ചിരട്ടയോടിലെ വൈവിധ്യം
ഇരുപതോളം പാറ്റേണുകള്‍ കേരളത്തില്‍ ഇന്നു ലഭ്യമാണ്. കുറച്ച് ഭാവന കൂടിയുണ്ടെങ്കില്‍ വൈവിധ്യമാര്‍ന്ന നിരവധി ഡിസൈനുകളില്‍ ചുമരുകള്‍ അലങ്കരിക്കാം. ആദ്യകാലങ്ങളില്‍ പല നിറങ്ങളില്‍ കിട്ടിയിരുന്നങ്കിലും ഇപ്പോള്‍ നാച്ചുറല്‍ കളറിനാണ് ഡിമാന്റ്. ചിരട്ടയുടെ അകത്തെയും പുറത്തെയും ടെക്ചറുകളില്‍ ചിരട്ടയോടുകള്‍ വരുന്നുണ്ട്. സ്‌ക്വയര്‍ഫീറ്റ് ചിരട്ടയോടിന് 400 മുതല്‍ 700 രൂപ വരെയാണ് ചിലവ്. മെയിന്റനന്‍സ് ചിലവ് തീരെ ആവശ്യമില്ല എന്നതാണ് ഇവയുടെ ഹൈലൈറ്റ്. മെഷീന്‍കട്ടിലും ഹാന്റ്‌മെയ്ഡിലും കോക്കോ ഷെല്‍ ടൈലുകള്‍ ലഭ്യമാണ്. 5 സെ.മി നീളത്തിലും വീതിയിലും ചിരട്ട കഷ്ണങ്ങള്‍ മുറിച്ചെടുത്ത് ഒട്ടിച്ചു ചേര്‍ത്ത് പോളിഷ് ചെയ്‌തെടുക്കുന്നവയാണ് മെഷീന്‍മെയ്ഡ് കോക്കോ ഷെല്‍ ടൈലുകള്‍. ഇതില്‍ പൊതിഞ്ഞ ചുമരു കണ്ടാല്‍ നൂറോളം ചിരട്ട ഓടുകള്‍ ഒരിമിച്ചു ചേര്‍ത്തതാണെന്ന് ഒരിക്കലും പറയില്ല. ഒരറ്റ പാനലായി മാത്രമേ കാണുന്നവര്‍ക്ക് തോന്നു. പത്തുവര്‍ഷത്തോളം ഗ്യാരന്റിയുണ്ട് ഇവയ്ക്ക്. ഹാന്റ്‌മെയ്ഡ് കോക്കോഷെല്‍ ടയലുകള്‍ ഇന്തോനേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഒരിഞ്ചു നീളത്തിലും വീതിയിലും മുറിച്ചെടുത്ത് കൈകൊണ്ട് യോജിപ്പിക്കുന്നവയാണ് ഇവ. ഇന്ത്യന്‍ ചിരട്ടകള്‍ വലിപ്പം കുറവാണ് എന്നതാണ് ഇന്ത്യയില്‍ ഇവയുടെ നിമ്മാണത്തിന് തടസ്‌സമാകുന്നത്.
ഫ്ളോറിങ്ങിനും
ചിരട്ടകൊണ്ടുള്ള ടൈലുകള്‍ ചുമരുകളിലെ അലങ്കാരത്തിനാണ് ഉപയോഗിക്കുന്നതെങ്കിലും ഇത് ഫ്ളോറില്‍ കാര്‍പെറ്റുപോലെ പതിപ്പിക്കാനും വളരെ നല്ലതാണ്. ബെഡ്‌റൂമില്‍ ബെഡിന്റെ ചുറ്റിലും പതിപ്പിച്ചാല്‍ രാവിലെ ഉണരുമ്പോള്‍ പ്രകൃതിയിലേക്ക് കാലുകള്‍ വയ്ക്കുന്ന ഒരു ഫീല്‍ കിട്ടും. ഇങ്ങനെ ഉണരുന്നത് ആരോഗ്യം കൂട്ടുമെന്നും പറയപ്പെടുന്നു. അതുപോലെ തന്നെ കോക്കോ ഷെല്‍ ടൈലുകള്‍ ഫ്ളോറിങ്ങിനുപയോഗിക്കുന്ന മറ്റൊരിടം ലിവിങ്ങ് റൂമിലെ ടീപോയ്ക്കു ചുറ്റുമാണ്. ചുറ്റുമുള്ള സോഫയിലോ കസേരകളിലോ ഇരിക്കുമ്പോള്‍ കാലുകള്‍ കോക്കോ ഷെല്‍ ടൈലില്‍ വച്ച് ഇരിക്കുവാന്‍ ഒരു പ്രത്യേക സുഖമാണ്. പ്രകൃതിയെ തൊട്ടറിയുന്ന സുഖം.
ഓര്‍മ്മിക്കാന്‍
ഒത്തിരി ബലം കൊടുക്കുന്ന സ്ഥലങ്ങളിലും വെള്ളം ഒഴുകുന്ന സ്ഥലങ്ങളിലും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വളരെ സ്‌ട്രോങ്ങാണെങ്കിലും ചിരട്ടയല്ലേ വിള്ളലുകള്‍ വീണാലോ എന്നൊരു പേടി. വെള്ളമുപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. എന്നാല്‍, ഒരുപാടു വെള്ളംവീഴുന്നിടത്തായാല്‍ ചുമരില്‍ നിന്നോ തറയില്‍നിന്നോ ഇളകിപ്പോരാനും ചെറിയ സാധ്യതയുണ്ട്. അത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ചാല്‍ നല്ല സ്‌റ്റൈയിലായി വീട് ഒരുക്കാം. ചിരട്ടയോടുകള്‍ നൂറു ശതമാനം പ്രകൃതിദത്തമായതുകൊണ്ട് ഇക്കോ ഫ്രണ്ട്‌ലിയുമാണ്.