ലോകത്ത് ഓരോ ദിനവും നിരവധി പേരാണ് മരണപ്പെടുന്നത്. അതില്‍ തന്നെ പല അസുഖങ്ങള്‍ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. അത്തരത്തില്‍ പല രോഗങ്ങളും മരണത്തിനു കാരണമാകാറുണ്ട്. അതിലൊന്നാണ് ഹൃദ്രോഗം.
ഓരോ വര്‍ഷവും ഏകദേശം 17.9 ദശലക്ഷം ജീവനാണ് ഹൃദ്രോഗം കാരണം നഷ്ട്ടമാകുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ഒരു പ്രധാന ഘടകം നിങ്ങളുടെ ഭക്ഷണക്രമമാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ അപകട ഘടകങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും. ജങ്ക് ഫുഡ് ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഇതാ...
ഒന്ന്...
നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ധാന്യങ്ങള്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ധാന്യങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും.
രണ്ട്...
ദിവസവും ഒരു ടേബിള്‍സ്പൂണ്‍ ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായകമാണ്. യുഎസിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പ്രതിദിനം നാല് ടേബിള്‍സ്പൂണ്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തി. ഫ്‌ളാക്‌സ് സീഡുകളില്‍ കാണപ്പെടുന്ന ആല്‍ഫ-ലിനോലെനിക് ആസിഡ് ഹൃദ്രോഗമുള്ളവര്‍ക്ക് ഗുണം ചെയ്യും.
മൂന്ന്...
നട്‌സ് പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഹാര്‍ട്ട് യുകെ വ്യക്തമാക്കുന്നു. നട്‌സ് നാരുകളാല്‍ സമ്പുഷ്ടമാണ്, ഇത് നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതില്‍ നിന്ന് കുറച്ച് കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കും. ബദാം, നിലക്കടല, വാള്‍നട്ട്, ഹസല്‍നട്ട് എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
നാല്...
സോയ ഭക്ഷണങ്ങളായ ടോഫു, സോയ മില്‍ക്ക് എന്നിവ ഹൃദയാരോഗ്യത്തിനുള്ള മികച്ച ഭക്ഷണങ്ങളാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
അഞ്ച്...
ബീറ്റ്‌റൂട്ട് ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഉയര്‍ന്ന ബിപി കുറയ്ക്കാന്‍ കഴിവുള്ള നൈട്രേറ്റ് (NO3) ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാന്‍ ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.