ഡെങ്കിപ്പനിക്ക് പിന്നാലെ വെസ്റ്റ് നൈലും; കൊച്ചിയില്‍ ഒരു മരണം

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ആണ് മരണമെന്ന് കണ്ടെത്തിയത്.

author-image
Greeshma Rakesh
New Update
ഡെങ്കിപ്പനിക്ക് പിന്നാലെ വെസ്റ്റ് നൈലും; കൊച്ചിയില്‍ ഒരു മരണം

കൊച്ചി: ഡെങ്കിപ്പനി കൂടാതെ കൊതുകുകള്‍ പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ അറുപത്തിയഞ്ചുകാരനാണ് മരിച്ചത്. ജില്ലയില്‍ ആദ്യമായാണ് വെസ്റ്റ് നൈല്‍ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ആണ് മരണമെന്ന് കണ്ടെത്തിയത്.

എന്താണ് വെസ്റ്റ് നൈല്‍ ?

ക്യൂലക്‌സ് കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. മനുഷ്യരില്‍ മാത്രമല്ല പക്ഷികളിലും ഈരോഗബാധയുണ്ടാകാറുണ്ട്. ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് 1937-ല്‍ യുഗാണ്‍ഡയിലാണ്. സംസ്ഥാനത്തിലാകട്ടെ 2011-ല്‍ ആലപ്പുഴയിലാണ് ഇതാദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

പനി,തലവേദന, പേശിവേദന, തലചുറ്റല്‍, ഓര്‍മനഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയവ കാണാം.ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.

രോഗപ്രതിരോധവും ചികിത്സയും

ഈ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. ആകെയുള്ള പ്രതിരോധ മാര്‍ഗം കൊതുകു കടി ഏല്‍ക്കാതിരിക്കുക എന്നതാണ്. മാത്രമല്ല സ്വയംചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും.

 

മുന്‍കരുതലുകള്‍

  • വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക
  • ജലക്ഷാമമുള്ള ഇടങ്ങളില്‍ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ
  • പാത്രങ്ങളുടെ മുകള്‍ഭാഗം കോട്ടണ്‍ തുണികൊണ്ട് മൂടുക
  • കൊതുകുകടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക
  • സ്വയംചികിത്സ ഒഴിവാക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈല്‍ രോഗം പരത്തുന്ന കൊതുകുകള്‍ പെറ്റുപെരുകുന്നത്. രാത്രികാലത്താണ് ഇവ കടിക്കുക. മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ കടിക്കുന്നതുകൊണ്ട് രോഗബാധ ഉണ്ടാകും. എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരില്ല. 1937ല്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

Ernakulam News West Nile Fever Mosquito-Borne Disease Heath