H3N2 ഇന്‍ഫ്‌ളുവെന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം. ഹരിയാനയിലും കര്‍ണാടകയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.രാജ്യത്ത് നിലവില്‍ H3N2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ എട്ട് H1N1 ഇന്‍ഫ്‌ലുവെന്‍സ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇടയ്ക്കിടെ വരുന്ന പനിക്കും ചുമയ്ക്കും പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ Aയുടെ ഉപവിഭാഗമായ H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകളില്‍ വന്‍ വര്‍ധനവാണ് കാണുന്നത്, പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പലര്‍ക്കുമുള്ളത്.
H3N2 ലക്ഷണങ്ങള്‍
- പനി
- ചുമ
- മൂക്കൊലിപ്പ്
- ഛര്‍ദി
- ഓക്കാനം
- ശരീരവേദന
- വയറിളക്കം
രോഗപ്രതിരോധത്തിനായി ഐ.സി.എം.ആര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍
- ഇടയ്ക്കിടെ കൈകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക
- മാസ്‌ക് ഉപയോഗിക്കുകയും ആള്‍ക്കൂട്ടമുള്ള ഇടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.
- മുഖവും മൂക്കും ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
- ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാന്‍ ഇടവരുത്താതിരിക്കുകയും ചെയ്യുക.
- പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാല്‍ പ്രിസ്‌ക്രൈബ് ചെയ്ത മരുന്നുകള്‍ മാത്രം കഴിക്കുക.
- പൊതുയിടത്ത് തുപ്പാതിരിക്കുക.
- ആന്റിബയോട്ടിക്കുകള്‍ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
H3N2 വൈറസ്
കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി H3N2 വൈറസ് വ്യാപിക്കുകയാണെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്ന് കരുതുന്നതായും ഐ.സി.എം.ആര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം H3N2 ബാധിതരില്‍ 92ശതമാനം പേര്‍ക്ക് പനിയും 86 ശതമാനം പേര്‍ക്ക് ചുമയും 27 ശതമാനം പേര്‍ക്ക് ശ്വാസതടസ്സവും 16 ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോഗബാധിതരില്‍ 16 ശതമാനം പേര്‍ക്കും ന്യൂമോണിയയും ആറ് ശതമാനം പേര്‍ക്ക് ചുഴലിയും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരില്‍ 10ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ സഹായം വേണ്ടിവന്നതായും 7ശതമാനം പേര്‍ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.