ഡോ. ടെഫി ജോസ്
കണ്‍സള്‍ട്ടന്റ്
ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി
ഏറെ കാലമായി നിലനില്‍ക്കുന്ന ഒരു ചോദ്യമാണ് വനിതകളെ ഹൃദ്രോഗം ബാധിക്കുമോ എന്നത്. ഒരു പരിധി വരെ ബാധിക്കും എന്നാണ് ഉത്തരം. അതായത് പുരുഷന്മാരെക്കാള്‍ ഹൃദ്രോഗ സാധ്യത കുറവാണെങ്കിലും സ്ത്രീകള്‍ തീര്‍ത്തും രോഗമുക്തരല്ല. പെട്ടെന്നുണ്ടാകുന്ന ഹൃദ്രോഗ മരണങ്ങള്‍ സ്ത്രീകളില്‍ കൂടുതലായി കാണുന്നതിന്റെ കാരണവും ഇതാണ്.
ഹൃദ്രോഗ സാധ്യത കുറക്കാന്‍ സഹായിക്കുന്നുണ്ട് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഈ ഹോര്‍മോണ്‍ സഹായിക്കും. അതേസമയം സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണങ്ങള്‍ക്ക് വരെയും ഹൃദ്രോഗം കാരണമാകും എന്നതാണ് വസ്തുത. ജീവിത ശൈലിയിലും ഭക്ഷണ ക്രമത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ബ്ലോക്കാണ് പ്രധാന വില്ലന്‍!
ഹൃദയ പേശികള്‍ക്ക് രക്തം നല്‍കുന്ന കൊറോണറി ധമനികള്‍ക്ക് തടസം (ബ്ലോക്ക്) ഉണ്ടാകുന്നതും ചുരുങ്ങുന്നതും മൂലമാണ് സ്ത്രീകളില്‍ പലപ്പോഴും ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇവ പലപ്പോഴും വ്യത്യസ്തമായ രീതിയിലാണ് പ്രകടമാകുന്നത്.
യുവതികളായ സ്ത്രീകളില്‍ പലപ്പോഴും രക്തക്കുഴലുകള്‍ക്ക് മേജര്‍ കൊളസ്‌ട്രോള്‍ ബ്ലോക്കുകള്‍ അല്ലാതെ രക്തം കട്ടപിടിക്കുകയും അതുപോലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതാണ് സാധാരണയായി കണ്ടു വരുന്നുണ്ട്. രക്തപ്രവാഹവും ഹൃദയപേശികളിലേക്കുള്ള ഓക്സിജന്‍ വിതരണവും ഇടയ്ക്കിടെ തടസ്സപ്പെട്ട് നെഞ്ചില്‍ അസ്വസ്ഥതയുണ്ടാവുന്നു. പുരുഷന്മാരില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ബ്ലോക്ക് രൂപപ്പെട്ട് നെഞ്ച് വേദനയും ഹൃദയാഘാതവും ഉണ്ടാവുന്നത് പോലെയല്ല ഇത്. അതേസമയം ഉയര്‍ന്ന കൊളസ്ട്രോള്‍ അളവുമായി ഇതിന് കാര്യമായ ബന്ധവുമില്ലെന്നതാണ് വസ്തുത.
അതേസമയം പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകളില്‍ രോഗ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ച് നാല്‍പ്പത് വയസ്സിന് മുകളിലുള്ളവര്‍, കൃത്യമായ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി, രോഗ സാധ്യതകള്‍ നേരത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാം!
ജനിതകപരമായി പലരിലും ഹൃദ്രോഗം ഉണ്ടാകാറുണ്ടെങ്കിലും യുവാക്കളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ജീവിതക്രമത്തില്‍ ഉണ്ടായ മാറ്റങ്ങളാണ് പ്രായമായവരില്‍ ഹൃദ്രോഗം വര്‍ദ്ധിക്കാന്‍ കാരണം ഇക്കാലത്ത് കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒന്നാണ് അലസമായ ജീവിതക്രമം. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായമത്തിന്റെ കുറവും ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
സ്ത്രീകളില്‍ കൊളസ്‌ട്രോള്‍ കൂടുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമല്ലാത്തതുമെല്ലാം ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം അവതാളത്തിലാക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. പ്രമേഹമുള്ളവരിലും ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഇതിന് പുറമേ സ്തനാര്‍ബുദത്തിന് ചികിത്സ തേടുന്നവരില്‍ ചില മരുന്നുകളും രോഗത്തിന് കാരണമാകാറുണ്ട്.
മാനസിക ആരോഗ്യപ്രശ്‌നങ്ങളും വിഷാദരോഗവും ഹൃദ്രോഗത്തിന് കാരണമാകാറുണ്ട്. ഹൃദയത്തിന്റെ ഭിത്തികള്‍ക്ക് തളര്‍ച്ച ഉണ്ടാക്കുകയും രക്തം പമ്പ് ചെയ്യുന്നതിനെ ബാധിക്കുകയും പെട്ടെന്ന് ഹൃദയാഘാതത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.
ലക്ഷണങ്ങള്‍ അവഗണിക്കരുത്
നെഞ്ചിന്റെ നടുക്കായി ഉണ്ടാകുന്ന വേദനയും തികട്ടലും ശ്വാസംമുട്ടലുമെല്ലാം ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ചില ആളുകളില്‍ കൈകള്‍, താടി എന്നിവിടങ്ങളിലും വേദന അനുഭവപ്പെടാറുണ്ട്. ചില കേസുകളില്‍ വേദന ഉണ്ടാകുന്നതിന് പകരം ശ്വാസം മുട്ടല്‍, ചര്‍ദ്ദി, പെട്ടെന്ന് അമിതമായി വിയര്‍ക്കുന്നതുമെല്ലാം ലക്ഷണങ്ങളാകാം.
പരിശോധിക്കാന്‍ വൈകല്ലേ!
ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഇ.സി.ജി, എക്കോ കാര്‍ഡിയോഗ്രാം, ട്രെഡ്മില്ല് ടെസ്റ്റ് ഉള്‍പ്പെടെ പരിശോധനകളിലൂടെ ഹൃദയാരോഗ്യം അറിയാന്‍ കഴിയും. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരില്‍ സി.ടി സ്‌കാന്‍ കാല്‍സ്യം സ്‌കോറിങ്ങ് പരിശോധന നടത്തിയാല്‍ കാല്‍സ്യത്തിന്റെ അളവ് നോക്കി ഹൃദ്രോഗത്തിനുള്ള സാധ്യതകള്‍ കണ്ടെത്താനാകും.
മികച്ച ചികിത്സ അനിവാര്യം
രോഗത്തിന്റെ കാഠിന്യം അനുസരിച്ചാണ് ചികിത്സ നടത്തുന്നത്. മരുന്നുകള്‍ മുതല്‍ ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ് ശസ്ത്രക്രിയയും ഉള്‍പ്പെടെ വിവിധ ചികിത്സകളാണ് ഉള്ളത്.
ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് ഹൃദയാഘാതം, ഗര്‍ഭാവസ്ഥയിലെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രായപൂര്‍ത്തിയായവരിലെ കോണ്‍ജെനിറ്റല്‍ ഹൃദ്രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം, പ്രസവാനന്തരം, ആര്‍ത്തവവിരാമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കുള്ള പ്രിവന്റീവ് ഹാര്‍ട്ട് ചെക്കപ്പുകള്‍ എന്നിവ ലഭിക്കുന്ന ഹാര്‍ട്ട് സെന്ററുകളില്‍ ചികിത്സ തേടുന്നതാണ് നല്ലത്. ഇത്തരത്തില്‍ ഒന്നാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വുമണ്‍ ഹാര്‍ട്ട് സെന്റര്‍. രോഗനിര്‍ണയം, ചികിത്സ, പുനരധിവാസം, രോഗ പ്രതിരോധം, ഗവേഷണം തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത.
ജീവിത ക്രമം മാറ്റാം, ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താം
ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഹൃദ്രോഗ സാധ്യത കുറക്കും. കൃത്യമായ വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. എയ്‌റോബിക് വ്യായാമങ്ങള്‍ . വേഗത്തിലുള്ള നടത്തം, നീന്തല്‍, സൈക്ലിംഗ്, ഓട്ടം, ട്രെഡ്മില്‍, ക്രോസ് ട്രെയിനിങ് തുടങ്ങിയവയെല്ലാം ഏറെ ഫലപ്രദമാണ്. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ഇത് തുടരേണ്ടതാണ്. രണ്ടുദിവസം പേശികള്‍ക്ക് ബലം വയ്ക്കുന്നതിനുള്ള വ്യായാമങ്ങളും അഭികാമ്യമാണ്.
ഭക്ഷണ ശീലത്തിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക. ഉപ്പും വലിയതോതില്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. കൃത്യസമയത്ത് ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് മാറേണ്ടതുണ്ട്. ഇതിനുപുറമേ നട്‌സ്, കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങളും മത്സ്യ മാംസാദികളും പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ഹൃദ്രോഗത്തെ അകറ്റിനിര്‍ത്താനാകും. ഇതിനോടൊപ്പം മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപൂര്‍ണ്ണ ശ്രദ്ധ വേണം.