തണുപ്പുകാലത്ത് ശ്വാസകോശം പിണങ്ങും! ശ്രദ്ധിക്കണം

തണുത്ത വായു ശ്വസിക്കുന്നത് ആസ്മ രോഗം കൂടാന്‍ കാരണമാകും. അമിതമായി ശീതീകരിച്ചതും തണുപ്പുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക. യാത്ര ചെയ്യുമ്പോള്‍ അലര്‍ജിക്കുള്ള മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇന്‍ഹേലറുകളും കരുതുക.

author-image
Web Desk
New Update
തണുപ്പുകാലത്ത് ശ്വാസകോശം പിണങ്ങും! ശ്രദ്ധിക്കണം

 

ഡോ.സോഫിയ സലിം മാലിക്
സീനിയര്‍ കണ്‍സള്‍ട്ടന്റ്
പള്‍മണോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 

തണുപ്പുകാലത്ത് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം

കലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന അവയവമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും. അതിനാല്‍, പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍. അലര്‍ജി, ആസ്മ, സിഒപിഡി, ഐഎല്‍ഡി, ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അലര്‍ജിയുള്ളവര്‍ക്ക് തണുപ്പുകാലം അനുകൂലമല്ല. തണുത്ത വായു ശ്വസിക്കുന്നത് ആസ്മ രോഗം കൂടാന്‍ കാരണമാകും. അമിതമായി ശീതീകരിച്ചതും തണുപ്പുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക. യാത്ര ചെയ്യുമ്പോള്‍ അലര്‍ജിക്കുള്ള മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇന്‍ഹേലറുകളും കരുതുക.

ആസ്മ രോഗികള്‍ ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഉപയോഗിക്കുക. അത്യാവശ്യ അവസരങ്ങളില്‍ കഴിക്കാനുള്ള മരുന്നുകളും കരുതുക. കൃത്യമായ ഇന്‍ഹേലര്‍ ഉപയോഗം തണുപ്പുകാലത്തുള്ള ശ്വസന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും.

സിഒപിഡി രോഗബാധിതര്‍, തണുപ്പുകാലത്ത് ഫ്ളൂ രോഗം ബാധിക്കാനും മറ്റു ശ്വാസകോശ അണുബാധകള്‍ ഉണ്ടാകാനും സാധ്യതയുള്ളവരാണ്. അതിനാല്‍, സിഒപിഡി രോഗികളും ആസ്മ രോഗികളെ പോലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കണം.

മഞ്ഞുകാലത്ത് മുടങ്ങാതെ തുറസ്സായ സ്ഥലത്ത് വ്യായാമം ചെയ്യുന്നവര്‍, തണുപ്പു കാരണം നടപ്പും ജോഗിംഗും മുടക്കാറുണ്ട്. ഇത് തണുപ്പുകാലത്തുള്ള അധികമായ 'മെറ്റബോളിക് ഡിമാന്‍ഡിനും' വിശപ്പ് അധികമാക്കുകയും, ഇതുമൂലം തൂക്കം വര്‍ദ്ധിക്കാനും കാരണമാകും. ശരീരഭാരം കൂടുന്നത് എപ്പോഴും ശ്വാസകോശരോഗങ്ങള്‍ അധികരിപ്പിക്കുകയും ദൈനംദിന ജീവിത ജോലികള്‍ പ്രയാസമുള്ളതായും മാറ്റും. അതിനാല്‍, ക്രമമായ ഭക്ഷണശൈലി തുടരുകയും വ്യായാമം കാലാവസ്ഥ അനുസൃതമായി സമയം മാറ്റി തുടരുകയും ചെയ്യുക.

തണുപ്പുകാലത്ത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ തിരക്കുള്ള സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. നല്ല വായു സഞ്ചാരമുള്ള മുറികളില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തണം. മാത്രമല്ല, കൈകള്‍ അണുവിമുക്തമാക്കുന്നതും പരസ്പരം അകലം പാലിക്കുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും കര്‍ശനമായി തുടരണം. പാശ്ചാത്യ രാജ്യങ്ങളില്‍ തണുപ്പുകാലത്ത് പുകവലിയും മദ്യപാനവും വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഈ ദുശ്ശീലങ്ങള്‍ വര്‍ജ്ജിക്കുകയും പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യണം.

സമീകൃത ആഹാരക്രമം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. അതുപോലെ തന്നെ പ്രധാനമാണ് കൃത്യമായ അളവിലുള്ള ജലപാനവും. ഫ്ളൂ, ന്യുമോകോക്കല്‍ ബാക്ടീരിയ ഇവയെ പ്രതിരോധിക്കുന്ന കുത്തിവയ്പ്പ് തീര്‍ച്ചയായും ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എടുത്തിരിക്കണം. നല്ല ശീലങ്ങള്‍ പാലിക്കുന്നതു വഴി തണുപ്പുകാലത്ത് ഉണ്ടായേക്കാവുന്ന ശ്വാസകോശ പ്രശ്നങ്ങള്‍ പ്രതിരോധിക്കാം.

Health disease prevention respiratory illness winter health