ന്യൂയോര്‍ക്ക്: കാന്‍സര്‍, ഹൃദ്രോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ (ശരീരത്തിനെതിരേ സ്വന്തം പ്രതിരോധസംവിധാനം നീങ്ങുന്ന അവസ്ഥ) എന്നിവയ്ക്കെതിരേ ഉപയോഗിക്കാവുന്ന വാക്സിന്‍ തയ്യാറാകുന്നു. 2030-ഓടെ വാക്സിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ട രോഗങ്ങള്‍ക്കും മരുന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്ന് കോവിഡ് വാക്സിന്‍ നിര്‍മാതാക്കള്‍ കൂടിയായ മോഡേണ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ ബര്‍ട്ടന്‍ പറഞ്ഞു.
വിവിധ കാന്‍സറുകള്‍ക്കെതിരേയുള്ള വാക്സിന്‍ തയ്യാറാക്കും. കൂടാതെ മരുന്നില്ലാത്ത രോഗങ്ങള്‍ക്ക് എം.ആര്‍.എന്‍.എ തെറാപ്പികള്‍ പോലുള്ള ചികിത്സാരീതി വികസിച്ചുവരുന്നുണ്ട്. എം.ആര്‍.എന്‍.എ. തന്മാത്രകളാണ് പ്രോട്ടീന്‍ നിര്‍മിക്കാന്‍ കോശങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
എം.ആര്‍.എന്‍.എ. അധിഷ്ഠിത കാന്‍സര്‍ വാക്സിന്‍ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കും. കാന്‍സര്‍ കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീനിനെ ഇവ തിരിച്ചറിയുകയും മറ്റു കോശങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാതെ കാന്‍സര്‍ കോശങ്ങളെ മാത്രം ഇല്ലാതാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.