ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് മത്തങ്ങ. ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ അടങ്ങിയതാണ് മത്തങ്ങ. മത്തങ്ങ മാത്രമല്ല മത്തങ്ങയുടെ വിത്തുകളിലും ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍ എന്നീ പോഷകങ്ങളും മത്തങ്ങ വിത്തുകളിലുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം, ചില ക്യാന്‍സറുകളില്‍ നിന്നുള്ള സംരക്ഷണം എന്നിവയെല്ലാം ഇവ നല്‍കും.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മത്തങ്ങ വളരെ നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാനും ചെറുപ്പം തോന്നിക്കുന്ന ചര്‍മ്മം സ്വന്തമാക്കാനും മത്തങ്ങ സഹായിക്കും. ഇതിനായി മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒന്ന്...
മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പിലേയ്ക്ക് തേന്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.
രണ്ട്...
മത്തങ്ങയുടെ പള്‍പ്പ് അതേപോലെ മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം മുഖം മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും ഇത് സഹായിക്കും.
മൂന്ന്...
മത്തങ്ങയുടെ പള്‍പ്പിലേയ്ക്ക് ടേബിള്‍ സ്പൂണ്‍ എടുക്കുക. അതിലേയ്ക്ക് അര ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ പാലും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
നാല്...
മത്തങ്ങയുടെ പള്‍പ്പിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈരും തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്ത ചുളിവുകള്‍ തടയാനും കരുവാളിപ്പ് അകറ്റാനും സഹായിക്കും.
അഞ്ച്...
മത്തങ്ങ പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും മുഖക്കുരു മാറാനും ചര്‍മ്മം തിളങ്ങാനും ഇത് പതിവായി ചെയ്യാം.
ആറ്...
ഒരു ടീസ്പൂണ്‍ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ക്കാം. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ തൈരും അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും.
ശ്രദ്ധിക്കുക: അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പാക്കുകളും സ്‌ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.