പൊതുവേ മിക്കവരും കഴിക്കാൻ ആഗ്രഹിക്കാത്ത പച്ചക്കറിയാണ് പാവയ്ക്ക. കയ്പ് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ കയ്പ് കൊണ്ട് പാവയ്ക്ക മാറ്റിവെയ്ക്കരുത്.കാരണം എത്രയൊക്കെ കയ്പുണ്ടെങ്കിലും പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണിത്. പോളിപെപ്‌റ്റൈഡ്-പി എന്ന ഇൻസുലിൻ പോലുള്ള സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്.
മാത്രമല്ല മുഖക്കുരു അകറ്റാനും ചർമത്തിലെ അണുബാധകൾ അകറ്റാനും പാവയ്ക്ക ഏറെ സഹായകമാണ്.ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി,എയുമാണ് ഇതിന് സഹായിക്കുന്നത്. മുഖക്കുരു അകറ്റുന്നതിനോടൊപ്പം
ചർമത്തിലെ പാടുകൾ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ അകാലവാർധക്യം തടയാനും ഇത് കഴിക്കുന്നത് നല്ലതാണ്.
തിളങ്ങുന്ന, ആരോഗ്യമുള്ള ചർമം സ്വന്തമാക്കാൻ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു.
പ്രത്യേകിച്ച് പ്രമേഹമുള്ളവർ കഴിച്ചിരിക്കേണ്ട പച്ചക്കറിയാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കുന്നതിനോടൊപ്പം ഇതിലുള്ള ഫൈബർ കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണകരമാകും.
കലോറി കുറഞ്ഞ ഭക്ഷണമാണ് പാവയ്ക്ക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് മികച്ചൊരു ഭക്ഷണമാണിത്. കാരണം ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.പാവയ്ക്കയിൽ അടങ്ങിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെട്ടതാക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും.വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെട്ടതാക്കാൻ ഇത് സഹായിക്കുന്നു.
ആന്റിഓക്സിഡന്റായ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിറ്റാമിനുകളുടെ മികച്ച സ്രോതസ് കൂടിയാണിത്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഈ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമായ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാന സംയുക്തങ്ങൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)