുളളവര്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നേടാവുന്നതേയുള്ളൂ. വീടുകള്‍ക്കു മാത്രമല്ല പൊതുസ്ഥാപനങ്ങള്‍, വില്ലകള്‍, അപാര്‍ട്‌മെന്റുകള്‍ എന്നിവയ്‌ക്കൊക്കെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
രജിസ്‌ട്രേഷന്‍ ആദ്യം
വീടുവയ്ക്കുമ്പോള്‍ തന്നെ ഐ.സി.ബി.സിയുമായി ബന്ധപ്പെടണം. രജിസ്‌ട്രേഷന്‍ നടത്തുകയെന്നതാണ് ആദ്യപടി. ഇതിനായി കൗണ്‍സിലുമായി ബന്ധപ്പെട്ടാല്‍ വേണ്ട രേഖകള്‍ എന്തൊക്കെ എന്ന് അവര്‍ അറിയിക്കും.
വീടുപണി തുടങ്ങിയാല്‍ രേഖകള്‍ വേണ്ടതെല്ലാം തയ്യാറാക്കി സൂക്ഷിച്ചുവയ്ക്കണം. അതുപോലെ ചില റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വയ്ക്കാനുമുണ്ടാകും. ഇതിനൊക്കെ വിദഗ്ദ്ധനായ ആര്‍ക്കിടെക്ടിന് സഹായിക്കാന്‍ കഴിയും.
ഐ.സി.ബി.സിയുടെ അംഗീകാരം രേഖകളും റിപ്പോര്‍ട്ടുകളും പരിശോധിച്ചശേഷമാണ് ഉണ്ടാവുക. വീടുപണി തുടങ്ങുന്ന ഘട്ടത്തിലും അവസാനത്തിലും തയ്യാറേക്കേണ്ട രേഖകളുണ്ട്. പ്‌ളാന്‍, ഡ്രോയിങ്ങുകള്‍, എക്‌സല്‍ ഷീറ്റില്‍ തയ്യാറാക്കിയ കണക്കുകള്‍, കോണ്‍ട്രാക്ടിന്റെ രേഖകള്‍, സാമഗ്രികള്‍ വാങ്ങിയതിന്റെ ഇന്‍വോയിസുകള്‍, നിര്‍മ്മാണസാധനങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് തുടങ്ങി ഒരുപിടി രേഖകളും റിപ്പോര്‍ട്ടുകളും ആവശ്യമാണ്.
ഓര്‍ക്കുക, നിങ്ങളുടെ പഴയ കെട്ടിടം പുതുക്കുമ്പോള്‍ പ്രകൃതിയോടിണങ്ങിയ രീതിയിലാണു ചെയ്യുന്നതെങ്കില്‍ അതിനും ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും. അപ്പോഴും ഡ്രായിങ്ങുകളും മറ്റു ബന്ധപ്പെട്ട രേഖകളും സൂക്ഷിച്ചുവയ്ക്കാനും ഗ്രീന്‍ കൗണ്‍സിലിനെ അറിയിക്കാനും മറക്കരുത്.
പോയിന്റ് അടിസ്ഥാനത്തില്‍
ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് പോയിന്റ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കേഷന്‍ കിട്ടാന്‍ കുറഞ്ഞത് 40-49 പോയിന്റുകിട്ടണം. 50-59 വരെ പോയിന്റ് കിട്ടിയാല്‍ സില്‍വര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 60-74 കിട്ടിയാല്‍ ഗോള്‍ഡായി. 75-89 പോയിന്റിന് പ്‌ളാറ്റിനം സര്‍ട്ടിഫിക്കറ്റാണ് കിട്ടുക. 90-100 പോയിന്റിന് സൂപ്പര്‍ പ്‌ളാറ്റിനം സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഔട്ട്‌സ്റ്റാന്‍ഡിങ്ങ് പെര്‍ഫോമന്‍സായി. പ്‌ളാറ്റിനമാണെങ്കില്‍ നാഷണല്‍ എക്‌സലന്‍സിലേക്ക് ഉയരും. താഴ്ന്ന തലത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ ആദ്യം കിട്ടിയാലും വിഷമിക്കേണ്ടതില്ല. പിന്നീട് കൂടുതല്‍ മാനദണ്ഡങ്ങള്‍ പുലര്‍ത്തിക്കൊണ്ട് പോയിന്റ് കൂട്ടിവാങ്ങി ഗ്രേഡുയര്‍ത്താം. സര്‍ട്ടിഫിക്കറ്റും ഒപ്പം വീട്ടിലെ ചുമരില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫലകവും കിട്ടും. ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ വീടെന്ന ഖ്യാതി ഇന്നിപ്പോള്‍ അന്തസുയര്‍ത്തുന്നതാണ്.
സര്‍ട്ടിഫിക്കേഷന്‍ ഫീസ്
ഐജിബിസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക ഫീസുണ്ട്. വീടുകള്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കാം. അപാര്‍ട്ടുമെന്റ്, വില്ല തുടങ്ങിയ മള്‍ട്ടി ഡ്വല്ലിങ്ങ് യൂണിറ്റുകള്‍ക്ക് രജിസ്റ്റര്‍ ചെയ്താല്‍ പ്രീസര്‍ട്ടിഫിക്കേഷന്‍ വേണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കേഷന്‍ എന്നും ഇതിനെ പറയും.
700 സ്‌ക്വയര്‍ മീറ്ററില്‍ താഴെയുള്ള വീടുകള്‍ക്ക് 10000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 701-1400 സ്‌ക്വയര്‍ മീറ്ററുള്ള വീടുകള്‍ക്ക് 15000 രൂപയും 1401 മുതല്‍ മുകളിലോട്ടുള്ള വീടുകള്‍ക്ക് 20000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.
120 സ്‌ക്വയര്‍ മീറ്ററിന് താഴെയുള്ള വീടുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ഫീസ് 15000 രൂപയാണ്. ഇതിനു മുകളില്‍ 350 സ്‌ക്വയര്‍ മീറ്റര്‍ വരെ 25000 രൂപയാണ് ഫീസ്. 351 മുതല്‍ 700 വരെയുളളവയ്ക്ക് സ്‌ക്വയര്‍ മീറ്ററിന് 85 രൂപ. 701 മുതല്‍ 1400 വരെയുള്ളവയ്ക്ക് സ്‌ക്വയര്‍ മീറ്ററിന് 100 രൂപയും 1401 ന് മുകളിലുള്ളവയ്ക്ക് 1,80,000 രൂപയുമാണ് ഫീസ്. പാര്‍ക്കിംഗ് ഏരിയയെ ബില്‍റ്റപ് ഏരിയയായി കണക്കാക്കാറില്ല.
ഐ.ജി.ബി.സിക്കു ഇന്ത്യയിലുടനീളം 19 ചാപ്റ്ററുകളുണ്ട്. കൊച്ചിയിലാണ് കേരളത്തിലെ ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്.
എനര്‍ജി 30 ശതമാനം ലാഭിക്കാം
ഗ്രീന്‍ ബില്‍ഡിങ്ങ് എന്ന ആശയം ശരിയായി നടപ്പാക്കിയാല്‍ എനര്‍ജി ഉപഭോഗം 30 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് ഗ്രീന്‍ ബില്‍ഡിങ്ങ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി, വെള്ളം തുടങ്ങിവയുടെ ബില്ലില്‍ ഈ ലാഭം മനസിലാക്കാന്‍ കഴിയും. എസിയും ഫാനുമൊക്കെ ഉപയോഗിക്കുന്നതില്‍ വളരെ കുറവുവരും.
മാത്രമല്ല ഗ്രീന്‍ എന്ന ആശയത്തില്‍ ജലസംഭരണികള്‍ സംരക്ഷിക്കുകയും മറ്റുമുള്ളതിനാല്‍ കുടിവെള്ള ക്ഷാമവും പെട്ടെന്ന് അനുഭവപ്പെടുകയില്ല.
കിണറുകളും കുളങ്ങളും മൂടിയതാണ് ഇന്നു നഗരങ്ങളിലെ ശുദ്ധജലക്ഷാമത്തിന് അടിസ്ഥാനം എന്ന തിരിച്ചറിവ് നമുക്കുണ്ടായിട്ടുണ്ട്. കൂടാതെ വീടുകള്‍ക്കുള്ളിലെ ചൂടു കുറയ്ക്കാന്‍ പ്രകൃതി സൗഹാര്‍ദ്ദ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതും സഹായകമാകും. മരങ്ങളുടെ സംരക്ഷണവും ഇതോടനുബന്ധിച്ച് പ്രധാനപ്പെട്ടതാണ്. പഴയ വീടുകളിലെ മച്ചും അത് മുറിക്കുള്ളില്‍ നട്ടുച്ചയ്ക്കുപോലും നല്‍കുന്ന തണുപ്പും നമുക്കറിയാം.
അന്തരീക്ഷവായു ഭയപ്പെടുത്തുന്ന രീതിയില്‍ മലിനമായികൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഗ്രീന്‍ ബില്‍ഡിങ്ങ് എന്ന ആശയത്തിന് വളരെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്.