ഡോ. വിവേക് പോള്‍
യാന വുമന്‍സ് ഹോസ്പിറ്റല്‍
ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍
ഉള്ളൂര്‍, തിരുവനന്തപുരം
വന്ധ്യതാപരിഹാരത്തിനു വേണ്ടി ഉപയോഗിക്കുന്ന പ്രധാന ചികിത്സകള്‍ എന്തെല്ലാമാണെന്നു നോക്കാം. വന്ധ്യതാ ചികിത്സകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാം.
ഫെര്‍ട്ടിലിറ്റി മെച്ചപ്പെടുത്താവുന്ന മരുന്നുകള്‍ (ഔഷധങ്ങള്‍)
മരുന്നുകള്‍ മുഖ്യമായും ഉപയോഗിക്കുന്നത് അണ്ഡോല്‍പാദനത്തില്‍ സഹായിക്കുന്നതിനാണ്. അണ്ഡാശയം ഒരു അണ്ഡം (ഓവം) ഉല്പാദിപ്പിച്ച് സ്വതന്ത്രമാക്കുമ്പോഴാണ് അണ്ഡോല്‍പാദനം നടക്കുന്നത്.
* ക്ലോമിഫിന്‍ സിട്രേറ്റും അനുബന്ധങ്ങളും
ഫെര്‍ട്ടിലിറ്റിയില്‍ സഹായിക്കുന്നതിന് അനേക വര്‍ഷമായി ഉപയോഗിച്ചുവരുന്ന മരുന്നുകളാണവ. ഒരു ടാബ്ലറ്റ് ആയിട്ടാണ് അത് കഴിക്കുന്നത്. ഈ മരുന്ന് കഴിക്കുന്നതുമൂലം ഗര്‍ഭധാരണം സംഭവിക്കാനുള്ള സാദ്ധ്യത തിരഞ്ഞെടുക്കപ്പെട്ട രോഗികളില്‍ 40--50% ആണ്.
* ഗോനാഡോട്രോഫിന്‍സ് അടങ്ങുന്ന മരുന്നുകള്‍ ആണ് മറ്റൊരു തരം ചികിത്സ. ഇവ കുത്തിവയ്‌ക്കേണ്ടതാണ്. വായിലൂടെ നല്‍കുന്ന മരുന്നുകള്‍ ഫലിക്കാതെ വരുമ്പോഴോ, അല്ലെങ്കില്‍ അണ്ഡോല്‍പാദനത്തിനു കാരണമാകുന്നതിന് ചികിത്സയ്ക്ക് മുന്‍പായോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്.
സര്‍ജറി ചികിത്സകള്‍
സര്‍ജറി ഒരു ഐച്ഛികമായേക്കാവുന്ന സാഹചര്യങ്ങളില്‍ ഉള്‍പ്പെടുന്നവ
* എന്‍ഡോമെട്രിയോസിസ്
എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ ഫെര്‍ട്ടിലിറ്റി മെച്ചപ്പെടുത്താന്‍ സര്‍ജറി സഹായിച്ചേക്കാം.
* ഫാലോപിയന്‍ ട്യൂബിലെ പ്രശ്‌നങ്ങള്‍
ട്യൂബ് അടഞ്ഞിരിക്കുന്നതു പോലെയുള്ള ഫാലോപിയന്‍ ട്യൂബിലെ പ്രശ്‌നങ്ങളുള്ളവര്‍ക്കും നേരത്തെ സ്റ്റെറിലൈസേഷന്‍ ഓപ്പറേഷന് വിധേയരായവരുടെ കാര്യത്തിലുമുള്ള വന്ധ്യതയ്ക്ക് ഫാലോപിയന്‍ ട്യൂബില്‍ നടത്തുന്ന സര്‍ജറി ചില സ്ത്രീകളെ സഹായിച്ചെന്നുവരാം. ഇന്നത്തെ കാലത്ത്, ഫാലോപിയന്‍ ട്യൂബിന് നടത്തുന്ന മിക്ക സര്‍ജറികളും കീഹോള്‍' സര്‍ജറി രീതിയിലാണ് നടത്തുന്നത്.
* പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ള ചില സ്ത്രീകളില്‍ അണ്ഡാശയങ്ങളില്‍ 'ഓവേറിയന്‍ ഡ്രില്ലിംഗ് നടത്തുന്ന ഒരു പ്രത്യേക ഓപ്പറേഷന്‍ അനുയോജ്യമായേക്കാം. ഈ നടപടിക്രമം കീ ഹോള്‍ സര്‍ജറിയായിട്ടാണ് നടത്തുന്നത്.
* ഫൈബ്രോയ്ഡ്‌സ്
ഫൈബ്രോയ്ഡ്‌സ് ഉള്ള സ്ത്രീകളില്‍, ഫൈബ്രോയ്ഡ് നീക്കം ചെയ്യുന്നതിനുള്ള സര്‍ജറി ചിലപ്പോള്‍ പരിഗണിക്കപ്പെട്ടേക്കാം.
പുരുഷ വന്ധ്യതയ്ക്കുള്ള ഒരു കാരണം
പുരുഷ ഘടകം മൂലമുള്ള വന്ധ്യതയുടെ ഒരു കാരണം ശുക്ലത്തിന്റെ മോശമായ സ്വഭാവസവിശേഷതയാണ്. ഇതിനുള്ള കാരണങ്ങളില്‍ ഒന്ന് വേരികോസില്‍ ആകാം. വേരികോസില്‍ പരിഹരിക്കുന്നതിനുള്ള സര്‍ജറി ശുക്ലത്തിന്റെ സ്വഭാവസവിശേഷത ചിലപ്പോള്‍ മെച്ചപ്പെടുത്തും.
സഹായകമാര്‍ഗ്ഗങ്ങളിലൂടെയുള്ള ഗര്‍ഭധാരണം
* ഇന്‍ട്രായുട്ടറൈന്‍ ഇന്‍സെമിനേഷന്‍
സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ കഴുകിയ ബീജം സ്ഥാപിച്ച് നടത്തുന്ന പ്രക്രിയയാണത്. സെര്‍വിക്‌സ് വഴി ഗര്‍ഭാശയത്തിലേക്കു കടത്തുന്ന ഒരു നേര്‍ത്ത പ്ലാസ്റ്റിക് ട്യൂബ് ഉപയോഗിച്ചാണ് ഇത് നിര്‍വഹിക്കുന്നത്. അണ്ഡവിസര്‍ജ്ജനം സംഭവിക്കുന്നതിനുള്ള സാധ്യത പരമാവധിയാക്കുന്നതിന് ഇത് നിര്‍വഹിക്കുന്നതിനു മുന്‍പ് ഫെര്‍ട്ടിലിറ്റി മരുന്നുകളും നല്‍കിയെന്നുവരാം. ഉപയോഗിക്കുന്ന ബീജം പുരുഷ പങ്കാളിയുടേതോ അല്ലെങ്കില്‍ ഒരു ദാതാവില്‍ നിന്നുള്ളതോ ആകാം.
* ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്)
ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ടെസ്റ്റ് ട്യൂബ് ശിശു അര്‍ത്ഥമാക്കുന്നത് ശരീരത്തിനു പുറത്ത് നടത്തുന്ന ഫെര്‍ട്ടിലൈസേഷന്‍ എന്നാണ്. ഐവിഎഫില്‍ സാധാരണയില്‍ കൂടുതല്‍ അണ്ഡങ്ങള്‍ നിര്‍മ്മിക്കുന്നതിന് അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ കഴിക്കുന്നത് ഉള്‍പ്പെടുന്നു. അണ്ഡങ്ങള്‍ രൂപീകരിക്കപ്പെടുമ്പോള്‍, അവ നേടുന്നതിന് ( എഗ് റിട്രീവല്‍) ഒരു ചെറിയ ഓപ്പറേഷന്‍ ആവശ്യമാകും. ഓരോ അണ്ഡവും ബീജവുമായി മിശ്രണം ചെയ്യുന്നു. ആ അണ്ഡ/ബീജ മിശ്രണം കുറെ ദിവസത്തേക്ക് ഒരു ലബോറട്ടറി ഡിഷില്‍ (മിക്കപ്പോഴും ടെസ്റ്റ് ട്യൂബ്' എന്ന് വിളിക്കപ്പെടുന്നു) വയ്ക്കും. ഭ്രൂണം രൂപീകരിക്കുന്നതിന് ബീജം അണ്ഡത്തെ സേകം ചെയ്യുകയാണ് ലക്ഷ്യം. തുടര്‍ന്ന് രൂപീകൃതമായ ഒന്നോ രണ്ടോ ഭ്രൂണങ്ങള്‍ സെര്‍വിക്‌സിലൂടെ കടത്തുന്ന ഒരു നേര്‍ത്ത പ്ലാസ്റ്റിക് ട്യൂബ് വഴി സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ സ്ഥാപിക്കുന്നു. രൂപീകൃതമായ മറ്റേതെങ്കിലും ഭ്രൂണങ്ങള്‍ ഡിഷില്‍ ബാക്കിയുണ്ടെങ്കില്‍, നിങ്ങള്‍ ആഗ്രഹിക്കുന്നപക്ഷം, (ആദ്യത്തെ ശ്രമം ഗര്‍ഭധാരണത്തില്‍ കലാശിക്കുന്നതില്‍ പരാജയപ്പെട്ടാല്‍) പിന്നീടുള്ള ഒരു തീയതിയില്‍ നടത്തുന്ന തുടര്‍ശ്രമങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ മരവിപ്പിച്ചു വയ്ക്കും.
* ഇന്‍ട്രാസിസ്റ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷന്‍
ഈ ടെക്‌നിക് ഒരു വ്യക്തിഗത ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്നതാണ് (അത് കുത്തിവയ്ക്കുന്നത് അണ്ഡത്തിന്റെ ബാഹ്യഭാഗമായ സൈറ്റോപ്ലാസത്തിനുള്ളിലേക്കാണ്). പുരുഷ പങ്കാളിക്ക് വളരെ കുറഞ്ഞ സ്‌പേം കൗണ്ട് ഉള്ളപ്പോള്‍ ഉപയോഗിക്കാന്‍ കഴിയും കാരണം അതില്‍ ഒരൊറ്റ ബീജം മാത്രമേ ആവശ്യമുള്ളൂ. ആവശ്യമാണെങ്കില്‍, വൃഷണത്തില്‍ നിന്ന് ഒരു ബീജം കൈവരിക്കാനും കഴിയും.
* അണ്ഡം/ഭ്രൂണം ദാനം ചെയ്യല്‍
ഇതില്‍ ഒരു വനിതാ ദാതാവിന്റെ അണ്ഡാശയങ്ങള്‍ ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ നല്‍കി ഉത്തേജിപ്പിച്ച് അപ്രകാരം രൂപപ്പെടുന്ന അണ്ഡങ്ങള്‍ ശേഖരിക്കുന്നു. ആ അണ്ഡങ്ങള്‍ സ്വീകരിക്കുന്നയാളിന്റെ പങ്കാളിയുടെ ബീജവുമായി മിശ്രണം ചെയ്ത് സേകം ചെയ്യുന്നു (ഐവിഎഫിലേതിന് സമാനമായി). 2-3 ദിവസത്തിനു ശേഷം സെര്‍വിക്‌സ് വഴി സ്വീകരിക്കുന്നയാളിന്റെ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങള്‍ സ്ഥാപിക്കുന്നു. വിജയകരമായ ഐവിഎഫ് ചികിത്സ നേടിയ ദമ്പതികള്‍ക്ക് വന്ധ്യരായ മറ്റ് ദമ്പതികള്‍ക്ക് മിച്ചമുള്ള ഏതെങ്കിലും ഭ്രൂണം ദാനം ചെയ്യണമോ എന്ന് തീരുമാനിക്കാന്‍ കഴിയും.
വന്ധ്യതാ ചികിത്സയിലെ സങ്കീര്‍ണ്ണതകള്‍
* ഒന്നിലധികം കുട്ടികളെ ഗര്‍ഭം ധരിക്കല്‍
മരുന്ന് ചികിത്സയുള്‍പ്പെടെ വന്ധ്യതാ ചികിത്സയുടെ ചില രൂപങ്ങളില്‍ ഇരട്ടകളെയോ രണ്ടിലധികം കുട്ടികളെയോ ഗര്‍ഭം ധരിക്കുന്നത് വളരെ സാധാരണമാണ്. ഇതിനുള്ള കാരണം ചില മരുന്നു ചികിത്സകളില്‍, അണ്ഡാശയം ഉത്തേജിപ്പിക്കപ്പെടുകയും ഒന്നിലധികം അണ്ഡവിസര്‍ജ്ജനമാവുകയും ചെയ്‌തേക്കാമെന്നതാണ്. ഒപ്പം, ചില സഹായകമാര്‍ഗ്ഗങ്ങളിലൂടെയുള്ള ഗര്‍ഭധാരണ ചികിത്സകളില്‍, ഒന്നിലധികം ഭ്രൂണം സ്ത്രീയുടെ ഗര്‍ഭാശയത്തിലേക്ക് തിരികെ നിക്ഷേപിക്കും. അതിനാല്‍ ഒന്നിലധികം കുട്ടികളെ ഗര്‍ഭം ധരിച്ചെന്നുവരാം.
* എക്ടോപിക് ഗര്‍ഭധാരണം
വന്ധ്യതാ ചികിത്സയ്ക്കു വിധേയരായിക്കൊണ്ടിരിക്കുന്ന സ്ത്രീകളില്‍ ഫാലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണം സംഭവിക്കാനുള്ള സാധ്യത അല്പം കൂടുതലാണ്. ഫാലോപിയന്‍ ട്യൂബുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നം കാരണമാണ് വന്ധ്യതയെങ്കില്‍ വിശേഷിച്ചും ഇത് സംഭവിക്കാം.
* അണ്ഡാശയങ്ങളുടെ ഉത്തേജനാധിക്യം
വന്ധ്യതാ ചികിത്സയില്‍ ഉപയോഗിക്കുന്ന ഗോനാഡോട്രോ പിന്‍മരുന്നുകള്‍ പോലെയുള്ള ചില മരുന്നുകള്‍ അണ്ഡാശയങ്ങളെ ആവശ്യത്തിലധികം ഉത്തേജിപ്പിക്കുകയും ഓവേറിയന്‍ ഹൈപ്പര്‍ സ്റ്റിമുലേഷന്‍ സിന്‍ഡ്രോം എന്ന് അറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിക്കപ്പെ ടുകയും ചെയ്യാമെന്ന ഒരു ചെറിയ അപകടസാദ്ധ്യതയുണ്ട്. ഈ അവസ്ഥ സാധാരണയായി അനായാസം ചികിത്സിക്കാവുന്നതും എന്തെങ്കിലും ഗുരുതര പ്രശ്‌നങ്ങളിലേക്കു നയിക്കാത്തതുമാണ്. എന്നിരുന്നാലും, ചിലപ്പോള്‍ അവ കൂടുതല്‍ ഗുരുതരമാവുകയും കരള്‍, വൃക്ക അല്ലെങ്കില്‍ ശ്വസനവിഷമതകളിലേക്കോ ത്രോംബോസിസിലേക്കോ നയിച്ചെന്നു വരാം.
* ജനന വൈകല്യങ്ങള്‍
സഹായകമാര്‍ഗങ്ങളിലൂടെയുള്ള ഗര്‍ഭധാരണത്തില്‍ ക്രമവിരുദ്ധത (ഒരു ജനന വൈകല്യം) സംഭവിക്കുന്നതിനുള്ള മൊത്തത്തിലുള്ള അപകടസാദ്ധ്യത കുറവാണ്. സഹായ മാര്‍ഗ്ഗങ്ങളില്ലാതെ ജനിക്കുന്ന ശിശുക്കളിലെ 3 ശതമാനവുമായി താരതമ്യപ്പെടുമ്പോള്‍ ഐവിഎഫ് വഴി ജനിക്കുന്ന ശിശുക്കളിലെ ജനനവൈകല്യ നിരക്ക് ഏകദേശം 3.5% ആണ്.