പ്രമേഹരോഗിയുടെ ഭക്ഷണനിയന്ത്രണമെന്നാല്‍ പട്ടിണി കിടക്കലല്ല. ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന വിധത്തില്‍ ഭക്ഷണക്രമം പാലിക്കുകയാണ് വേണ്ടത്
കേരളത്തില്‍ അനുദിനം പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹരോഗി വളരെ ഫലപ്രദമായ രീതിയില്‍ ജീവിതശൈലി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
ഫലപ്രദമായി നിയന്ത്രിക്കാം
ഫലപ്രദമായി നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്ന രോഗമാണ് പ്രമേഹം. പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും വ്യായാമം പതിവാക്കുക, അലസജീവിതം ഒഴിവാക്കുക, സ്ഥിരമായ വ്യായാമത്തിലൂടെ മാനസിക ഉന്‍മേഷവും ആരോഗ്യവും വീണ്ടെടുക്കാന്‍ കഴിയും. ആഹാരക്രമീകരണമാണ് പ്രമേഹനിയന്ത്രണത്തിലെ ഒരു പ്രധാന ഘടകം. പാരമ്പര്യമായി പ്രമേഹ സാധ്യതയുള്ളവര്‍ക്കും കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും അതിനെ പ്രതിരോധിക്കാം. നിയന്ത്രണങ്ങളില്‍ നിന്ന് വിട്ടുപോകുമ്പോഴാണ് പ്രമേഹം അപകടമായി മാറുന്നത്.
എന്ത്, എങ്ങനെ കഴിക്കണം?
ആഹാരക്രമീകരണമാണ് പ്രമേഹനിയന്ത്രണത്തിലെ ഒരു പ്രധാന ഘടകം. പ്രമേഹം കീഴ്‌പ്പെടുത്തുന്നതിന് മുന്‍പ് ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാല്‍, പ്രമേഹരോഗത്തെ പൂര്‍ണ്ണമായി തടയാന്‍ സാധിക്കും. ഭക്ഷണക്രമീകരണം എന്നാല്‍ ഭക്ഷണം ചിട്ടപ്പെടുത്തലാണ്, ഭക്ഷണം ഒഴിവാക്കലല്ല. പ്രായം, ശരീരഭാരം, അദ്ധ്വാനഭാരം, ജോലി ഇവ പരിഗണിച്ചാണ് ഓരോ പ്രമേഹരോഗിക്കും ആവശ്യമുള്ള ഭക്ഷണം നിശ്ചയിക്കുന്നത്. ഭക്ഷണം സമീകൃതമാകണം. ഭക്ഷണം കഴിച്ചില്ലെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നുവരുന്ന അവസ്ഥ പ്രമേഹരോഗിക്കുണ്ടാകാം. അതുകൊണ്ടുതന്നെ ഉപവാസം പ്രമേഹരോഗിക്ക് ഗുണംചെയ്യില്ല. കൂടാതെ വിശക്കുന്നതുവരെ കാത്തിരുന്നാല്‍ പിന്നീട് അമിതഭക്ഷണം കഴിക്കാനിടയാകുമെന്നതിനാല്‍ അതും ഒഴിവാക്കണം. പ്രമേഹരോഗി മൂന്നുനേരമെന്ന ഭക്ഷണരീതി മാറ്റി അത്രയും അളവ് ഭക്ഷണം ആറു നേരമായി കഴിക്കുന്നത് കൂടുതല്‍ ഗുണകരമാണ്. പ്രഭാതഭക്ഷണം അടക്കം എല്ലാ ഭക്ഷണവും പ്രമേഹരോഗി കൃത്യസമയത്ത് കഴിക്കണം.
ചോറും ചപ്പാത്തിയും
ചോറിലും ചപ്പാത്തിയിലുമുള്ള അന്നജത്തിന്റെ അളവ് തുല്യമാണ്. രണ്ടും നിയന്ത്രിത അളവില്‍ മാത്രം പ്രമേഹരോഗിക്ക് കഴിക്കാം. ചപ്പാത്തിമാവില്‍ ഉലുവപ്പൊടിച്ച് ചേര്‍ക്കുന്നത് കൂടുതല്‍ നല്ല ഫലംതരും. ചപ്പാത്തിയില്‍ എണ്ണയോ നെയ്യോ പുരട്ടാന്‍ പാടില്ല.
ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടിയ വെള്ളഅരി പ്രമേഹരോഗിക്ക് ഒട്ടും ഗുണംചെയ്യില്ല. നാരുകള്‍ ധാരാളമുള്ള കുത്തരിച്ചോറ് അളവുകുറച്ച് ധാരാളം പച്ചക്കറികളും ചെറുമത്സ്യങ്ങളും കൂട്ടി കഴിക്കുന്നതാണ് ഗുണകരം. ചോറ് ഒന്നിലധികം തവണ വാര്‍ത്തെടുത്താലും അന്നജത്തിന്റെ അളവ് കുറയില്ല.
തിന, റാഗി, ബാര്‍ലി
നാരുകളും പോഷകങ്ങളും ധാരാളമായി അടങ്ങിയതിനാല്‍ തിന, റാഗി, ബാര്‍ലി ഇവ പ്രമേഹരോഗിക്ക് സുരക്ഷിത ഭക്ഷണങ്ങളാണ്.
പഴങ്ങള്‍ കഴിക്കാമോ?
ഞാവല്‍, ആപ്പിള്‍, ഓറഞ്ച്, മുസമ്പി, പേരയ്ക്ക, നെല്ലിക്ക, പഴുക്കുന്നതിനുമുമ്പുള്ള പപ്പായ ഇവ മിതമായി പ്രമേഹരോഗിക്ക് കഴിക്കാം. പഴങ്ങള്‍ ഒരിക്കലും പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കരുത്. ഇടഭക്ഷണമായി കഴിക്കാം. ചെറുപഴം, റോബസ്റ്റ ഇവ നിയന്ത്രിത അളവില്‍ മറ്റ് പഴങ്ങള്‍ ഒഴിവാക്കി ഒരെണ്ണം കഴിക്കാം.
പയറുവര്‍ഗ്ഗങ്ങള്‍
ഉഴുന്ന്, മുതിര, കടല, തുവര, ചെറുപയര്‍, വന്‍പയര്‍ തുടങ്ങിയ പയര്‍വിഭവങ്ങളില്‍ നിന്ന് പ്രമേഹരോഗിക്ക് ആവശ്യമായ മാംസ്യം ലഭിക്കും. ഭക്ഷ്യനാരുകളുടെ കലവറയായ പയര്‍വര്‍ഗ്ഗങ്ങളില്‍ ഒരെണ്ണം നിത്യഭക്ഷണത്തില്‍പ്പെടുത്താം. ശരീരഭാരത്തിനനുസരിച്ച് കഴിക്കേണ്ട അളവ് ഓരോരുത്തരിലും വ്യത്യസ്തമാണ്.
പച്ചക്കറികളും ഇലകളും
ജീവകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പച്ചക്കറികളും മുരിങ്ങയില, ചീരയില, ഉലുവാച്ചീര, സാമ്പാര്‍ചീര, പൊന്നാരിവീരന്‍ ചീര തുടങ്ങിയവ പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമാണ്. വാഴക്കൂമ്പും പിണ്ടിയും, കോവയ്ക്ക, വെള്ളരിക്ക, പാവയ്ക്ക, മത്തന്‍, പയറ്, തക്കാളി, മുരിങ്ങയ്ക്ക, പടവലങ്ങ ഇവയും ഭക്ഷണത്തില്‍പ്പെടുത്താം. കാരറ്റ് വേവിച്ചാല്‍ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടുമെന്നതിനാല്‍ പച്ചയ്ക്ക് കഴിക്കാം.
കിഴങ്ങുവര്‍ഗ്ഗങ്ങള്‍
പ്രമേഹരോഗികള്‍ കരുതലോടെ കഴിക്കേണ്ട വിഭവമാണ് കിഴങ്ങുവര്‍ഗ്ഗങ്ങളായ ചേന, ചേമ്പ്, കാച്ചില്‍, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് ഇവ. ചോറ്, ചപ്പാത്തി തുടങ്ങിയവയ്‌ക്കൊപ്പം ഇവ കഴിക്കുമ്പോള്‍ പെട്ടെന്നുതന്നെ ഷുഗര്‍ നില ഉയരാം. എന്നാല്‍, ചേമ്പും കാച്ചിലുമൊക്കെ ചേര്‍ത്ത പുഴുക്ക് മാത്രമായി ഒരു നേരത്തെ പ്രധാന ഭക്ഷണം ഒഴിവാക്കി വല്ലപ്പോഴും പ്രമേഹരോഗിക്ക് കഴിക്കാം.
കൊഴുപ്പാണ് വില്ലന്‍
പ്രമേഹരോഗത്തിന് കൊഴുപ്പാണ് വില്ലന്‍. ക്രമാതീതമായ ഭക്ഷണക്രമമാണ് പ്രമേഹത്തിന്റെ പ്രധാന കാരണം. ജങ്ക് ഫുഡിന്റെ കടന്നുകയറ്റം പ്രമേഹത്തിന് കാരണമായിട്ടുണ്ട്. കൊഴുപ്പടിഞ്ഞ സാധനങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ പ്രമേഹരോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ കഴിവതും കുറയ്ക്കുന്നതാണ് നല്ലത്. ഇവ പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്.
ഫാസ്റ്റ് ഫുഡ് ഒഴിവാക്കേണ്ടത് വളരെ പ്രധാനം. ആരോഗ്യം നശിപ്പിക്കുമെന്നു മാത്രമല്ല, പ്രമേഹം പോലുള്ള അസുഖങ്ങള്‍ വരാനും ഇത് ഒരു പ്രധാന കാരണമാണ്. ഇവയില്‍ ചേര്‍ക്കുന്ന കൃത്രിമപദാര്‍ത്ഥങ്ങള്‍ തന്നെയാണ് ദോഷം ചെയ്യുന്നത്. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞാല്‍ അത് അപകടമായി മാറുന്ന സ്ഥിതിയാണ് കാണുന്നത്.