ഈ നിശബ്ദ രോഗത്തെ അറിയാം; പ്രതിരോധിക്കാം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 നാണ് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 'മികവുറ്റ അസ്ഥികള്‍ സൃഷ്ടിക്കാം' എന്നതാണ് ഈ വര്‍ഷത്തെ വിഷയം

author-image
Web Desk
New Update
ഈ നിശബ്ദ രോഗത്തെ അറിയാം; പ്രതിരോധിക്കാം

 

ഡോ. അനൂപ് എസ് പിള്ള
സീനിയര്‍ കണ്‍സള്‍ട്ടന്റ്
ഓര്‍ത്തോപീഡിക് സര്‍ജറി
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 

എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 നാണ് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 'മികവുറ്റ അസ്ഥികള്‍ സൃഷ്ടിക്കാം' എന്നതാണ് ഈ വര്‍ഷത്തെ വിഷയം

 

പ്രായാധിക്യവും ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും കൊണ്ടുണ്ടാകുന്ന എല്ലുകളുടെ ബലക്കുറവാണ് ഓസ്റ്റിയോപൊറോസിസ്. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിനുശേഷം രണ്ടില്‍ ഒരാള്‍ക്ക് ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവുകള്‍ കാണപ്പെടുന്നു. എഴുപതു വയസ്സിന് ശേഷം ഓരോ 5 വര്‍ഷത്തിലും ഇടുപ്പിലെ എല്ലുകളില്‍ ഒടിവുണ്ടാകാനുള്ള സാധ്യത ഇരട്ടിയാകുന്നു.

വൃക്കരോഗം, കരള്‍ രോഗം, വിറ്റാമിന്‍ ഡി യുടെ കുറവ്, ദീര്‍ഘകാല സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗം എന്നിവയെല്ലാം ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം. ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുര്‍ബലമാക്കുകയും ചെറിയ വീഴ്ചകളില്‍ പോലും എല്ലുകളില്‍ പൊട്ടലുണ്ടാകുകയും ചെയ്യുന്നു. പല കാരണങ്ങളാല്‍ ഓസ്റ്റിയോപൊറോസിസ് മൂലമുള്ള എല്ലുകളിലെ ഒടിവ് കൂടുതലായും ഇന്ത്യക്കാരിലും മറ്റു ദക്ഷിണ ഏഷ്യന്‍ രാജ്യക്കാരിലും ആണ് അധികമായി കാണുന്നത്.

ആഗോളതലത്തില്‍ ഏകദേശം 200 ദശലക്ഷം ആളുകള്‍ ഓസ്റ്റിയോപൊറോസിസ് ബാധിതരാണ്. അവരില്‍ 50 ദശലക്ഷം ഇന്ത്യയിലാണ്. നിലവില്‍ മനുഷ്യരാശിയുടെ മുന്നിലുള്ള ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നം ഹൃദ്രോഗമാണെങ്കില്‍, ഓസ്റ്റിയോപൊറോസിസ് ഇതിന്റെ തൊട്ടുപിന്നില്‍ തന്നെയുണ്ട്.

കാരണങ്ങളും ലക്ഷണങ്ങളും

പ്രായാധിക്യം, വിറ്റാമിന്‍ ഡി, കാത്സ്യം, മറ്റ് അവശ്യ ധാതുക്കള്‍ എന്നിവയുടെ കുറവ്, കഫീന്‍, മദ്യം, പുകവലി, നിഷ്‌ക്രിയമായ ജീവിതശൈലി എന്നിവയെല്ലാം ഈ രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

തൈറോക്‌സിന്‍, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, ഹെപ്പാരിന്‍, ആന്റികണ്‍വള്‍സന്റുകള്‍, ലിഥിയം തുടങ്ങിയ ചില മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നതും ഓസ്റ്റിയോപൊറോസിസിന് കാരണമാകുന്നു.

ഓസ്റ്റിയോപൊറോസിസ് ഒരു നിശബ്ദ രോഗമാണ്. കാരണം രോഗലക്ഷണങ്ങള്‍ പ്രകടമാകില്ല. നടുവേദന, ഉയരം കുറയുക അല്ലെങ്കില്‍ പുറം വളഞ്ഞു പോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.

രോഗനിര്‍ണയവും പ്രതിരോധവും

ഡ്യുവല്‍ എനര്‍ജി എക്‌സ്-റേ, അബ്‌സോര്‍പിയോമെട്രി, ടെക്‌സ സ്‌കാന്‍ എന്നിവയാണ് രോഗനിര്‍ണയ മാര്‍ഗ്ഗങ്ങള്‍. എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരെയും പരിശോധിക്കാന്‍ ശുപാര്‍ശകളുണ്ട്. സമീകൃതാഹാരവും സജീവമായ ജീവിതശൈലിയും പൊതുവായ അസ്ഥി ആരോഗ്യത്തിന് ഗുണം ചെയ്യും. വ്യായാമത്തിലൂടെ ശരീരത്തിന്റെ ബാലന്‍സ്, ഏകോപനം, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ വീഴ്ചകളും ഒടിവുകളും തടയാന്‍ സാധിക്കും.

പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസിന്റെ പ്രതിരോധം ശക്തമാക്കാനാകും. നിലവില്‍ അസ്ഥി രോഗ ചികിത്സയില്‍ മെച്ചപ്പെട്ട ഇംപ്ലാന്റുകളും ഫിക്‌സേഷന്‍ ടെക്‌നിക്കുകളുമുണ്ട്. അതിനാല്‍ ഓസ്റ്റിയേപൊറോസിസ് മൂലമുള്ള എല്ലുകളിലെ ഒടിവുകള്‍ മികച്ച രീതിയില്‍ ഓപ്പറേഷന്‍ ചെയ്തു ഉറപ്പിക്കാനും ഉടന്‍ തന്നെ രോഗിക്ക് നടക്കാനും സാധിക്കും. നിര്‍ഭാഗ്യവശാല്‍, ഈ അസ്ഥിരോഗം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഫലപ്രദമായ പ്രതിരോധവും ചികിത്സാ രീതികളും ഉപയോഗിച്ച്, ഈ ഒടിവുകള്‍ പലതും തടയാന്‍ കഴിയും. ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലത്!

Health health care prevention osteoporosis