കൊവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തുമെന്ന പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്

കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള 'റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്', 'സണ്ണിബ്രൂക്ക് ഹോസ്പിറ്റല്‍' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
കൊവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തുമെന്ന പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് 19 മഹാമാരി സൃഷ്ട്ടിച്ച പ്രശ്‌നങ്ങളില്‍ ഇന്നും ലോകം മുക്തമായിട്ടില്ല.ആരോഗ്യപ്രശ്‌നങ്ങള്‍, തളര്‍ച്ച പോലുള്ള വിഷയങ്ങള്‍ക്കപ്പുറം കടുത്ത സാമ്പത്തിക- തൊഴില്‍ പ്രതിസന്ധി, മാനസികാരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കൊവിഡ് 19 ബാക്കിയാക്കിയ വെല്ലുവിളികളാണ്.

മാത്രമല്ല കൊവിഡ് ബാധിച്ചവരില്‍ പിന്നീടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല. ഇതിനായുള്ള പല പഠനങ്ങളും പാതി വഴിയിലാണെന്നതാണ് സത്യം.ഇപ്പോഴിതാ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള 'റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്', 'സണ്ണിബ്രൂക്ക് ഹോസ്പിറ്റല്‍' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.

 

കൊവിഡ് 19 തലച്ചോറിന്റെ 'വൈറ്റ് മാറ്റര്‍' എന്നറിയപ്പെടുന്ന ഭാഗത്തെ ബാധിക്കാമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. സിഡിഐ (കോറലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിംഗ് ) എന്ന പുതിയ ഇമേംജിഗ് ടെക്‌നിക് ഉപയോഗിച്ചാണ് കൊവിഡ് രോഗികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റം ഗവേഷകര്‍ മനസിലാക്കിയിരിക്കുന്നത്.

കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അല്‌സാണ്ടര്‍ വോംഗ് ആണ് സിഡിഐ ഇമേജിംഗ് ടെക്‌നിക്ക് വികസിപ്പിച്ചെടുത്തത്. തലച്ചോറിനെ കൂടുതല്‍ സൂക്ഷ്മമായും വ്യക്തമായും മനസിലാക്കുന്നതിന് പ്രയോജനപ്പെടുന്ന പരിശോധനാരീതിയാണ് ഇതെന്ന് പറയാം.

 

'മിക്കവരും ചിന്തിക്കുന്നത് കൊവിഡ് ശ്വാസകോശങ്ങളെയാണ് ബാധിക്കുകയെന്നാണ്. എന്നാല്‍ ഈ പുതിയ എംആര്‍ഐ ടെക്‌നിക് ഉപയോഗിച്ച് കൊവിഡ് തലച്ചോറില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. തലച്ചോറിലെ വൈറ്റ് മാറ്റര്‍ എന്ന ഭാഗത്തെയാണ് കൊവിഡ് ബാധിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്...'- വോംഗ് പറയുന്നു.

 

നടക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം ശരീരത്തിന്റെ ബാലന്‍സ് സൂക്ഷിക്കാനും, കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും, കാര്യങ്ങള്‍ മനസിലാക്കി അതിനോട് കൃത്യമായി പ്രതികരിക്കാനും, പ്രശ്‌ന പരിഹാരത്തിനുമെല്ലാം നമ്മെ സഹായിക്കുന്നത് തലച്ചോറിലെ 'വൈറ്റ് മാറ്റര്‍' എന്നറിയപ്പെടുന്ന ഭാഗമാണ്.ഇത് ബാധിക്കപ്പെടുന്നത് സ്വാഭാവികമായും ഇത്രയും കാര്യങ്ങളെയെങ്കിലും പ്രശ്‌നത്തിലാക്കും. എന്നാലിത് സംബന്ധിച്ച വിവരങ്ങളൊന്നും പഠനറിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

covid 19 Health News Brain White Matter