ഡോ. എം. ഉണ്ണികൃഷ്ണന്‍
സീനിയര്‍ വാസ്‌കുലര്‍
സര്‍ജന്‍
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
രക്തചംക്രമണ വ്യവസ്ഥയുടെ മൂന്ന് ഘടകങ്ങളാണ് ഹൃദയം, രക്തം, അവ വഹിക്കുന്ന രക്തക്കുഴലുകളുടെ വളരെ വിപുലമായ ശൃംഖല (ധമനികള്‍-ശുദ്ധമായ രക്തം വഹിക്കുന്നവ, സിരകള്‍-അശുദ്ധ രക്തം വഹിക്കുന്നവ) എന്നിവ.
രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥയാണ് അതിരോസക്ലിറോസിസ്. ഇത് പ്രധാനമായും ബാധിക്കുന്നത് അയോര്‍ട്ടയെയാണ് (അയോര്‍ട്ട/മഹാധമനി- ശുദ്ധരക്തവും ധമനികളുടെ ശാഖകളും വഹിക്കുന്ന ഏറ്റവും വലിയ രക്തക്കുഴല്‍). അയോര്‍ട്ടയെ സാധാരണയായി ബാധിക്കുന്ന രോഗങ്ങള്‍ അന്യൂറിസവും (ധമനി വീക്കം), ധമനികളില്‍ കൊഴുപ്പടിഞ്ഞ് ഉള്ളിലേയ്ക്ക് ചുരുങ്ങുന്നതുമാണ്.
അന്യൂറിസം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രക്തധമനിയുടെ ഭിത്തി വലുപ്പം കൂടി അവ തകരുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അവയവങ്ങളിലേക്കുള്ള ശുദ്ധമായ രക്ത പ്രവാഹം കുറയുകയും അതുവഴി അവയവങ്ങളുടെ പ്രവര്‍ത്തനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
കാലിലെ സിരകളില്‍ രക്തം കട്ടപിടിക്കുകയും അവ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെത്തി തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോ എംബോളിക് രോഗം.
സാധാരണയായി ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങള്‍.
1. പെട്ടെന്നുള്ള ധമനികളുടെ തടസ്സം
ഹൃദയം/അയോര്‍ട്ടയില്‍ നിന്നുള്ള പദാര്‍ത്ഥമോ രക്തക്കട്ടയോ കാരണം കാലുകളിലെ ധമനികളില്‍ തടസ്സമുണ്ടായാല്‍, രോഗിക്ക് പെട്ടെന്ന് കഠിനമായ വേദന ഉണ്ടാകുകയും മുമ്പത്തെപ്പോലെ നടക്കാന്‍ കഴിയാതെ വരികയും ചെയ്യും. ആര്‍ട്ടീരിയല്‍ എംബോളിസം എന്ന ഈ അവസ്ഥയില്‍ എത്തുകയാണെങ്കില്‍ ഇതിനു കാരണമായ രക്തക്കട്ട നീക്കം ചെയ്യുന്നതിനും അവയവങ്ങളുടെ പെര്‍ഫ്യൂഷന്‍ പുന:സ്ഥാപിക്കുന്നതിനുമുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. ധമനികളുടെ തടസ്സം സാധാരണയായി 6-8 മണിക്കൂറോളം നീണ്ടുനില്‍ക്കാം. അതിനാല്‍, ആ ഭാഗത്തെ ടിഷ്യൂവിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍, എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. 48 മണിക്കൂറിനു ശേഷമാണ് ചികിത്സ തേടുന്നതെങ്കില്‍, അടിയന്തരമായി മരുന്നുകള്‍ മുഖേന രക്തം കട്ടപിടിച്ചത് അലിയിച്ചുകളയേണ്ടതുണ്ട്. ഹൃദയസംബന്ധമായ പ്രശ്നത്തെ ചികിത്സിക്കാന്‍ ആന്റി-കോയാഗുലേഷന്‍ മരുന്നുകള്‍ തുടരേണ്ടതുണ്ട്. പ്രായമായ രോഗിയില്‍, കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്ന സ്ഥലത്ത് രക്തം കട്ടപിടിക്കുന്നത് തീവ്ര പരിചരണത്തില്‍ പരിഗണിക്കേണ്ടതാണ്.
2. പെരിഫറല്‍ ആര്‍ട്ടറി രോഗം
കാലുകളുടെ ധമനികളില്‍ കൊളസ്ട്രോള്‍/കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ കാലുകളിലേക്കുള്ള രക്തപ്രവാഹം ക്രമേണ കുറയുന്നു, ഇതുമൂലം നടക്കുമ്പോള്‍ രോഗിയുടെ തുടയുടെ പേശികളില്‍ വേദന അനുഭവപ്പെടാം. കാലക്രമേണ ധമനികളിലെ തടസ്സം കൂടുന്നതനുസരിച്ച്, കുറച്ച് ദൂരം നടക്കുമ്പോള്‍ തന്നെ കാലുകള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യും. ഈ ഘട്ടത്തില്‍ വേണ്ട വിധം ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍, വിശ്രമവേളയില്‍ പോലും രോഗിക്ക് കാലുകളില്‍ വേദന അനുഭവപ്പെടാം. ഈ ഘട്ടത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കിയില്ലെങ്കില്‍ ഇതു ബാധിച്ച അവയവം നഷ്ടപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍, നടക്കുമ്പോള്‍ രോഗിയുടെ തുടയുടെ പേശികളില്‍ വേദന അനുഭവപ്പെടാം. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും കീ-ഹോള്‍ ശസ്ത്രക്രിയ അനുയോജ്യമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കില്‍ ഓപ്പണ്‍ സര്‍ജറി ചെയ്യേണ്ടതായി വരും.
3. കരോറ്റിഡ് ധമനികളിലെ രോഗങ്ങള്‍/സ്‌ട്രോക്ക്
തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലുള്ള ധമനികളില്‍ രക്തം പെട്ടെന്ന് നിലയ്ക്കുകയോ, തലച്ചോറിനുള്ളിലെ രക്തസ്രാവം മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. സംസാരശേഷിയെ ബാധിച്ചോ അല്ലാതെയോ, ശരീരത്തിന്റെ ഒരു വശം തളര്‍ന്നുപോകുന്ന അവസ്ഥയാണിത്. പല കാരണങ്ങള്‍ മൂലവും ഈ അവസ്ഥ ഉണ്ടാകാം. മസ്തിഷ്‌ക ധമനികളില്‍ കൊളസ്ട്രോള്‍/കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം. ഈ സാഹചര്യത്തില്‍, രോഗിയെ ഡ്യൂപ്ലെക്‌സ് സ്‌കാന്‍ ഉപയോഗിച്ച് വിലയിരുത്തുകയും അതിനുശേഷം സിടി ആന്‍ജിയോഗ്രാം ഉപയോഗിച്ച് ഇതിനു കാരണമായ രക്തസ്രാവം ഏതു ഭാഗത്താണെന്ന് മനസ്സിലാക്കുകയും ചെയ്യാം. രോഗലക്ഷണം പ്രകടമായി പരമാവധി 3-4 ആഴ്ചയ്ക്കുള്ളില്‍ തന്നെ ചികിത്സ തേടേണ്ടതാണ്. ധമനികളില്‍ ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യുകയോ അല്ലെങ്കില്‍ കരോട്ടിഡ് ആര്‍ട്ടറി സ്റ്റെന്റിംഗ് ചെയ്‌തോ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
4. ആമാശയ ധമനികളിലെ വീക്കം
ആമാശയത്തിലെ മഹാധമനി 2 സെന്റിമീറ്ററോ അതില്‍ കുറവോ വ്യാസമുള്ളതാണെങ്കില്‍, 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് അവയില്‍ വീക്കം സംഭവിക്കാം. ഈ അവസ്ഥയാണ് അനൂറിസം. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ കാലക്രമേണ, വീക്കം കൂടുകയും അത് പോട്ടിപോകാനും സാദ്ധ്യതയുണ്ട്. വീക്കത്തിന്റെ അളവ് പരമാവധി 5.5 സെന്റീമീറ്റര്‍ ആയാണ് കണക്കാക്കുന്നത്. പുകവലി, ശ്വാസകോശ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവ വീക്കം ഉണ്ടാകുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. ക്ലിനിക്കല്‍ പരിശോധനയും അള്‍ട്രാസൗണ്ട് സ്‌കാനിംഗും രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്നു. സിടി അയോര്‍ട്ടോഗ്രാം എന്ന രോഗ നിര്‍ണ്ണയ രീതിയിലൂടെ അനൂറിസം, അതിന്റെ വലുപ്പം, വ്യാപ്തി, എന്നിവ സ്ഥിരീകരിക്കുന്നു. ഓപ്പണ്‍ സര്‍ജറിയാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സാ രീതി. രോഗികളുടെ പൊതുവായ/ഹൃദയ സംബന്ധമായ അവസ്ഥ അനുകൂലമല്ലെങ്കില്‍ എന്‍ഡോവാസ്‌കുലര്‍ സര്‍ജറി ചെയ്യേണ്ടതായി വരും.
അപൂര്‍വ്വമായി കാണുന്ന ധമനി രോഗങ്ങള്‍
1. അയോര്‍ട്ടിക് ആര്‍ച്ചിനുണ്ടാകുന്ന വീക്കം
അനൂറിസം 6 സെന്റിമീറ്ററോളം വലിപ്പമായാല്‍ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഇവയില്‍ സമ്മര്‍ദ്ദം കൂടുകയും തകരാര്‍ സംഭവിക്കുകയുമാണെങ്കില്‍ ഉടനടി ചികിത്സ തുടങ്ങേണ്ടതുണ്ട്. ധമനികളിലെ വീക്കം ആകസ്മികമായി കണ്ടുപിടിക്കപ്പെടുന്നു (പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല). എന്നാല്‍ അയോര്‍ട്ടിക് ആര്‍ച്ചിനുണ്ടാകുന്ന വീക്കം ലക്ഷണങ്ങളോടു കൂടി (നെഞ്ചിലെ അസ്വസ്ഥത, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം) പ്രകടമാകുന്നു. സിടി ആന്‍ജിയോഗ്രാം ഇമേജിംഗ് ഉപയോഗിച്ച് രക്തക്കട്ടയുടെ വലുപ്പം, വ്യാപ്തി, സാന്നിധ്യം എന്നിവ മനസ്സിലാക്കാന്‍ സാധിക്കും. വലിയ വ്യാസമുള്ള പ്രോസ്‌തെറ്റിക് ഗ്രാഫ്റ്റ് ഉപയോഗിക്കുന്നത് ഓപ്പണ്‍ ശസ്ത്രക്രിയ ചികിത്സയ്ക്ക് ഫലപ്രദമാണ്. കീ-ഹോള്‍ ശസ്ത്രക്രിയയിലൂടെ സ്റ്റെന്റ് ഗ്രാഫ്റ്റ് (എന്‍ഡോവാസ്‌കുലര്‍) ചെയ്യുന്നതിലൂടെയും ചികിത്സ സാദ്ധ്യമാണ്. നൂതന ചികിത്സാ രീതിയായ ഹൈബ്രിഡ് അയോട്ടിക് ആര്‍ച്ച് ആണ് മുമ്പ് പറഞ്ഞ രണ്ട് ചികിത്സാ രീതികളെക്കാളും മികച്ചത്.
2. അയോര്‍ട്ടിക് ഡിസെക്ഷന്‍
അയോര്‍ട്ടിക് ഡിസെക്ഷന്‍ അയോര്‍ട്ടയുടെ ആന്തരിക ഭിത്തിയിലെ ഒരു വിള്ളലിനെ സൂചിപ്പിക്കുന്നു. അതിലൂടെ രക്തം അയോര്‍ട്ടിക് ഭിത്തിയിലേക്ക് ഒഴുകുന്നതിന്റെ ഫലമായി ഇന്‍ട്രാ-മ്യൂറല്‍ ഹെമറ്റോമ എന്ന അവസ്ഥയുണ്ടാകുന്നു. അയോര്‍ട്ടയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള വിള്ളല്‍ സംഭവിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഈ അവസ്ഥ സങ്കീര്‍ണ്ണമാക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് എ ഡിസെക്ഷന്‍ എന്ന അവസ്ഥയാണെങ്കില്‍ ഉടനടി ശസ്ത്രക്രിയ ആവശ്യമായി വരും. സ്റ്റാന്‍ഫോര്‍ഡ് ബി ആണെങ്കില്‍ ഐസിയു ക്രമീകരണത്തില്‍ മരുന്നുകള്‍ ഉപയോഗിച്ച് ഭേദപ്പെടുത്താം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതാണ് ചികിത്സയുടെ പ്രധാന ഘടകം. കൃത്യസമയത്ത് ചികിത്സ തേടിയില്ലാന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കുന്നതിനായി എന്‍ഡോവാസ്‌കുലര്‍ സ്റ്റെന്റ് ഗ്രാഫ്റ്റ് നടപടിക്രമം നടത്തേണ്ടതായി വരും.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
ഭക്ഷണ നിയന്ത്രണവും മിതമായ വ്യായാമവും അപകടസാദ്ധ്യതാ ഘടകങ്ങളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം നിര്‍ത്തുക. ദിവസവും ഒരു കിലോമീറ്റര്‍ നടക്കുന്നത് അല്ലെങ്കില്‍ ആഴ്ചയില്‍ 5 ദിവസം, 15 മിനിറ്റ് ട്രെഡ്മില്‍ വ്യായാമം ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിന് ഗുണകരമാണ്. രക്തക്കുഴലുകളുടെ രോഗങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ അപകടസാദ്ധ്യതാ ഘടകങ്ങളുടെ നിയന്ത്രണം വഴി അതിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുന്നു. ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്‌കുലര്‍ രോഗങ്ങളും.