വീടുകള്‍ക്കു മുന്നിലെ പച്ചപ്പരവതാനി
ആധുനിക വീടുകളുടെ രൂപഭംഗിയില്‍ ലയിച്ച് നില്‍ക്കുന്നവയാണ് മുറ്റങ്ങള്‍. ലാന്‍ഡ് സ്‌കേപിന്റെ ഭാഗമാണ് ഇന്നത്തെ മുറ്റങ്ങള്‍. പ്രകൃതിയുമായി വീടിനെ കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ലാന്‍ഡ്‌സ്‌കേപ് ആണ്.
ഗേറ്റ് കടന്നെത്തുന്ന ഏതൊരാളുടെയും മനം കവരുന്ന വിധത്തില്‍, ഏറെ കരുതലോടെയാണ് ലാന്‍ഡ്‌സ്‌കേപുകള്‍ ഒരുക്കാറുള്ളത്. വീട് മാത്രമല്ല, വീട്ടിലേക്കുള്ള വഴിയ്ക്കും മോടി കൂട്ടണമെന്നതാണ് പുത്തന്‍ വീടുകളുടെ ഒരു ട്രെന്‍ഡ്. പച്ചപ്പട്ട് വിരിച്ചുകിടക്കുന്ന പുല്‍ത്തകിടികളുടെ ശാലീന ഭാവമാണ് വീടിന്റെ അഴകിന് വേറിട്ട അനുഭവം സാധ്യമാക്കുന്നത്.
ഹാര്‍ഡ് സ്‌കേപിങ്ങ്, സോഫ്റ്റ് സ്‌കേപിങ്ങ് എന്നിങ്ങനെ ലാന്‍ഡ്‌സ്‌കേപില്‍ തരം തിരിവുകളുണ്ട്. ഇതില്‍ ടെറാക്കോട്ട, നിര്‍മ്മിതികള്‍, റോക്ക് ഗാര്‍ഡനുകള്‍, കോണ്‍ക്രീറ്റ് ഡിസൈനുകള്‍, കൗതുകവിളക്കുകള്‍, നടപ്പാതകള്‍ തുടങ്ങിയവയെല്ലാം വരുന്നത് ഹാര്‍ഡ് സ്‌കേപിങ്ങിലാണ്. ചെടികള്‍, മരങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, പുല്‍ത്തകിടി തുടങ്ങിയവ സോഫ്റ്റ് സ്‌കേപിങ്ങിലും. ഹാര്‍ഡ് സ്‌കേപിങ്ങിന്റേയും സോഫ്റ്റ് സ്‌കേപിങ്ങിന്റേയും താളാത്മകമായ സമന്വയമാണ് ലാന്‍ഡ്‌സ്‌കേപുകളെ ആകര്‍ഷവും സുന്ദരവുമാക്കുന്നത്.
പച്ചപ്പരവതാനി
വീടിന് ചുറ്റും നിറയുന്ന പച്ചപ്പ് വീട്ടിലെത്തുന്ന ആതിഥേയരുടെ മാത്രമല്ല അതിഥികളുടെ മനസ്‌സിലും പുതിയൊരു ഊര്‍ജ്ജമാണ് നല്‍ക. സ്ഥലം നിരപ്പാക്കി പുല്‍ത്തകിടി ഒരുക്കുന്നതാണ് ഇന്നത്തെ രീതി. ലാന്‍ഡ്‌സ്‌കേപിനെ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി കൃത്രിമ കുന്നുകള്‍ ലാന്‍ഡ്‌സ്‌കേപില്‍് ഒരുക്കുന്നവരുമുണ്ട്. ലാന്‍ഡ്‌സ്‌കേപിനായി നീക്കിവയ്ക്കുന്ന സ്ഥലത്തിന്റെ പരിമിതിയാണ് ലാന്‍ഡ്‌സ്‌കേപിന്റെ ഡിസൈനിങ്ങിനെ സ്വാധീനിക്കുന്ന ഒരു ഘടകം.
നേരിട്ട് വെയില്‍ വീഴുന്ന സ്ഥലമാണ് പുല്‍ത്തകിടികളൊരുക്കാന്‍ ഏറെ അനുയോജ്യം. ഇന്ന് പുത്തന്‍ രൂപഭാവങ്ങള്‍ നല്‍കി വീട്ടുമുറ്റത്തെ കിണറിനെ വരെ ലാന്‍ഡ്‌സ്‌കേപ് ഡിസൈനിങ്ങിന്റെ ഭാഗമാക്കി മാറ്റാറുണ്ട്.
പുല്ല് തിരഞ്ഞെടുക്കുമ്പോള്‍
ഒരു ലാന്‍ഡ്‌സ്‌കേപ് വിദഗ്ധന്റെ സഹായത്താല്‍ നമ്മുടെ ഇഷ്ടങ്ങളെ ലാന്‍ഡ്‌സ്‌കേപിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയും. കിളച്ച് ആകൃതി വരുത്തിയാണ് പുല്ല് നടുന്നതിനായി മണ്ണൊരുക്കുന്നത്. കള പൂര്‍ണ്ണമായും നശിപ്പിച്ച്, വളം ചേര്‍ത്താണ് മണ്ണൊരുക്കുന്നത്. ലോണ്‍ ഗ്രാസ്, കാര്‍പ്പെറ്റ് ഗ്രീസ് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന പുല്ലിനങ്ങള്‍. കൊറിയന്‍ ഗ്രാസ്, മെക്‌സിക്കന്‍ ഗ്രാസ്, നീഡില്‍ ഗ്രാസ്, ബഫല്ലോ ഗ്രാസ്, ബെര്‍മുഡ ഗ്രാസ് എന്നിവ ഇതിന്റെ വകഭേദങ്ങളാണ്.
നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ ഇണങ്ങിയ മെക്‌സിക്കന്‍ ഗ്രാസിനാണ് ആവശ്യക്കാര്‍ കൂടുതലും. വിത്ത് വിതച്ചും, പുല്ലിന്റെ അടരുകള്‍ നട്ടും, പുല്‍ത്തകിടി ചെറിയ ഭാഗം ഇളക്കിയെടുത്തുമാണ് സാധാരണഗതിയില്‍ ലാന്‍ഡ് സ്‌കേപ് ഒരുക്കുന്നത്. പുല്ല് കൂടാതെ ചെടികള്‍, പനകള്‍, ഇലച്ചെടികള്‍ എന്നിവയും ലാന്‍ഡ്‌സ്‌കേപിങ്ങിന്റെ ഭാഗമാക്കാം.
വീടിനോളം പ്രാധാന്യം
വീടിനോളം തന്നെ ആകര്‍ഷകമാകുന്ന വിധത്തിലാണ് ഇന്ന് ലാന്‍ഡ്‌സ്‌കേപും കോമ്പൗണ്ട് വാളും ഡിസൈന്‍ ചെയ്യുന്നത്. റോക്ക് ഗാര്‍ഡനുകളുടെ സാന്നിധ്യവും കോണ്‍ക്രീറ്റ് ശില്പങ്ങളും നടവഴികളുമെല്ലാം ലാന്‍ഡ്‌സ്‌കേപിന്റെ ഭാഗമാണ്. വീട്ടിലേക്കുള്ള നടപ്പാതയ്ക്ക് അനുസരിച്ചാണ് സാധാരണ ഗതിയില്‍ ലാന്‍ഡ്‌സ്‌കേപുകള്‍ നിര്‍മ്മിക്കാറുള്ളത്. നടപ്പാതയുടെ പുതുമയും ആകര്‍ഷണീയതയുമാണ് നടപ്പാതകളുടെ സൗന്ദര്യം കൂട്ടുന്നത്. ഇന്റര്‍ ലോക്കിങ് ടൈല്‍, കരിങ്കല്‍പ്പാളികള്‍, മാര്‍ബിള്‍, ചിപ്‌സ് തുടങ്ങിയവയൊക്കെ നടപ്പാതയ്ക്ക് ചന്തം പകരാന്‍ ഉപയോഗിക്കുന്നു.
ഇന്റര്‍ലോക്കിങ് ടൈലുകളാണ് നടപ്പാതകളൊരുക്കുന്നതിലെ പ്രധാന ഇനം. നിറത്തിലും രൂപത്തിലുമുള്ള വ്യത്യസ്തതകളാണ് ഇന്റര്‍ ലോക്കിങ് ടൈലുകളുടെ ഡിമാന്റ് ഉയര്‍ത്തുന്നത്. പണച്ചെലവധികമില്ല. ഭംഗിയും കൂടും. വാഹനങ്ങള്‍ പോകുന്ന വഴിയില്‍ കനം കൂടിയ ടൈലുകള്‍ തിരഞ്ഞെടുക്കണം. നിരവധി ഡിസൈനുകളില്‍ ഇന്റര്‍ ലോക്കുകള്‍ ലഭ്യമാണ്. പലനിറത്തിലുള്ള ടെലുകള്‍ തെരഞ്ഞൊടുത്താല്‍ മുറ്റം കൂടുതല്‍ ആകര്‍ഷകമായിത്തീരും.
പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന രീതിയിലാണ് ഇവ മണ്ണില്‍ ഉറപ്പിക്കുന്നതും. ഏതെങ്കിലും കാരണത്തില്‍ ടൈലുകള്‍ മാറ്റണമെങ്കിലും വളരെ എളുപ്പത്തില്‍ അതിന് സാധിക്കും. മാത്രമല്ല വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്നതും ഇന്റര്‍ലോക്ക് ടൈലുകളുടെ പ്രത്യേകതയാണ്. പായലിനേയും പൂപ്പലിനേയും പ്രതിരോധിച്ച് നിര്‍ത്താനും ഇവയ്ക്ക് കഴിയുന്നു.
കരിങ്കല്ലിന്റെ കാവ്യഭംഗി വീടിന്റെ ഫ്രണ്ട് എലിവേഷന്റെ മാത്രം ഭാഗമല്ല, അത് ലാന്‍ഡ്‌സ്‌കേപിന്റെ കൂടി ഭാഗമായി മാറിയിട്ടുണ്ട്. കരിങ്കല്ലിനടിയില്‍ പുല്ല് നട്ട് ഹരിതാഭ നിലനിറുത്താം. ഇക്കോ-ഫ്രെണ്ട്‌ലി ആശയത്തെ പ്രതിഫലിപ്പിക്കുന്നവയാണ് ഇത്തരം മുറ്റങ്ങള്‍. പുതിയ കാലത്ത് സ്ഥലപരിമിതിയെ മറികടക്കുന്ന വിധത്തിലാണ് വീടുകള്‍ ഡിസൈന്‍ ചെയ്യാറുള്ളത്. ഇതുതന്നെയാണ് ലാന്‍ഡ്‌സ്‌കേപുകളുടെ ഡിസൈനിങ്ങിലും പ്രതിഫലിക്കുന്നത്.