പ്രമേഹമുള്ളവര്‍ക്ക് അധിക കലോറി ഇല്ലാത്ത സ്മൂത്തികളോ ഹെര്‍ബല്‍ ചായകളോ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എഡിഎ) വ്യക്തമാക്കുന്നത്.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് കറുവപ്പട്ട ചേര്‍ത്ത ഗ്രീന്‍ ടീ. ഇതില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഗ്രീന്‍ ടീയിലേക്ക് അല്‍പം കറുവപ്പട്ട പൊടിയോ അല്ലെങ്കില്‍ കഷ്ണമോ ചേര്‍ത്ത് തിളപ്പിക്കുക.
ശേഷം അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവി നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
ദിവസേന ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 33 ശതമാനത്തോളം കുറവാണെന്ന് ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഗ്രീന്‍ ടീയില്‍ പോളിഫെനോള്‍സ് എന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാണ്. ഇത് പ്രമേഹമുള്ളവരില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഭക്ഷണത്തില്‍ കറുവപ്പട്ട ചേര്‍ക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.