ന്യൂഡല്‍ഹി: സംസ്ഥാനത്ത് വ്യാപകമായി പടരുന്ന പനിക്കും ചുമയ്ക്കും പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസ് ആണെന്ന് ഐ.സി.എം.ആര്‍. കഴിഞ്ഞ രണ്ടുമൂന്നു മാസമായി എച്ച്3എന്‍2 വൈറസ് വ്യാപിക്കുകയാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം കൂടുകയാണ്. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ രോഗവ്യാപനം കുറഞ്ഞെക്കുമെന്നും ഐ.സി.എം.ആര്‍ അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്ത്മയുടെ ലക്ഷണങ്ങളുമായി നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം വൈറസ് ബാധിതരില്‍ 92ശതമാനം പേര്‍ക്ക് പനിയും 86 ശതമാനം പേര്‍ക്ക് ചുമയും 27 ശതമാനം പേര്‍ക്ക് ശ്വാസതടസ്സവും 16 ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും അനുഭവപ്പെട്ടിട്ടുണ്ട്.
രോഗബാധിതരില്‍ 16 ശതമാനം പേര്‍ക്കും ന്യൂമോണിയയും ആറ് ശതമാനം പേര്‍ക്ക് ചുഴലിയും റിപ്പോര്‍ട്ട് ചെയ്തു. കടുത്ത ശ്വാസകോശ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരില്‍ 10ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ സഹായം വേണ്ടിവന്നതായും 7ശതമാനം പേര്‍ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതര്‍ പറയുന്നു.