സ്തനാര്‍ബുദം: ഇക്കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് അറിയാമോ?

കാന്‍സര്‍ അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനായി ഒക്ടോബര്‍ കാന്‍സര്‍ മാസമായി ഡബ്ല്യു.എച്ച്.ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

author-image
Web Desk
New Update
സ്തനാര്‍ബുദം: ഇക്കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് അറിയാമോ?

 

ഡോ.എസ്.പ്രമീളദേവി
കണ്‍സള്‍ട്ടന്റ്
ജനറല്‍ സര്‍ജറി
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

കാന്‍സര്‍ അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനായി ഒക്ടോബര്‍ കാന്‍സര്‍ മാസമായി ഡബ്ല്യു.എച്ച്.ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്താനാര്‍ബുദം 20 വയസിന് താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. സ്തനാര്‍ബുദത്തിന്റെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി ബാധിക്കുന്നതാണ്. ജനിതക കാരണങ്ങള്‍ക്കൊപ്പം നിരവധി ജീവിത സാഹചര്യങ്ങളും കാന്‍സറുണ്ടാക്കുന്നു.

പ്രതിരോധിക്കാവുന്നത്

അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് estradiol എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ കാന്‍സറിന് കാരണമായേക്കാം. കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു.
ആധുനിക ജീവിത സൗകര്യങ്ങളും അമിത ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മര്‍ദ്ദവും വിവിധതരം കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍സ്, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന കെമിക്കല്‍സ്, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉല്പന്നങ്ങളുടെ ഉപയോഗം, പാന്‍മസാല എന്നിവയെല്ലാം കാന്‍സറിന് കാരണമാകുന്നു.

പ്രതിരോധിക്കാന്‍ സാധിക്കാത്തത്

പ്രതിരോധിക്കാന്‍ കഴിയാത്തത് ജനിതകമായ കാരണങ്ങള്‍ ആണ്. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 5% പുരുഷന്മാരിലും കാണുന്നു.

ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ രോഗം ഉണ്ടാകാം. കാന്‍സറിനെ ജീവിതശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്.

സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാതരം കാന്‍സര്‍ രോഗങ്ങളും ആരംഭദശയില്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെയും കാന്‍സര്‍ വരാം.

മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന എല്ലാ സ്ത്രീകളും നടത്തണം.

സ്വയം പരിശോധന എപ്പോള്‍?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ?

കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷ ഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാന്‍സര്‍ കൊണ്ടല്ലെന്ന് ഉറപ്പുവരുത്തണം.

കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകള്‍ തുടക്കത്തില്‍ തന്നെ ഇങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും. മുലക്കണ്ണുകള്‍ അമര്‍ത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും കണ്ടുപിടിക്കാം.

മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാം തന്നെ കാന്‍സര്‍ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാന്‍സര്‍ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ ഒരു സര്‍ജനെ കാണിച്ച് കാന്‍സര്‍ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വേദന രഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാന്‍സറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാന്‍സറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോള്‍ ചികിത്സ സങ്കീര്‍ണമാകുന്നു.

ആരംഭത്തില്‍ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്താനര്‍ബുദത്തെ മറ്റു കാന്‍സറുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ചു ഭേദമാക്കാം.

 

Health health care prevention breast cancer breast cancer awareness