വീടിനകത്തെ വെളിച്ചം ക്രമീകരിക്കുന്നത് ശ്രദ്ധയോടെയായിരിക്കണം. അതിനേക്കാള്‍ ഉപരി ഓരോ ലൈറ്റും എന്തിനു വേണ്ടി നല്‍കുന്നുവോ ആ ധര്‍മം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാകണം വെളിച്ചം ക്രമീകരിക്കുന്നത്. അതായത് പൂമുഖത്തു ഭംഗിയുള്ള വില കൂടിയ ലൈറ്റ് നല്‍കിയെന്നിരിക്കട്ടെ. എന്നാല്‍ ആ ലൈറ്റിന്റെ പ്രകാശത്തില്‍ ഡോര്‍ ബെല്ലും വരുന്നയാളുടെ മുഖവുമൊന്നും കൃത്യമായി കാണാന്‍ സാധിച്ചില്ലെങ്കില്‍ വെളിച്ചത്തിന്റെ ക്രമീകരണം പരാജയപ്പെട്ടെന്നതാണ് സത്യം.
അതിനാല്‍ കിച്ചന്‍, സ്റ്റഡി ഏരിയ എന്നിവിടങ്ങളിലെല്ലാം കൃത്യമായി വെളിച്ച സംവിധാനം ക്രമീകരിക്കേണ്ടതുണ്ട്. ഇത്തരം ഏരിയകളില്‍ ടാസ്‌ക് ലൈറ്റുകള്‍ ഉപയോഗിക്കുന്നതാകും ഉചിതം. പ്രത്യേകിച്ച് അടുക്കളയില്‍ നിഴല്‍ അധികം വീഴാത്ത രീതിയിലാകണം ലൈറ്റ് ക്രമീകരിക്കേണ്ടത്. പ്രായമായവരുടെ മുറികളില്‍ ലൈറ്റ് നല്‍കുമ്പോഴും ഏറെ ശ്രദ്ധിക്കണം.
അധികം സ്വിച്ചുകള്‍ അത്തരം മുറികളില്‍ നല്‍കിയാല്‍ ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. ഇനി ചെറിയ കുട്ടികളുള്ള വീട്ടില്‍ ടേബിള്‍ ലാംപും പെഡസ്ട്രിയന്‍ ലാംപും നല്‍കേണ്ടതില്ല. കാരണം ഇത് അപകടം വരുത്തി വയ്ക്കും. ബാത്‌റൂമില്‍ സ്വിച്ചുകളും പ്ലഗുകളും നല്‍കുന്നതും ഈര്‍പ്പം കൂടിയ സ്ഥലമായതിനാല്‍ ഷോക്കേല്‍ക്കാനും അപകടങ്ങള്‍ക്കുമൊക്കെയുള്ള സാധ്യത ഉണ്ടാക്കും.
അതിനാല്‍ ലൈറ്റ് ക്രമീകരണം പൂര്‍ണമായും കൃത്രിമ വെളിച്ചത്തെ മാത്രം ആശ്രയിക്കുന്ന രീതിയിലാകരുത്. ഒരു വീട്ടിലെ ലൈറ്റിങ്, പകല്‍വേളകളില്‍ സ്വാഭാവിക വെളിച്ചം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം.അതിനാല്‍ നന്നായി ചിന്തിച്ചതിനു ശേഷം മാത്രമേ ലൈറ്റ് ക്രമീകരിക്കാവൂ. സൂര്യപ്രകാശം കടന്നു വരാത്ത മുറികള്‍ വേണ്ടെന്നു വയ്ക്കാന്‍ കഴിയണം.
ജനലുകളും കിളിവാതിലുകളും വെന്റിലേറ്ററുകളുമെല്ലാം നല്‍കി സൂര്യവെളിച്ചം പകല്‍സമയത്ത് വീടിനുള്ളിലേയ്ക്ക് എത്തിക്കണം.സ്റ്റെയര്‍ കെയ്‌സിനു മുകളിലായി സ്‌കൈലൈറ്റുകള്‍ നല്‍കി വീടിന്റെ പ്രധാന ഏരിയകളിലെല്ലാം വെളിച്ചമെത്തിക്കുന്ന രീതിയും ഇപ്പോള്‍ സാധാരണമാണ്.ഗോവണിയുടെ ഭിത്തിയുടെ താഴെ ഒന്നോ രണ്ടോ എല്‍ഇഡി സ്‌പോട്ട് ലൈറ്റ് കൊടുത്ത് അപകടങ്ങള്‍ ഒഴിവാക്കാം. പ്രായമായവരുടെ മുറിയിലും ഇത്തരം ലൈറ്റുകള്‍ ആവശ്യമാണ്.