ഹൈപോതൈറോയ്ഡിസം; തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം ഈ പാനീയങ്ങള്‍ വഴി

താഴെ പറയുന്ന ഏഴ് പാനീയങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഹൈപോതൈറോയ്ഡിസം മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഗുണപ്രദമാണ്‌

author-image
Greeshma Rakesh
New Update
ഹൈപോതൈറോയ്ഡിസം; തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം ഈ പാനീയങ്ങള്‍ വഴി

 

നമ്മുടെ കഴുത്തിന്റെ മുന്‍വശത്ത് ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ ചയാപചയത്തിലും വളര്‍ച്ചയിലും ഹൃദയമിടിപ്പിലുമുള്‍പ്പെടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു.

പക്ഷെ പലപ്പോഴും ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അത്ര സജീവമല്ലാതെ വരികയും ശരീരത്തിനാവശ്യമായ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. ഇതിനെയാണ് ഹൈപോതൈറോയ്ഡിസം എന്നു വിളിക്കുന്നു.

എന്നാല്‍ ചില ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെയും സമ്മര്‍ദ നിയന്ത്രണത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും തൈറോയ്ഡിനെ ഉത്തേജിപ്പിക്കാന്‍ കഴിയും. താഴെ പറയുന്ന ഏഴ് പാനീയങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഹൈപോതൈറോയ്ഡിസം മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഗുണപ്രദമാണെന്ന് പിസിഒഎസ് ആന്‍ഡ് ഗട്ട് ഹെല്‍ത്ത് ന്യൂട്രീഷനിസ്റ്റ് അവന്തി ദേശ്പാണ്ഡേ എച്ച്ടി ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 

1. മഞ്ഞള്‍ ചേര്‍ത്ത പാല്‍

ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള വസ്തുവാണ് മഞ്ഞള്‍. ഇത് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും തൈറോയ്ഡിനെ ഉത്തേജിപ്പിക്കാനും സഹായിക്കും. കുര്‍ക്കുമിന്‍ തോത് ഏറ്റവും അധികമുള്ള ലാകഡോങ് മഞ്ഞള്‍ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

2. ആപ്പിള്‍ സിഡര്‍ വിനാഗിരി

ക്ഷാര സ്വഭാവമുള്ള ആപ്പിള്‍ സിഡര്‍ വിനാഗിരി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാന്‍ സഹായിക്കും. ഇത് തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്.

3. മോരിന്‍വെള്ളം

തൈരില്‍ വെള്ളം ചേര്‍ത്ത് തയാറാക്കുന്ന മോരിന്‍ വെള്ളം ഒന്നാന്തരം പ്രോബയോട്ടിക് പാനീയമാണ്. വയറിലെ ഗുണപ്രദമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു. ആരോഗ്യകരമായ വയര്‍ നീര്‍ക്കെട്ട് കുറയ്ക്കുകയും ഇത് വഴി ഹൈപോതൈറോയ്ഡിസത്തിന്റെ കാരണങ്ങളിലൊന്ന് ഇല്ലാതാക്കുകയും ചെയ്യുന്നു.

4. ബീറ്റ് റൂട്ട് കാരറ്റ് ജ്യൂസ്

ബീറ്റ് റൂട്ടും കാരറ്റും ചേര്‍ത്ത് തയാറാക്കുന്ന ജ്യൂസ് ഫൈറ്റോന്യൂട്രിയന്റുകളും ലൈകോഫൈന്‍ എന്ന ആന്റിഓക്‌സിഡന്റും ചേര്‍ന്നതാണ്. ഇതിലെ ഫൈബര്‍ തോതും തൈറോയ്ഡിന് ഗുണം ചെയ്യും.

5. പച്ചില ജ്യൂസ്

ചീര, അമരചീര, കെയ്ല്‍, മല്ലിയില, പുതിനയില തുടങ്ങിയ പച്ചിലകള്‍ വെള്ളരിയോ നാരങ്ങയോ ചേര്‍ത്ത് ജ്യൂസായി അടിച്ചെടുക്കാം. ഇതിലെ ക്ലോറോഫില്‍ കേട് വന്ന കോശങ്ങളെ പുനര്‍നിര്‍മിക്കാന്‍ സഹായിക്കും.

6. നട് മില്‍ക്

സാധാരണ പാല്‍ ചിലപ്പോഴൊക്കെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കാം. ഇതിനാല്‍ സാധാരണ പാലിന് പകരം നട് മില്‍ക് ഉപയോഗിക്കാവുന്നതാണ്. കശുവണ്ടി, ആല്‍മണ്ട് എന്നിവയെല്ലാം നട് മില്‍ക് ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്.

7.ഹെര്‍ബല്‍ ചായ

അശ്വഗന്ധ, ശതാവരി പോലുള്ള ചെടികള്‍ തൈറോയ്ഡിന്റെ മികച്ച പ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനാല്‍ ഇവ ചേര്‍ത്ത് തയാറാക്കുന്ന ഹെര്‍ബല്‍ ചായ ഹൈപോതൈറോയ്ഡിസത്തെ നിയന്ത്രിക്കാന്‍ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഗ്രീന്‍ ടീയും തൈറോയ്ഡിന് ഗുണപ്രദമാണ്. സാധാരണ ചായക്കോ കാപ്പിക്കോ പകരം രാവിലെ വെറും വയറ്റില്‍ ഇവ ഉപയോഗിക്കുന്നത് നന്നായിരിക്കും.

Thyroid healthy food Hypothyroidsm Drinks