ഡോ. സോഫിയ സലിം മാലിക്ക്
സിനിയര്‍ കണ്‍സള്‍ട്ടന്റ്
പള്‍മണോളജിസ്റ്റ്
അലര്‍ജി, ഇമ്യുമോളജി ആന്‍ഡ്
സ്ലീപ് മെഡിസിന്‍
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി ഡിസീസ് (സിഒപിഡി) ശ്വാസനാളങ്ങള്‍ അടഞ്ഞുപോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. സ്ഥായിയായി ശ്വാസനാളങ്ങളെ ബാധിക്കുന്ന രോഗമാണിത്. രോഗം പുരോഗമിക്കുമ്പോള്‍, പതിവായി ചുമ, ശ്വാസതടസ്സം, എന്നിവ അനുഭവപ്പെടാം.
പ്രേരക ഘടകങ്ങള്‍
പല പ്രേരക ഘടകങ്ങളും സിഒപിഡി രോഗാധിക്യത്തിനു കാരണമാകുന്നു. ഇത് രോഗ വര്‍ധനവിന് കാരണമാവുകയും രോഗിയുടെ ആരോഗ്യസ്ഥിതി വഷളാക്കുകയും ചെയ്യും. ചൂടും തണുപ്പും അല്ലെങ്കില്‍ വരണ്ട വായുവും ഈര്‍പ്പവുമുള്ള താപനില എന്നിവ ചില പ്രേരക ഘടകങ്ങളാണ്.
രോഗമുള്ളവര്‍ കടുത്ത കാലാവസ്ഥയില്‍ പുറത്തിറങ്ങരുത്. അമിതമായി പുകയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക, പുറത്തിറങ്ങുമ്പോള്‍ മൂക്കും വായും മറയുന്ന തരത്തില്‍ മാസ്‌ക് വയ്ക്കുകയും വേണം.
ശ്വസനപ്രക്രിയ സുഗമമാക്കാനും ശ്വാസനാളങ്ങളുടെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനും പുകവലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ശുദ്ധവായു ശ്വസിക്കുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പൊടിപടലങ്ങളും പുകയും ഉണ്ടാകുന്ന ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്യണം.
ലക്ഷണങ്ങള്‍
സിഒപിഡിയുടെ പ്രധാന ലക്ഷണം ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പും ശ്വാസതടസ്സവുമാണ്. ദീര്‍ഘനാള്‍ നില്‍ക്കുന്ന കഫത്തോടുകൂടിയും അല്ലാതെയുമുള്ള ചുമ അമിത ക്ഷീണം എന്നിവയും ലക്ഷണങ്ങളാണ്.
സ്‌പൈറോമെട്രി, ചെസ്റ്റ് എക്‌സ്‌റേ എന്നീ പരിശോധനകളിലൂടെയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. ചില അവസരങ്ങളില്‍ സി ടി സ്‌കാനും ആവശ്യമായി വരാറുണ്ട്.
ഇതൊക്കെയാണ് കാരണങ്ങള്‍
സിഒപിഡിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി, മറ്റു കാരണങ്ങള്‍ അന്തരീക്ഷ മലിനീകരണവും വിറകടുപ്പില്‍ നിന്നുണ്ടാകുന്ന പുക ശ്വസിക്കുന്നതുമാണ്. 40 വയസ്സു കഴിഞ്ഞവരിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ആസ്തമ കൃത്യമായി ചികിത്സിക്കാത്തവരിലും, രോഗം മൂര്‍ച്ഛിച്ച് സി ഒ പി ഡി യിലേക്ക് വഴിമാറാം.
ചികിത്സ
സിഒപിഡിയുടെ ചികിത്സ ശ്വാസനാളികളിലേക്ക് നേരിട്ട് നല്‍കുന്ന ബ്രോങ്കോ ഡയലേറ്റര്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ്. സിഒപിഡി ശ്വസനേന്ദ്രിയങ്ങളെക്കൂടാതെ ഹൃദയം, വൃക്ക, പേശികള്‍ എന്നിവയെയും ബാധിക്കാം. അതുകൊണ്ട് സിഒപിഡി രോഗികളെ ചികിത്സിക്കുമ്പോള്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കണം.
രോഗനിര്‍ണ്ണയവും ചികിത്സയും വൈകിയാല്‍ രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയുണ്ടായേക്കാം. ഈ സ്ഥിതിയിലുള്ള രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ഓക്‌സിജന്‍ നല്‍കേണ്ടിവരും. പുനരധിവാസ പ്രവര്‍ത്തനങ്ങളും ഈ ഒരവസ്ഥയില്‍ വളരെ പ്രധാനമാണ്. Lung Volume Reduction ശസ്ത്രക്രിയകളും പ്രത്യേക അവസരങ്ങളില്‍ ചെയ്തുവരുന്നു.
ഇന്‍ഹലേഷന്‍ തെറാപ്പി
സിഒപിഡിയില്‍ ഇന്‍ഹലേഷന്‍ തെറാപ്പി ഒരു പ്രധാന പങ്കുവഹിക്കുന്നു. പ്രായമായവരില്‍, മറ്റു രോഗങ്ങളുള്ളവരിലോ, ദുര്‍ബലമായ പേശികളോ, കൃത്യമായ കൈ-കണ്ണുകളുടെ ഏകോപനമോ ഇല്ലാത്ത രോഗികളില്‍, ഹാന്‍ഡ്-ഹെല്‍ഡ് ഇന്‍ഹേലറുകള്‍ ഉപയോഗിക്കാന്‍ പ്രയാസമാണ്, അതിനാല്‍, നെബുലൈസറുകള്‍ ഉപയോഗിക്കുന്നതാകും ഉത്തമം. ഹാന്‍ഡ്-ഹെല്‍ഡ് ഇന്‍ഹേലറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, നെബുലൈസറുകള്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്, കാരണം അവയ്ക്ക് കുറഞ്ഞ പരിശീലനമേ ആവശ്യമുള്ളൂ. കൂടാതെ ഹോം കെയറിന് ഉപയോഗപ്രദവുമാണ്. മാത്രമല്ല സിഒപിഡി മൂര്‍ച്ഛിച്ച രോഗികളില്‍ മെയിന്റനന്‍സ് തെറാപ്പിയായി ഇവ ഉപയോഗിക്കുന്നു.