ഇന്ന് പലരും പ്രഭാത ഭക്ഷണവും അത്താഴവുമൊക്കെ വൈകി കഴിക്കാറോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നതില്‍ വിട്ടു വീഴ്ച ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ട്രസ്റ്റഡ് സോഴ്‌സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. രാവിലെത്തെയും രാത്രിയിലെയും ഭക്ഷണം ഏറെ വൈകി കഴിക്കുന്നത് ഹൃദയാഘാതത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇതിന്റെ അപകടസാധ്യത കൂടുതലെന്നും പഠനത്തില്‍ പറയുന്നു. 42 വയസ് പ്രായമുള്ള പത്ത് പേരിലായിരുന്നു പഠനം നടത്തിയത്. അതില്‍ എട്ടുപേരും സ്ത്രീകളായിരുന്നു. ഏകദേശം ഏഴ് വര്‍ഷത്തോളം ഇവരുടെ ഭക്ഷണ ശീലങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചതിന് ശേഷമാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ക്ക് നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളുമായി ബന്ധമുണ്ടെന്നും ഏത് സമയത്താണ് ഭക്ഷണം കഴിക്കുന്നതെന്നും വളരെ പ്രധാനപ്പെട്ടതാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രഭാത ഭക്ഷണം കഴിക്കാന്‍ വൈകുന്ന ഓരോ മണിക്കൂറിലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
ഏറെ വൈകി അത്താഴം കഴിക്കുന്നവരില്‍ സെറിബ്രോവാസ്‌കുലര്‍ എന്ന രോഗത്തിന് സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്ന ആളുകള്‍ക്ക് രാത്രി എട്ടു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നവരെ അപേക്ഷിച്ച് സെറിബ്രോവാസ്‌കുലര്‍ രോഗത്തിനുള്ള സാധ്യത 28 ശതമാനം കൂടുതലാണ്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നും കൃത്യസമയത്ത് കഴിക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിച്ചു.