നാം കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ ഒരു പരിധിവരെ നിര്‍ണയിക്കുന്നത്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഇത്തരത്തില്‍ പകുതിയിലേറെപ്പേരും കഴിക്കാന്‍ നിര്‍ദേശിക്കുന്ന ഭക്ഷണങ്ങളാണ് പച്ചക്കറികളും പഴങ്ങളും.
എന്നാല്‍ ഇവ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നാണ് ആരോഗ്യവിദഗ്ധരടക്കം പറയുന്നത്.ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
പഴങ്ങള്‍ കഴിച്ച ശേഷം ഉടനെ തന്നെ വെള്ളം കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ഇതൊഴിവാക്കുക. പഴങ്ങളിലെല്ലാം അധികവും വെള്ളം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ പഴങ്ങള്‍ക്ക് മുകളില്‍ വെള്ളം കുടിക്കേണ്ടതില്ല. എന്നുമാത്രമല്ല- പഴങ്ങള്‍ കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുമ്പോള്‍ അത് ദഹനപ്രശ്‌നങ്ങളിലേക്കും പഴങ്ങളില്‍ നിന്ന് ശരീരം പോഷകങ്ങള്‍ വലിച്ചെടുക്കുന്നത് ഭാഗികമായി തടയുന്നതിലേക്കും നയിക്കും.
രണ്ട്...
പഴങ്ങള്‍ മുറിച്ചുവച്ചത് ഫ്രിഡ്ജിലോ പുറത്തോ ദീര്‍ഘനേരമോ, ദിവസങ്ങളോളമോ സൂക്ഷിച്ചത് കഴിക്കാതിരിക്കുക. പഴങ്ങളും പച്ചക്കറികളും മുറിച്ചുകഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ അവ ഉപയോഗിക്കണം. അല്ലെങ്കില്‍ ഇവയിലെ ഗുണമേന്മയെല്ലാം നഷ്ടപ്പെട്ട് ഇവ ഉപയോഗശൂന്യമായി പോകും. കൂടാതെ മുറിച്ചുവച്ച പഴങ്ങളില്‍ രോഗാണുക്കള്‍ കയറിപ്പറ്റാനും ഇവ നമ്മുടെ ശരീരത്തിലെത്താനും സാധ്യതകളുമുണ്ട്.
മൂന്ന്...
പഴങ്ങള്‍ ജ്യൂസടിച്ച് കഴിക്കാനാണ് ചിലര്‍ ഇഷ്ടപ്പെടുക. പഴങ്ങള്‍ കഴിവതും അങ്ങനെ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇനി ജ്യൂസ് തയ്യാറാക്കുകയാണെങ്കില്‍ തന്നെ ഇത് അമിതമായി മധുരം ചേര്‍ത്ത് വല്ലാതെ അടിച്ചെടുക്കുന്നത് ഒഴിവാക്കണം. കാരണം ഇത് ആരോഗ്യത്തിന് നല്ലതല്ല. ജ്യൂസ് ഇഷ്ടമുള്ളവരാണെങ്കില്‍ പോലും ഇടയ്ക്കിടെ പഴങ്ങള്‍ അങ്ങനെ തന്നെ കഴിച്ചും ശീലിച്ചാലേ പോഷകങ്ങള്‍ ലഭ്യമാകൂ.
നാല്...
രാത്രിയില്‍ ഫ്രൂട്ട്‌സ് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഇതത്ര നല്ല ശീലമല്ല എന്ന് ചിലരെങ്കിലും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്താണ് രാത്രിയില്‍ ഫ്രൂട്ട്‌സ് കഴിച്ചാലുള്ള കുഴപ്പമെന്ന് ചോദിച്ചാല്‍ ലളിതമായി പറഞ്ഞാല്‍ ഇത് നമ്മുടെ ഉറക്കത്തെ അലോസരപ്പെടുത്താം. അതായത് പഴങ്ങളിലെല്ലാം നാച്വറലായ മധുരമുണ്ട്. ഈ ഷുഗര്‍ നമ്മുടെ ശരീരത്തിന് 'എനര്‍ജി' നല്‍കുന്നു. ഇതോടെ ഉറക്കം ശരിയാകാതെ വരാം.
അഞ്ച്...
കഴിയുന്നതും തണുപ്പിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതുപോലെ നല്ലതുപോലെ പഴുക്കുകയോ പാകമാവുകയോ ചെയ്യാത്ത പഴങ്ങളും കഴിക്കാതിരിക്കുക. ഇതും നല്ലരീതിയിലുള്ള ഗ്യാസ്- അസിഡിറ്റി എന്നിവയ്‌ക്കെല്ലാം കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ വയറ് കേടാകാനും ഇത് കാരണമാകും.