വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുന്നു. സ്‌കൂളില്‍ എന്ത് ഭക്ഷണം കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വളരെ ആശങ്കയാണ്. അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയേയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു. അതിനാല്‍ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാല്‍, മുട്ട, ഇറച്ചി, നട്‌സ്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വിറ്റാമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍, നെല്ലിക്ക, ക്യാരറ്റ് എന്നിവ വളരെ നല്ലത്.
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കൊടുക്കാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേര ആഹാരമായി ഫ്രൂട്ട്, നട്‌സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം. ഉച്ചഭക്ഷണത്തില്‍ വൈവിദ്ധ്യത്തിനായി ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, മുട്ട ഫ്രൈഡ്‌റൈസ്, ക്യാരറ്റ് ചോറ് എന്നിവ ഉള്‍പ്പെടുത്താം.
നാലുമണി ആഹാരമായി ആവിയില്‍ വേവിച്ച ശര്‍ക്കര ചേര്‍ത്ത ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, അവല്‍, റാഗിയുടെ ആഹാരങ്ങള്‍ എന്നിവ വളരെ നല്ലത്. രാത്രിയിലെ ഭക്ഷണവും പ്രോട്ടീന്‍ സമൃദ്ധമാകണം. പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്‌സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം.