ഭക്ഷ്യവിഷബാധ: ഹോട്ടല്‍ തല്ലിപ്പൊളിക്കും മുമ്പ് ഇതൊന്നു വായിക്കൂ...

കൊടുങ്ങല്ലൂരില്‍ മസാല ദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കൊടുങ്ങല്ലൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് അഴീക്കോട്ട് എത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് രാത്രിയോടെ മൂന്നു പേരും ആശുപത്രിയില്‍ ചികിത്സ തേടി.

author-image
Web Desk
New Update
ഭക്ഷ്യവിഷബാധ: ഹോട്ടല്‍ തല്ലിപ്പൊളിക്കും മുമ്പ് ഇതൊന്നു വായിക്കൂ...

 

കൊടുങ്ങല്ലൂരില്‍ മസാല ദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുങ്ങല്ലൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് അഴീക്കോട്ട് എത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് രാത്രിയോടെ മൂന്നു പേരും ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍, ഭക്ഷ്യവിഷബാധയെ കുറിച്ച് ഡോ. ജിതേഷ് കെ ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ഫേസ്ബുക്ക് കുറിപ്പ്:

ഏതെങ്കിലും ഒരു ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫുഡ് പോയ്‌സണ്‍ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍, അത് ഒന്നുകില്‍ Bacillus cereus എന്ന ബാക്ടീരിയ ആവാം, അല്ലെങ്കില്‍ Staphylococcus aureus ആവാം.

ബാക്കിയുള്ള ഏതാണ്ട് എല്ലാ ഭക്ഷ്യവിഷബാധകളിലും ലക്ഷണങ്ങള്‍ തുടങ്ങുന്നത് ചുരുങ്ങിയത് 12-24 മണിക്കൂര്‍ കഴിഞ്ഞാണ്.

കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ഭക്ഷ്യവിഷബാധകളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത് മിക്കവാറും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ്. (ചിലപ്പോള്‍ അത് ഭക്ഷണം കഴിച്ചു ഒരാഴ്ചക്ക് ശേഷം പോലും ആവാം)

ഇതില്‍ Bacillus cereus, നെയ്‌ച്ചോര്‍, ഫ്രൈഡ് റൈസ്, ബിരിയാണി വിഭവങ്ങളിലൂടെയാണ് സാധാരണ ഉണ്ടാവുന്നത്. Staphylococcus ആണെങ്കില്‍ പാലും പാലുല്‍പന്നങ്ങളിലൂടെയും, പിന്നെ ക്രീം ഉപയോഗിച്ചുണ്ടാക്കുന്ന ബേക്കറി വിഭവങ്ങളിലും, വേവിക്കാത്ത മാംസത്തിലും കഴുകാത്ത പച്ചക്കറികളിലും മറ്റും...

ഈ പറഞ്ഞ രണ്ട് ബാക്ടീരിയല്‍ അണുബാധകളിലും ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയും അല്ലാതെ പനി ഉണ്ടാവാറില്ല. മാത്രമല്ല പൊതുവേ ചികിത്സ ആവശ്യമില്ലാതെ തന്നെ ഭേദമാവുന്നതാണ്.

ഇതില്‍ നിന്നും മനസ്സിലാവുന്നത്, ഇവിടെ ഭക്ഷ്യവിഷബാധ ഉണ്ടായത് അവിടെ നിന്ന് കഴിച്ച മസാല ദോശയില്‍ നിന്നാവില്ല എന്നാണ്. (മസാല ദോശയുടെ കൂടെ മറ്റെന്തെങ്കിലുമൊക്കെ അവര്‍ കഴിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.)

അതേസമയം അവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വരുന്നതാണെങ്കില്‍ ആ ചുറ്റുവട്ടത്തു നിന്ന് വെള്ളമോ ജ്യൂസോ എന്തെങ്കിലുമൊക്കെ കഴിച്ചിരിക്കാന്‍ നല്ല സാധ്യതയുണ്ട്.

വാര്‍ത്തയില്‍ പറയുന്നത് അനുസരിച്ച് പനി ലക്ഷണമായി ഉള്ള സ്ഥിതിക്ക് അവര്‍ മൂന്നുപേരും തലേദിവസം കഴിച്ച ഭക്ഷണത്തിലോ വെള്ളത്തിലോ നിന്ന് അണുബാധ ഉണ്ടായതാവാനാണ് കൂടുതല്‍ സാധ്യത. അതൊരുപക്ഷേ സ്വന്തം വീട്ടില്‍ നിന്ന് തന്നെയും ആവാം.

food food safety food poisoning