വീടിന്റെ ഗമ കൂട്ടുന്നതരത്തില്‍ വേണം ജനല്‍ ഡിസൈന്‍ ചെയ്യാന്‍. തടിയില്ലെങ്കിലും ജനലിന്റെ ജാഡ കൂട്ടാനുള്ള ടെക്‌നിക്കുകള്‍ ഇപ്പോഴുണ്ട്. ഈസിയായി പിടിപ്പിക്കാവുന്ന റെഡിമെയ്ഡ് ജനലുകള്‍ക്കു വലിയ മാര്‍ക്കറ്റുണ്ട്.
കാറ്റും വെളിച്ചവും കയറാന്‍ മാത്രമായിരുന്നു മുമ്പൊക്കെ വീടുകള്‍ക്ക് ജനാലകള്‍. എന്നാല്‍, ആ രീതിയൊക്കെ മാറിയിട്ട്് ഇപ്പോള്‍ കുറച്ചുകാലമായി.
കാറ്റും വെളിച്ചവും കയറാന്‍ സഹായിക്കുന്നതിനൊപ്പം വീടിന്റെ രൂപഘടനയ്ക്കു മാറ്റുകൂട്ടുന്ന പ്രധാന ഘടകമായും ജനാലകള്‍ മാറിക്കഴിഞ്ഞു.
ഓരോ ഇടത്തിനും ചേരുന്ന രീതിയിലുള്ള വിവിധ ആകൃതിയിലും മറ്റുമുള്ള ജനാലകള്‍ പിടിപ്പിക്കുകയെന്നതാണു രീതി.
മുറിയുടെ സ്‌പേസ്, മുറിയുടെ ചുറ്റുപാടുമായുള്ള സ്‌പേസിന്റെ പ്രത്യേകത തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് ജനലിന്റെ വലിപ്പവും മോഡലും നിശ്ചയിക്കുക.
ഈസി ജനല്‍
ജനല്‍ ജനറേഷനിലെ ഏറ്റവും പുതിയ ഇനമാണ് ഈസിയായി പിടിപ്പിക്കാവുന്ന റെഡിമെയ്ഡ് ഇനത്തില്‍പ്പെട്ടവ. ലുമിനിയം, യു.പി.വി.സി എന്നിവയാല്‍ നിര്‍മ്മിതമായ ജനലുകളാണ് റെഡിമെയ്ഡ് വിഭാഗത്തില്‍ കൂടുതലും. കടയില്‍ ചെന്ന് അളവ് പറഞ്ഞ് വാങ്ങിക്കൊണ്ടുവന്ന് നേരെ ചുമരില്‍ പിടിപ്പിക്കാം. പണിയും കുറവ്, കാശും ലാഭം.
വീടിന്റെ ചെലവു കുറയ്ക്കണമെന്നു കരുതുന്നവരാണ് ഇത്തരത്തിലുള്ള ജനല്‍ വാങ്ങുന്നത്.
റെഡിമെയ്ഡ് ജനലുകള്‍ കൂടുതലും ഒരു പ്രത്യേക സ്റ്റാന്റേഡ് അളവിലാണ് നിര്‍മ്മിക്കുക. അതിനാല്‍, മോഡലിലും വലിപ്പത്തിലും വലിയ വ്യതാസമുണ്ടാവുകയില്ല.
ജനലിന്റെ കട്ടിളകള്‍ കോണ്‍ക്രീറ്റില്‍ ചെയ്തു കിട്ടും. ഇതും റെഡിമെയ്ഡാണ്. ചെലവു കുറയ്ക്കാന്‍ ഇതു സഹായിക്കും. ഇങ്ങനെ വാങ്ങുന്നവയില്‍ തടിയുടെയോ മറ്റോ ഫ്രെയിം ഇതില്‍ സ്‌ക്രൂ ചെയ്തു പിടപ്പിക്കാവുന്നതേയുള്ളൂ.
വെള്ളത്തെ ചെറുക്കും
തടിയില്‍ തീര്‍ത്ത ജനലുകളില്‍ വെള്ളം സ്ഥിരമായി വീണാല്‍ പ്രശ്‌നമല്ലേ... എന്നാല്‍ അലുമിനിയം, യു.പി.വി.സി എന്നിവയില്‍ നിര്‍മ്മിച്ച ജനലില്‍ വെള്ളം വീണാല്‍ അത്രയും നല്ലത്. കാരണം ജനല്‍ കഴുകി വൃത്തിയാക്കാം. വെള്ളം വീണതുകൊണ്ട് ഇവയ്ക്കു പ്രശ്‌നമൊന്നുമില്ല.
ജനലുകളിലെ ഗ്ലാസ് തിരഞ്ഞെടുക്കുന്നതിനും പ്രാധാന്യമുണ്ട്. വെളിച്ചം കുറയ്ക്കണോ കൂടുതല്‍ വേണോ എന്നതിനെ ആശ്രയിച്ച് അതിനനുസരിച്ചുള്ള ഗ്‌ളാസ് തിരഞ്ഞെടുക്കാം. പ്‌ളെയിന്‍, ടിന്റഡ്, റിഫ്‌ളക്ടീവ് തുടങ്ങിയ വിവിധ ഇനം ഗ്‌ളാസുകള്‍ സുലഭമാണ്. ഒരാള്‍ പൊക്കത്തില്‍ ചുമര്‍ പോലെ ഗ്‌ളാസിടുന്ന രീതിയും ഇപ്പോള്‍ സ്‌റ്റൈലാണ്. ഇവിടങ്ങളില്‍ കൂടുതലും ഹാര്‍ഡന്‍ഡ് ഗ്‌ളാസാണ് ഇടുക. കല്ലോ മറ്റോ കൊണ്ടാലും ഇടിച്ചാലും പൊട്ടിച്ചിതറുന്നതല്ല ഇത്തരം ഗ്‌ളാസ്. ഇറക്കുമതി ചെയ്യുന്ന ഇത്തരം ഗ്‌ളാസിന് വില വളരെ കൂടുതലാണ്.
പണ്ടൊക്കെ തടിപ്പാളികളായിരുന്നു ജനലുകള്‍ക്ക്. അതൊരു ആഢ്യത്വത്തിന്റെ പ്രതീകവുമായിരുന്നു. ഇപ്പോള്‍ പണം മുടക്കാന്‍ കഴിയുന്ന ചിലരൊക്കെ തടിപ്പാളി ജനലുകള്‍ വയ്ക്കുന്നുണ്ട്. പഴമയും ആഢത്വവും ലുക്കും ചേരുന്നതാണു തടിപ്പാളികള്‍.
ജനലും ഇരിപ്പിടവും
പഴമയില്‍നിന്നു മുന്നിലേക്കു വന്ന മറ്റൊരു മാതൃക കൂടിയുണ്ട്. ജനലിനോടു ചേര്‍ന്ന് ഇരിപ്പിടവും തയ്യാറാക്കുകയാണത്. ജനലിന്റെ താഴത്തെ പടിയോടു ചേര്‍ന്ന് ചുമരില്‍ ഇരിക്കാനുള്ള ഇടം തയ്യാറാക്കും. ഇവിടെ ഇരുന്ന് പുറത്തെ കാഴ്ചകള്‍ കാണുകയും വായിക്കുകയും ചെയ്യാം. വേണമെങ്കില്‍ ഒരു ഉച്ചമയക്കവും ആകാവുന്ന തരത്തില്‍ കിടക്കാനുള്ള ഇടവും ഇവിടെയുണ്ടാക്കാം.
പണ്ടത്തെ കൊട്ടാരങ്ങളില്‍ പ്രത്യേകിച്ച് ഒന്നാംനിലയില്‍ ജനലും അതിനോടു ചേര്‍ന്ന് ഇരിപ്പടവുമുണ്ട്. കൊച്ചിയിലെ മട്ടാഞ്ചേരി പാലസില്‍ ഒന്നാംനിലയില്‍ ജനലുകള്‍ക്കെല്ലാം ഇരുവശത്തുമായി രണ്ടുപേര്‍ക്കുള്ള ഇരിപ്പടമുണ്ട്. ആര്‍ച്ച് മാതിരിയാണ് പാലസ് ജനലിന്റെ മോഡല്‍. ഇതിനൊക്കെ പുറമേയാണ് സ്‌ലൈഡിംഗ് ജനലുകള്‍. രണ്ടുവശത്തേക്കും നിരക്കിമാറ്റാവുന്ന ഗ്‌ളാസിട്ട ഇത്തരം ജനലുകള്‍ ഫ്‌ളാറ്റുകള്‍ക്ക് ചേരും. അടച്ച വരാന്തകളില്‍ കൂടുതല്‍ കാറ്റു കയറാനായി സ്‌ലൈഡിംഗ് ഗ്‌ളാസിടുന്ന രീതി കണ്ടുവരുന്നുണ്ട്.
സെക്കന്‍ഡ് ഹാന്‍ഡ് ജനാലകളും കട്ടിളകളും
പഴയ വീട് പൊളിക്കുമ്പോള്‍ കിട്ടുന്ന ജനലുകളും കട്ടിളകളും പുതിയ വീടുകളില്‍ വയ്ക്കുന്നത് മറ്റൊരു സ്‌റ്റൈലാണ്. ഇങ്ങനെ സെക്കന്‍ഡ് ഹാന്‍ഡ് ജനലകളും കട്ടിളകളും കിട്ടുന്ന കടകള്‍ കേരളത്തില്‍ ധാരാളമുണ്ട്. പുത്തന്‍വീട്ടിലേക്കു പഴയ ജനല്‍ അല്‍പ്പം മോഡിഫൈ ചെയ്താണ് പിടിപ്പിക്കുക. തടിപ്പാളികള്‍ ചെത്തിമിനുക്കി പുതിയ മോഡലില്‍ വച്ചുപിടിപ്പിക്കുന്നവരുണ്ട്. എന്നാല്‍ മറ്റു ചിലര്‍ ആന്റിക്‌രീതിയില്‍ പഴയ മോഡലില്‍ തന്നെ പുത്തന്‍വീട്ടില്‍ പിടിപ്പിക്കുകയും ചെയ്യുന്നു.
പഴയ ജനലിന്റെ കമ്പികള്‍ മാത്രമായി കിട്ടിയാലും കളയേണ്ടതില്ല. ചില ചില്ലറപ്പണി ചെയ്ത് പെയിന്റടിച്ചാല്‍ പുതിയ ഫ്രെയിമില്‍ കയറ്റി പുത്തന്‍ ജനലാക്കാം. കലാബോധത്തോടെ ഇങ്ങനെ ജനലൊരുക്കുന്നതും ഇന്ന് കാണുന്നുണ്ട്. ജനലഴികള്‍ നെടുകയും കുറുകെയും കോണോടു കോണുമെന്നതിനപ്പുറം ആര്‍ട്ടിസ്റ്റിക് രീതിയില്‍ ചിത്രങ്ങളാക്കി വളച്ചെടുക്കുന്നതും നല്ലതാണ്. കുട്ടികളുടെ മുറിയുടെ ജനലഴികള്‍ക്ക് പൂമ്പാറ്റയുടെ രൂപം നല്‍കി പെയിന്റ് കൊടുത്താല്‍ കുട്ടികള്‍ക്ക് എന്തു രസമായിരിക്കും.