ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഹൃദയാഘാത നിരക്കില്‍ വര്‍ധനവ് വന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2022-ല്‍ മാത്രം ഹൃദയാഘാതനിരക്കില്‍ 12.5 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അതായത് 32,457 പേര്‍ ഹൃദയാഘാതം ബാധിച്ച് മരിച്ചു. മുന്‍വര്‍ഷം ഇത് 28,413 ആയിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
പെട്ടെന്നുള്ള മരണങ്ങളുടെ നിരക്കും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-ല്‍ കൂടുതലായിരുന്നു. 2021-ല്‍ 50,739 ആയിരുന്നെങ്കില്‍ 2022 ആയതോടെ പത്തുശതമാനം കൂടി 56,450 ആയി. ആക്രമണമേറ്റല്ലാതെ ഹൃദയാഘാതത്താലോ, മസ്തിഷ്‌കാഘാതത്താലോ സംഭവിക്കുന്ന മരണത്തേയാണ് പെട്ടെന്നുള്ള മരണങ്ങളായി എന്‍.സി.ആര്‍.ബി. കണക്കാക്കുന്നത്.
ഹൃദയാഘാത മരണങ്ങള്‍ മൂന്നുവര്‍ഷം കൊണ്ട് കുത്തനെ ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2020-ല്‍ 28,759, 2021-ല്‍ 28,413, 2022-ല്‍ 32,457 എന്നിങ്ങനെയാണ് കണക്കുകള്‍. പ്രസ്തുത സാഹചര്യത്തെ ഗൗരവത്തോടെ കണക്കിലെടുക്കണമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിരന്തരം ചെക്കപ്പുകള്‍ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധരും നിര്‍ദേശിക്കുന്നു.
വ്യായാമത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാമെന്നും വിദഗ്ധര്‍ പറയുന്നു.