കുട്ടികളുടെ വളര്‍ച്ച ബുദ്ധി വികാസം ഉള്‍പ്പെടെയുള്ളവയ്ക്ക് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്.തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളും ഉള്‍പ്പെട്ട ഭക്ഷണമായിരിക്കണം എപ്പോഴും കുട്ടികള്‍ക്ക് നല്‍കേണ്ടത്.
അത്തരത്തില്‍ കുട്ടികളുടെ തലച്ചോറിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിനായി നല്‍കാന്‍ പോഷകാഹാര വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഭക്ഷണങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
- യോഗര്‍ട്ട്
അയഡിന്റെ മികച്ച ഉറവിടമാണിത്. തലച്ചോറിന്റെ വികാസത്തിനും ബൗദ്ധിക പ്രവര്‍ത്തനത്തിനും ശരീരത്തിന് അത്യാവശ്യമായ പോഷകമാണ് അയഡിന്‍. അയഡിന്‍ കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന മറ്റ് പോഷകങ്ങളായ പ്രോട്ടീന്‍, സിങ്ക്, ബി12, സെലനിയം എന്നിവയും യോഗര്‍ട്ടില്‍ ധാരാളമുണ്ട്.
- ഇലക്കറികള്‍
പച്ച നിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് അഥവാ പച്ചച്ചീര, കേല്‍, ലെറ്റിയൂസ് എന്നിവയില്‍ ഫോളേറ്റ്, ഫ്‌ലേവനോയ്ഡുകള്‍, വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ തുടങ്ങിയ തലച്ചോറിനെ സംരക്ഷിക്കുന്ന സംയുക്തങ്ങളുണ്ട്. കരോട്ടിനോയ്ഡ് ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ധിപ്പിക്കും.
- പയര്‍ വര്‍ഗങ്ങള്‍
പയര്‍ വര്‍ഗങ്ങളിലും ബീന്‍സിലും മഗ്‌നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ മൂഡ് മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കും.
- മുഴുധാന്യങ്ങള്‍
മുഴുധാന്യങ്ങള്‍ ആയ ഗോതമ്പ്, ബാര്‍ലി, അരി, ഓട്‌സ് തുടങ്ങിയവയില്‍ ബി വൈറ്റമിനുകള്‍ ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മശക്തി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
- നട്‌സ്, സീഡ്‌സ്
മോണോസാച്ചുറേറ്റഡ് ഫാറ്റ്, ഒമേഗ 3 തുടങ്ങി തലച്ചോറിന്റെ വികാസത്തിനു സഹായിക്കുന്നവയാല്‍ സമ്പന്നമായ സൂപ്പര്‍ ഫുഡ് ആണ് നട്‌സും സീഡ്‌സും പിസ്തയില്‍ അടങ്ങിയ ല്യൂട്ടിന്‍ എന്ന ഫൈറ്റോ കെമിക്കല്‍ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. ശരീരത്തെയും തലച്ചോറിനെയും സംരക്ഷിക്കുന്ന ശക്തിയേറിയ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് മത്തങ്ങാക്കുരു.