വീട് പണിയുവാന്‍ ആലോചിക്കുമ്പോള്‍ ആദ്യം ചിന്തിക്കുക എങ്ങനെ ചെലവു ചുരുക്കി വീടുപണിയാം എന്നാണ്. എന്നാല്‍, ശരിക്കും വേണ്ടത് ചെലവു കുറഞ്ഞ വീടുകളാണോ അതോ താമസിക്കാന്‍ അനുയോജ്യമായ, സംതൃപ്തി നല്‍കുന്ന, ബജറ്റിലൊതുങ്ങുന്ന വീടുകളാണോ? എന്താണ് ചെലവു കുറഞ്ഞ വീടും ബജറ്റിലൊതുങ്ങുന്ന വീടും തമ്മിലുള്ള വ്യത്യാസം? റൂഫിന്റെ ഹൈറ്റ് കുറച്ച് കോണ്‍ക്രീറ്റ് കട്ടകളും കമ്പികളും ഉപയോഗിച്ച് വേഗത്തില്‍ ചെലവു കുറഞ്ഞ വീടു നിര്‍മ്മിക്കാം. പക്ഷേ, ചൂടു കാരണം അതിനുള്ളില്‍ താമസിക്കാന്‍ പറ്റണമെന്നില്ല. അപ്പോള്‍ പ്രകൃതിക്കിണങ്ങുന്ന വീടുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചാല്‍ അതല്ലേ കൂടുതല്‍ നല്ലത്?
ഇന്നേക്കു വേണ്ടി മാത്രമല്ല വീടും കെട്ടിടങ്ങളും പണിയുന്നത്, നാളേക്കുവേണ്ടിയും ഒരു കരുതല്‍ വേണം. അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് വീടുവയ്ക്കുന്ന വസ്തുക്കള്‍ എവിടെ നിന്നും കിട്ടും എന്നല്ല, എന്താണെന്നുപോലും അറിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. ഇപ്പോള്‍ തന്നെ കളിമണ്ണും ഇഷ്ടികയും ഓടും കിട്ടാതായി കഴിഞ്ഞിരിക്കുന്നു. വീട് നിര്‍മ്മാണത്തിലെ നാട്ടറിവുകളും ഇല്ലാതായി. അതെല്ലാം തിരികെ കൊണ്ടുവരാന്‍ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രകൃതിക്കിണങ്ങുന്ന, പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വീട് എന്നതാവണം പുതിയ വീടിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസ്‌സിലേക്കു വരേണ്ടത്.